Mon. Apr 29th, 2024

സെക്രട്ടേറിയറ്റില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി; സന്ദര്‍ശകര്‍ക്കും ജീവനക്കാര്‍ക്കും കടുത്ത നിയന്ത്രണം

By admin Jul 13, 2021 #news
Keralanewz.com

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍. സന്ദര്‍ശകര്‍ക്കും ജീവനക്കാര്‍ക്കും സെക്രട്ടേറിയറ്റില്‍ പ്രവേശിക്കാന്‍ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സെക്രട്ടേറിയറ്റിന്റെ സുരക്ഷാ സംവിധാനം നിലനിര്‍ത്തിക്കൊണ്ടാണ് നിയന്ത്രണങ്ങളെന്ന് പൊതുഭരണ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു

മന്ത്രിമാരുടെയും വകുപ്പ് തലവന്‍മാരുടെയും ഓഫീസുകളിലേക്ക് ഉള്ള പ്രവേശനം രേഖകളുടെ പരിശോധനകള്‍ക്കുശേഷം മാത്രമായിരിക്കും. അല്ലെങ്കില്‍ അണ്ടര്‍ സെക്രട്ടറിക്ക് മുകളിലുള്ള ഉദ്യോഗസ്ഥന്റെ ശുപാര്‍ശ വേണം. ഇതിലേതെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ സന്ദര്‍ശക കേന്ദ്രങ്ങളില്‍നിന്ന് സന്ദര്‍ശക പാസ് അനുവദിക്കുക. സന്ദര്‍ശ പാസിന് ശുപാര്‍ശ ചെയ്യുന്ന ഉദ്യോഗസ്ഥരുടെ പേര് പാസിലും രജിസ്റ്ററിലും രേഖപ്പെടുത്തണം. പാസില്ലാതെ വരുന്ന സന്ദര്‍ശകനാണെങ്കില്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന ഓഫീസില്‍ വിളിച്ച്‌ ഉറപ്പുവരുത്തിയശേഷം മാത്രമേ പാസ് അനുവദിക്കാവൂ എന്നാണ് നിര്‍ദേശം.

സെക്രട്ടേറിയറ്റ് മെയിന്‍ ബ്ലോക്കില്‍ വരുന്ന സന്ദര്‍ശകരെ ഒരു സന്ദര്‍ശക കേന്ദ്രത്തില്‍ നിന്ന് മറ്റൊരു സന്ദര്‍ശക കേന്ദ്രത്തിലേക്ക് പ്രവേശന പാസിനായി അയക്കാന്‍ പാടില്ല.

സെക്രട്ടേറിയറ്റിന് ഉള്ളിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതിനും കടുത്ത നിയന്ത്രണം ഉണ്ടാകും. വിഐപി വാഹനങ്ങള്‍, സര്‍ക്കാര്‍ വാഹനങ്ങള്‍, സെക്രട്ടേറിയറ്റ് പാസ് പതിച്ച വാഹനങ്ങള്‍ എന്നിവയ്ക്ക് കന്റോണ്‍മെന്റ് ഗേറ്റുവഴി സെക്രട്ടേറിയറ്റിന് അകത്തേക്കും പുറത്തേക്കും സഞ്ചരിക്കാനാവും. വൈഎംസിഎ ഗേറ്റ് വഴിയാകും ഇരുചക്രവാഹനങ്ങള്‍ക്ക് വരാനും പോകാനും സൗകര്യമൊരുക്കുക.

സെപ്തംബര്‍ 30ന് മുമ്ബ് എല്ലാ ജീവനക്കാരും വാഹന പാസ് വാങ്ങണമെന്നാണ് നിര്‍ദ്ദേശം. വാഹന പാസ് ഇല്ലെങ്കില്‍ ജീവനക്കാരുടെ വാഹനങ്ങള്‍ക്കും പ്രവേശനം ഉണ്ടാകില്ല. കാല്‍നടയായി സെക്രട്ടേറിയറ്റിന് അകത്തേക്കും പുറത്തേക്കും സഞ്ചരിക്കുന്ന ജീവനക്കാര്‍ കന്റോണ്‍മെന്റിനു സമീപത്തെ ചെറിയ ഗേറ്റോ സന്ദര്‍ശക സഹായ കേന്ദ്രമോ ഉപയോഗിക്കാനാണ് നിര്‍ദേശം.

വാഹനങ്ങളുടെ പുറത്തേക്ക് മാത്രമുള്ള സഞ്ചാരവും ഇരുചക്രവാഹനങ്ങളുടെ അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരവും സന്ദര്‍ശകരുടെ അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരവും വൈഎംസിഎ ഗേറ്റ് വഴിയായിരിക്കും. എല്ലാ ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കാണാനാകുന്ന തരത്തില്‍ തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണം. എന്നാണ് മറ്റൊരു നിര്‍ദ്ദേശം. തിരിച്ചറിയല്‍കാര്‍ഡ് ധരിക്കാത്ത ജീവനക്കാരെയും അകത്തേക്ക് പ്രവേശിപ്പിക്കില്ല

ആഭ്യന്തരവകുപ്പില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താന്‍ വരുന്ന സന്ദര്‍ശകരെ സൗത്ത് സന്ദര്‍ശക സഹായകേന്ദ്രം വഴി അകത്തേക്ക് കടത്തി വിടണമെന്നും നിര്‍ദേശമുണ്ട്. നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നതോടെ പൊതുജനങ്ങള്‍ക്ക് അത്യാവശ്യ കാര്യങ്ങള്‍ക്കു സെക്രട്ടേറിയറ്റില്‍ പ്രവേശിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാകും.

Facebook Comments Box

By admin

Related Post