National NewsKerala NewsLocal NewsPolitics

മുഖ്യമന്ത്രി ഉള്‍പ്പെട്ട എസ്‌എൻസി ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിച്ചേക്കും

Keralanewz.com

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടുന്ന എസ്‌എന്‍സി ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും.

110ാം നമ്ബർ കേസായി ലാവ്‌ലിൻ കേസ് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരരുടെ ബെഞ്ചാണ് കേസിലെ ഹർജി പരിഗണിക്കുന്നത്. അന്തിമവാദത്തിനായി കേസ് പട്ടികയിലുണ്ടായിരുന്നെങ്കിലും കഴിഞ്ഞദിവസം പരിഗണിക്കാതെ കോടതി മാറ്റിവച്ചിരുന്നു.

പല വട്ടം സുപ്രീം കോടതിയില്‍ ലാവ്‌ലിന്‍ കേസ് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും ഓരോ തവണയും കേസ് മാറ്റിവയ്‌ക്കുകയായിരുന്നു. വിവിധ ഘട്ടങ്ങളില്‍ സിബിഐ തന്നെ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലും കേസ് മാറ്റിവച്ചു. ഈ വര്‍ഷം ഫെബ്രുവരി ആറിനാണ് ലാവ്‌ലിന്‍ കേസ് ഏറ്റവും ഒടുവിലായി പരിഗണിച്ചത്.

1996ലെ നായനാര്‍ സര്‍ക്കാരില്‍ അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍, ഊര്‍ജവകുപ്പ് മുന്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ ജോയന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ സമർപ്പിച്ച അപ്പീലാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. 2017ലാണ് ഹൈക്കോടതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കേസില്‍ നിന്ന് കുറ്റവിമുക്തരാക്കിയത്.

വിചാരണ നേരിടണമെന്ന് കോടതി വിധിച്ച വൈദ്യുതിബോര്‍ഡ് മുന്‍ സാമ്ബത്തിക ഉപദേഷ്ടാവ് കെ.ജി.രാജശേഖരന്‍ നായര്‍, ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനിയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവരുടെ ഇളവ് തേടിയ ഹര്‍ജിയും ഇതിനൊപ്പം കോടതി പരിഗണിക്കുന്നുണ്ട്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്‌എന്‍സി ലാവലിന്‍ കമ്ബനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതിലൂടെ 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.

Facebook Comments Box