Wed. May 15th, 2024

ഇടുക്കി ജില്ലയെ അതിതീവ്ര വരൾച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിക്കണം ; കേരള യൂത്ത് ഫ്രണ്ട് (എം)

Keralanewz.com

ചെറുതോണി : ഇടുക്കി ജില്ല ഉൾപ്പെടെയുള്ള സംസ്ഥാനത്തെ വരൾച്ച നേരിടുന്ന പ്രദേശങ്ങളെ അതി തീവ്ര വരൾച്ചാ ബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കണമെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിലെ ഏറ്റവും കനത്ത ചൂടാന്ന് സംസ്ഥാനത്ത് നേരിടുന്നത്. വേനൽ മഴ തീരെ ലഭിക്കാത്തത് വരും ദിവസങ്ങളിൽ താപനില ക്രമാതീതമായി വർദ്ധിക്കുന്നതിന് ഇടയാക്കും.

          വേനൽ കടുത്തതോടെ കുടിവെള്ളക്ഷാമം ജില്ലയിൽ അതിരൂക്ഷമായിരിക്കുകയാണ്. കനത്ത ചൂടിൽ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. ജനജീവിതം വിവിധ തലങ്ങളിൽ ദുസഹം ആയിരിക്കുന്ന സാഹചര്യത്തിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർ കനത്ത ചൂടിനെ അതിജീവിക്കുവാൻ നന്നേ പാടുപെടുകയാണ്.

       അതോടൊപ്പം ഏലം, കുരുമുളക് , തന്നാണ്ടു കൃഷികൾ ,ക്ഷീര മേഖല ഉൾപ്പെടെയുള്ള കൃഷികൾ അപ്പാടെ നശിച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ കാർഷിക മേഖല ആകെ തകർന്നടിഞ്ഞിരിക്കുകയാണ്. 

     കാർഷിക മേഖലയിൽ ഏറ്റവും പ്രതിസന്ധി നേരിടുന്ന ഏലം കൃഷി അപ്പാടെ നശിച്ചിരിക്കുന്നതിനാൽ ചെറുകിട കർഷകരും തോട്ടങ്ങളും ഏലം റിപ്ലാൻറ് ചെയ്യേണ്ട അവസ്ഥയിൽ എത്തിച്ചേർന്നിരിക്കുന്ന ഈ സാഹചര്യത്തിൽ ജില്ലയെ പ്രത്യേക വരൾച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ച് കർഷകർക്ക് ആശ്വാസം നൽകുന്ന പദ്ധതികൾക്ക് രൂപം നൽകേണ്ടത് അനിവാര്യമാണ്. കൃഷിക്കാർ എടുത്തിട്ടുള്ള കാർഷിക വായ്പകൾക്ക് പലിശരഹിത മോറിട്ടോറിയം പ്രഖ്യാപിക്കുകയും ബാങ്കുകളുടെ  ജപ്തി നടപടികൾ നിർത്തി വയ്ക്കേണ്ടതുമാണ്. അതോടൊപ്പം കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ സബ്സിഡി സ്കീമുകളും മറ്റ് ഇതര സഹായങ്ങളും പ്രത്യേക പാക്കേജ് ആയി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച് നടപ്പിൽ വരുത്തണം. ക്ഷീരകർഷകരെ സഹായിക്കുന്നതിന് ആവശ്യമായ ഇതര പദ്ധതികൾ രൂപം നൽകി ക്ഷീര മേഖലയെ നിലനിർത്താൻ സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തണം.

     വനമേഖലയിൽ  ജലത്തിൻറെ ദൗർലഭം കടുത്തതോടെ വന്യജീവികൾ കുടിവെള്ളം തേടി ജനവാസ മേഖലയിലും , കൃഷിയിടങ്ങളിലും ഇറങ്ങുന്നത് വലിയ കൃഷിനാശങ്ങൾക്കും ജനജീവിതം ദുസഹമാക്കുന്നതിനും ഇടയാക്കുന്നുണ്ട്   .  അനിയന്ത്രിതമായ വേനൽ ചൂടിൽ കാട്ടുതീ പടരുന്നതും വലിയ ആശങ്കകൾ സൃഷ്ടിക്കുന്നു. ഇവയെല്ലാം അതിജീവിക്കുന്നതിന് വേണ്ടിയുള്ള  ശക്തമായ നടപടികൾ സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന്  യൂത്ത് ഫ്രണ്ട് (എം) ഇടുക്കി ജില്ലാ പ്രസിഡണ്ട് ജോമോൻ പൊടിപാറ ആവശ്യപ്പെട്ടു.
Facebook Comments Box

By admin

Related Post