Fri. May 17th, 2024

ചില്ലറയെച്ചൊല്ലിയുള്ള തര്‍ക്കം; കണ്ടക്‌ടര്‍ ബസില്‍ നിന്ന് ചവിട്ടിത്തള്ളിയിട്ട വയോധികൻ മരിച്ചു

By admin May 2, 2024
Keralanewz.com

തൃശൂർ: ചില്ലറയെച്ചൊല്ലിയുള്ള തർക്കത്തിനിടെ കണ്ടക്‌ടറുടെ ക്രൂരമർദ്ദനത്തിനിരയായ വയോധികൻ മരിച്ചു. കരുവന്നൂർ സ്വദേശി പവിത്രൻ (68) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

തൃശൂർ- കൊടുങ്ങല്ലൂർ റൂട്ടിലോ‌ടുന്ന ശാസ്‌താ ബസിന്റെ കണ്ടക്‌ടർ ഊരകം സ്വദേശി രതീഷാണ് വയോധികനെ മർദ്ദിച്ചത്. ഏപ്രില്‍ രണ്ടിന് ഉച്ചയ്ക്ക് 12ഓടെ പുത്തൻതോപ്പ് ബസ് സ്റ്റോപ്പിന് സമീപത്തുവച്ചായിരുന്നു സംഭവം.

സംഭവത്തെക്കുറിച്ച്‌ യാത്രക്കാർ പറയുന്നതിങ്ങനെ: കരുവന്നൂർ രാജാകമ്ബനിയുടെ സമീപത്തുനിന്നാണ് പവിത്രൻ ബസില്‍ കയറിയത്. ബംഗ്ളാവിനടുത്തുള്ള കെ എസ് ഇ ബി ഓഫീസില്‍ വൈദ്യുതി ബില്ലടയ്ക്കാൻ പോവുകയായിരുന്നു അദ്ദേഹം. ടിക്കറ്റ് എടുക്കാൻ പവിത്രൻ 10 രൂപ നല്‍കിയപ്പോള്‍ 13 രൂപയാണ് ചാർജ് എന്ന് കണ്ടക്‌ടർ പറഞ്ഞു. പവിത്രൻ കൈവശമുണ്ടായിരുന്ന 500 രൂപ നല്‍കി. തിരിച്ച്‌ 480 രൂപയാണ് രതീഷ് നല്‍കിയത്. ബാക്കി തുകയുടെ പേരില്‍ തർക്കമുണ്ടായി. ഇതിനിടെ പവിത്രന് ഇറങ്ങേണ്ട സ്റ്റോപ്പ് കഴിയുകയും ചെയ്തു. തുടർന്ന് പുത്തൻത്തോപ്പ് സ്റ്റോപ്പ് എത്തിയപ്പോള്‍ ഇറങ്ങാൻ ശ്രമിച്ച പവിത്രനെ രതീഷ് പിന്നില്‍ നിന്ന് ചവിട്ടിത്തള്ളിയിടുകയായിരുന്നു. റോഡരികിലെ കല്ലില്‍ തലയിടിച്ചാണ് പവിത്രൻ വീണത്. വീണുകിടന്ന പവിത്രനെ കണ്ടക്‌ടർ വീണ്ടും മർദ്ദിക്കുകയും ചെയ്തു.

സംഭവം കണ്ട നാട്ടുകാരാണ് രതീഷിനെ പിടിച്ചുമാറ്റി പവിത്രനെ ആശുപത്രിയില്‍ എത്തിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയില്‍ കഴിയുകയായിരുന്നു പവിത്രൻ. സംഭവദിവസം നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി കണ്ടക്‌ടറെയും ബസിനെയും കസ്റ്റഡിയിലെടുത്തിരുന്നു. പവിത്രന്റെ മരണത്തില്‍ രതീഷിനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.

Facebook Comments Box

By admin

Related Post