Mon. Apr 29th, 2024

ഒമിക്രോണ്‍ വകഭേദം: ഡോക്ടറുടെ പേരില്‍ വാട്‌സാപ്പില്‍ പ്രചരിക്കുന്ന ആ സന്ദേശം വ്യാജം, പരാതി നല്‍കി

By admin Nov 30, 2021 #fake news
Keralanewz.com

കോഴിക്കോട്: കോവിഡ് വ്യാപനം തുടങ്ങിയത് മുതല്‍ ലോകം നേരിടുന്ന വലിയ പ്രശ്‌നങ്ങളിലൊന്നാണ് വ്യാജവാര്‍ത്തകള്‍.

കോവിഡ് രോഗത്തെക്കുറിച്ചും വാകിസിനേഷനെക്കുറിച്ചും വ്യാജവും ശാസ്ത്രീയ അടിത്തറയില്ലാത്തതുമായ നിരവധി പ്രചരണങ്ങളാണ് ഇന്റര്‍നെറ്റിലും സാമൂഹ്യ മാധ്യമങ്ങളിലും നടക്കുന്നത്. ഇതിന്റെ അപകടം തിരിച്ചറിഞ്ഞ ലോകാരോഗ്യ സംഘടന തന്നെ ഇത്തരം വസ്തുതാപരമല്ലാത്ത പ്രചരണങ്ങളില്‍ ഔദ്യോഗിക വിശദീകരണം നല്‍കിക്കൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ ഒരു ഇടവേളയ്ക്കുശേഷം കോവിഡ് ഭീതി വീണ്ടും ജനങ്ങളിലുയരുകയാണ്. കൊറോണ വൈറസിന്റെ ഒമിക്രോണ്‍ എന്ന വകഭേദം കൂടുതല്‍ അപകടകാരിയാണെന്നും ജാഗ്രത പാലിക്കണമെന്നുമുളള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് വീണ്ടും കോറോണയെക്കുറിച്ചുളള ഭയം ആളുകളിലുണ്ടായിരിക്കുന്നത്. അതിനിടെയാണ് ഒരു വ്യാജ സന്ദേശം വാട്‌സാപ്പില്‍ പ്രചരിക്കാന്‍ തുടങ്ങിയത്
.
കോഴിക്കോട് ആസ്റ്റര്‍ മിംസിലെ എമര്‍ജന്‍സി വിഭാഗം മേധാവി ഡോ.പി.പി. വേണുഗോപാലിന്റെ പേരിലായിരുന്നു ആ സന്ദേശം. എന്നാല്‍ ഇത് തന്റെ വാക്കുകളല്ലെന്നും ഈ സന്ദേശവുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പേരില്‍ വ്യാജസന്ദേശം പ്രചരിപ്പിക്കുന്നതിനെതിരെ പോലീസില്‍ പരാതി പല്‍കിയിരിക്കുകയാണദ്ദേഹം. ഇതിന് മുമ്ബും ഡോ.വേണുഗോപാലിന്റെ പേരില്‍ കോവിഡുമായി ബന്ധപ്പെട്ട വ്യാജ സന്ദേശം പ്രചരിപ്പിക്കപ്പെട്ടിരുന്നു.

ഒരു ഡോക്ടറുടെ മേല്‍വിലാസത്തിലുളള സന്ദേശമായതിനാല്‍ ഇതിന് വലിയ പ്രചാരമാണ് കിട്ടുന്നത്. ‘മുന്‍ കരുതല്‍ സന്ദേശം’ എന്ന തലക്കെട്ടിലുളള കുറുപ്പില്‍ കോവിഡ് ഡെല്‍റ്റാ വകഭേദത്തെക്കുറിച്ചും,അതിന്റെ വ്യാപനം ,മുന്‍കരുതലുകള്‍ എന്നിവയെല്ലാം വിശദമാക്കുന്നുണ്ട്.

കേള്‍ക്കുമ്ബോള്‍ ഉപകാരപ്രദമെന്ന് തോന്നുമെങ്കിലും ആ സന്ദേശത്തില്‍ പറയുന്ന കാര്യങ്ങള്‍ക്ക് യാതൊരു അടിത്തറയുമില്ലെന്ന് ഡോ.പി.പി വേണുഗോപാല്‍ പറയുന്നു. ആളുകളെ പരിഭ്രാന്തിയിലാക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരാണ് ഇതിന് പുറകിലുളളതെന്നും പറയുന്ന കാര്യങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കുന്നതിനുവേണ്ടിയാണ് ഒരു മുതിര്‍ന്ന ഡോക്ടറായ തന്റെ പേരില്‍ സന്ദേശം പ്രചരിപ്പിക്കുന്നതെന്നും ഡോക്ടര്‍ പറഞ്ഞു.

പോലീസിന്റെ അന്വോഷണത്തില്‍ ഇത് ഡല്‍ഹിയില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട സന്ദേശമാണെന്നും ഗൂഗിള്‍ ട്രാന്‍സിലേറ്റ് വഴി മൊഴിമാറ്റിയ ഇതിന്റെ പതിപ്പാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും കണ്ടെത്തി. ഫെയ്‌സ്ബുക്ക്,ട്വിറ്റര്‍ എന്നിവയില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍ വാട്‌സാപ്പില്‍ പ്രചരിക്കുന്നത് നിയന്ത്രിക്കുവാന്‍ സാധിക്കുന്നില്ല എന്നാണ് പോലീസ് പറയുന്നത്.

Facebook Comments Box

By admin

Related Post