Sun. Apr 28th, 2024

ചെറുകിട വ്യവസായ മേഖലയെ സംരക്ഷിക്കുവാൻ ഉത്തേജന പാക്കേജ് കൊണ്ടുവരണം ; കേരള കോൺഗ്രസ് (എം)

By admin Jan 24, 2022 #news
Keralanewz.com

തൊടുപുഴ: കോവിഡ് മഹാമാരി മൂലമുണ്ടായ വ്യാപാര മാന്ദ്യത്തെ തുടർന്ന് പ്രതിസന്ധിയിലായ ചെറുകിട വ്യവസായ മേഖലയെ സംരക്ഷിക്കുവാൻ സർക്കാർ പുതിയ ബജറ്റിലൂടെ ഉത്തേജന പാക്കേജ് കൊണ്ടുവരണമെന്ന് കേരള കോൺഗ്രസ്എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വ്യാപാര വ്യവസായ മേഖലയുടെ അടിത്തറ കേരളത്തിലെ പതിനായിരക്കണക്കിന് വരുന്ന ചെറുകിട വ്യവസായങ്ങളാണ്. ആയിരക്കണക്കിന് തൊഴിലാളികൾക്ക് പ്രതിദിനം തൊഴിൽ നൽകുന്ന ചെറുകിട വ്യവസായമേഖല അതിജീവനത്തിനായി ഊർദ്ധശ്വാസം വലിക്കുകയാണ്.

സർക്കാർ ചെറുകിട വ്യവസായ മേഖലയുടെ പുനരുദ്ധാരണത്തിന് വേണ്ടി നിരവധി പാക്കേജുകൾ മുൻപ് കൊണ്ടു വന്നിട്ടുണ്ടെങ്കിലും അതിൻറെ ഗുണം വ്യവസായ മേഖലയ്ക്ക് കോവിഡ് മഹാമാരി ഉയർത്തിയ പ്രതിസന്ധികളെ തുടർന്നു ലഭിക്കാതെ പോയി. വിവിധ തരം ലൈസൻസ് ഫീസ് കുത്തനെ ഉയർന്ന കറണ്ട്,വാട്ടർ ചാർജുകൾ, ജി എസ്.ടി , അസംസ്കൃത വസ്തുക്കളുടെ വില യിൽ ഉണ്ടായ ഭീമമായ വർധനവ് തുടങ്ങിയവയെല്ലാം ചെറുകിട വ്യവസായ മേഖലയുടെ നട്ടെല്ലൊടിച്ചു.കേരളത്തിലെ വ്യവസായ സൗഹൃദാന്തരീക്ഷം നിലനിർത്താൻ അക്ഷീണം പ്രയത്നിക്കുന്ന കേരള സർക്കാർ. ചെറുകിടവ്യവസായ മേഖലയുടെ പുനരുദ്ധാരണത്തിന് വേണ്ടി ഉത്തേജന പാക്കേജ് നടപ്പിലാക്കണം. ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകളിൽ ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് സ്ഥലം ലഭ്യമാക്കണം, മുട്ടത്തെ വ്യവസായ പാർക്ക് നിർദിഷ്ട സ്പൈസസ് പാർക്ക് ആക്കി മാറ്റിയ സാഹചര്യത്തിൽ ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് 40 ശതമാനം പരിഗണന ലഭ്യമാക്കണം.

ലൈസൻസിനായി സ്ഥിരമായി ഏകജാലക സംവിധാനവും.പലിശരഹിത വായ്പാ പദ്ധതിയും കൊണ്ട് വരണമെന്നും നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.ഉടമസ്ഥാവകാശം മാറുമ്പോൾ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കപ്പെടുന്ന അപരിഷ്കൃതമായ നിയമം പിൻവലിക്കണം.

ഒരു സംരംഭത്തിന് ലൈസൻസ് നൽകുമ്പോൾ. അ സാമ്പത്തിക വർഷം മുഴുവൻ ബാധകമാക്കി മാറ്റണം. ബാങ്ക് വായ്പയെടുത്ത് ജപ്തി നേരിടുമ്പോൾ നിൽക്കകള്ളിയില്ലാതെ സ്ഥാപനം നഷ്ടം സഹിച്ച് മറ്റൊരാൾക്ക് മറിച്ചു വിൽക്കുമ്പോൾ ഒരു സാമ്പത്തിക വർഷത്തിനുള്ളിൽ പുതിയ ഉടമയും വിവിധ ലൈസൻസുകൾ എടുക്കണമെന്ന നിയമമാണ് നില നില്ക്കുന്നത്.ഇത് മൂലം സ്ഥാപനം ഏറ്റെടുക്കാൻ പോലും പലരും തയ്യാറാകുന്നില്ല. ചെറുകിട വ്യവസായ മേഖലയെ തകർക്കുന്ന കാലഹരണപ്പെട്ട വാടക, തൊഴിൽ നിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കണമെന്നും നിയോജകമണ്ഡലം നേതൃ യോഗം ആവശ്യപ്പെട്ടു. പാർട്ടി നിയോജക മണ്ഡലം പ്രസിഡണ്ട് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷതവഹിച്ചു. നേതാക്കളായ പ്രൊഫ കെ ഐ ആൻറണി, അഗസ്റ്റിൻ വട്ടക്കുന്നേൽ റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, ആമ്പൽ ജോർജ്,അപ്പച്ചൻ ഓലിക്കരോട്ട്, അഡ്വ ബിനു തോട്ടുങ്കൽ, മാത്യു വാരിക്കാട്ട്, ബെന്നി പ്ലാക്കൂട്ടം, ജോസ് കവിയിൽ തുടങ്ങിയവർ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post