Thu. May 2nd, 2024

പന്നിയുടെ വൃക്ക മനുഷ്യനില്‍; പരീക്ഷണം വിജയം

By admin Oct 21, 2021 #kidney transplntation
Keralanewz.com

വാഷിങ്ടണ്‍ ഡി.സി: പന്നിയുടെ വൃക്ക ആദ്യമായി മനുഷ്യശരീരത്തില്‍ പരീക്ഷിച്ചു. യു.എസിലെ ന്യൂയോര്‍ക് സര്‍വകലാശാലയുടെ ലാംഗോണ്‍ ഹെല്‍ത്തിലെ ഡോക്ടര്‍മാരാണ് വിജയകരമായി പരീക്ഷണം പൂര്‍ത്തിയാക്കിയത്. അവയവമാറ്റ ശസ്ത്രക്രിയ രംഗത്ത് വലിയ ചുവടുവെപ്പായാണ് പരീക്ഷണം വിലയിരുത്തപ്പെടുന്നത്.

മസ്തിഷ്ക മരണം സംഭവിച്ച സ്ത്രീയിലാണ് വൃക്കമാറ്റിവെക്കല്‍ പരീക്ഷണം നടത്തിയത്. സാധാരണയായി, മാറ്റിവെക്കുന്ന വൃക്കയെ പുറന്തള്ളാനുള്ള പ്രവണത സ്വീകര്‍ത്താവിന്‍റെ ശരീരം പ്രകടിപ്പിക്കും. എന്നാല്‍, ഇവരുടെ ശരീരം പന്നിയുടെ വൃക്കയെ ഉള്‍ക്കൊണ്ടതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ജനിതകമാറ്റം നടത്തിയ പന്നിയുടെ വൃക്കയാണ് മനുഷ്യശരീരത്തോട് ചേര്‍ത്തത്. രക്തപര്യയന വ്യവസ്ഥയുമായി കൂട്ടിച്ചേര്‍ത്തെങ്കിലും രോഗിയുടെ ശരീരത്തിന് പുറത്തായാണ് മൂന്ന് ദിവസം വൃക്ക സൂക്ഷിച്ചത്.

മസ്തിഷ്ക മരണം സംഭവിച്ച സ്ത്രീ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. വൃക്ക പ്രവര്‍ത്തന രഹിതമാകുന്ന ലക്ഷണങ്ങളും ഇവരിലുണ്ടായിരുന്നു. ജീവന്‍രക്ഷാ ഉപകരണങ്ങള്‍ മാറ്റുന്നതിന് മുന്നോടിയായി പന്നിയുടെ വൃക്ക മാറ്റിവെച്ചുള്ള പരീക്ഷണത്തിന് ഡോക്ടര്‍മാര്‍ കുടുംബത്തിന്‍റെ അനുമതി തേടുകയായിരുന്നു.

മാറ്റിവെച്ച വൃക്കയുടെ പ്രവര്‍ത്തനം സാധാരണനിലയിലാണെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. റോബര്‍ട്ട് മോണ്ട്ഗോമറി പറഞ്ഞു. സാധാരണഗതിയില്‍ ശരീരം പ്രകടിപ്പിക്കുന്ന പുറന്തള്ളല്‍ ഇവിടെയുണ്ടായിട്ടില്ല. മാറ്റിവെക്കുന്ന മനുഷ്യന്‍റെ വൃക്ക ഉല്‍പ്പാദിപ്പിക്കുന്നയത്ര അളവില്‍ മൂത്രം മാറ്റിവെച്ച പന്നിയുടെ വൃക്കയും ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. വൃക്ക പ്രവര്‍ത്തനരഹിതമായതിന്‍റെ ഫലമായി രോഗിയുടെ ക്രിയാറ്റിന്‍ ലെവല്‍ വര്‍ധിച്ചിരുന്നു. ഇത് സാധാരണനിലയിലെത്തിയതായും ഡോ. റോബര്‍ട്ട് മോണ്ട്ഗോമറി പറഞ്ഞു.

അവയവക്ഷാമത്തിന് പരിഹാരം കാണുന്നതിലേക്ക് ഈ പരീക്ഷണം വഴിതെളിക്കുമെന്നാണ് വൈദ്യശാസ്ത്രരംഗത്തിന്‍റെ പ്രതീക്ഷ. ലോകമെമ്ബാടുമായി ലക്ഷക്കണക്കിന് പേരാണ് മാറ്റിവെക്കാന്‍ വൃക്ക ലഭിക്കാതെ കഴിയുന്നത്.

മൃഗങ്ങളുടെ വൃക്ക മനുഷ്യരില്‍ പ്രവര്‍ത്തിക്കുമോയെന്ന സാധ്യതകള്‍ തേടിയുള്ള പരീക്ഷണം പതിറ്റാണ്ടുകളായി നടക്കുന്നുണ്ട്. അന്യ അവയവങ്ങളെ പുറന്തള്ളുന്ന പ്രവണത മനുഷ്യശരീരത്തിനുള്ളതാണ് പരീക്ഷണങ്ങള്‍ക്ക് തിരിച്ചടിയായിരുന്നത്. എന്നാല്‍, പുറന്തള്ളലിന് കാരണമാകുന്ന പന്നിയുടെ ജീനില്‍ ജനിതകവ്യതിയാനം വരുത്തിയാണ് ഇപ്പോള്‍ വൃക്ക മാറ്റിവെക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്.

മസ്തിഷ്ക മരണം സംഭവിച്ചയാളില്‍ പന്നിയുടെ വൃക്ക പരീക്ഷിക്കുന്നതിനു മുമ്ബായി മെഡിക്കല്‍ എത്തിക്സ്, നിയമകാര്യ, മതകാര്യ വിദഗ്ധരുമായി ഡോക്ടര്‍മാര്‍ ചര്‍ച്ച നടത്തിയിരുന്നു.

വൃക്ക തകരാറിന്‍റെ അവസാന ഘട്ടത്തിലെത്തിയ രോഗികളില്‍ അടുത്ത രണ്ടുവര്‍ഷത്തിനകം പന്നിയുടെ വൃക്കമാറ്റിവെക്കുന്ന പരീക്ഷണം നടത്താനാകുമെന്ന് ഡോ. റോബര്‍ട്ട് മോണ്ട്ഗോമറി പറയുന്നു. അങ്ങേയറ്റം ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക്, മാറ്റിവെക്കാന്‍ മനുഷ്യന്‍റെ വൃക്ക ലഭിക്കുംവരെയോ അല്ലെങ്കില്‍ സ്ഥിരമായോ പന്നിയുടെ വൃക്ക ഉപയോഗിക്കാം. മനുഷ്യശരീരത്തിന് പുറത്ത് വെറും മൂന്ന് ദിവസത്തേക്ക് മാത്രം വൃക്ക സൂക്ഷിച്ചുകൊണ്ടുള്ള പരീക്ഷണമാണ് ഇപ്പോള്‍ നടന്നത്. പുതിയ പരീക്ഷണങ്ങളിലൂടെ മാത്രമേ ഇതിന്‍റെ പുതിയ പ്രതിസന്ധികളും അവ മറികടക്കാനുള്ള മാര്‍ഗവും കണ്ടെത്താനാകൂവെന്നും ഡോ. റോബര്‍ട്ട് മോണ്ട്ഗോമറി പറഞ്ഞു.

Facebook Comments Box

By admin

Related Post