Mon. Apr 29th, 2024

രണ്ടാമതൊരു ലോകസഭാ സീറ്റിനായി കേരള കോൺഗ്രസ് (എം) എൽ.ഡി.എഫിൽ ആവശ്യമുന്നയിച്ചു ;പത്തനംതിട്ട ഉന്നം വച്ചാണ് സമ്മർദം ശക്തമാക്കുന്നത് സീറ്റ് ലഭിച്ചാൽ മാലേത്ത് പ്രതാപചന്ദ്രൻ മത്സരിച്ചേക്കും

By admin Dec 19, 2023 #KCM #Maleth #Pathanamthitta
Keralanewz.com

പത്തനംതിട്ട: കേരള കോൺഗ്രസ് എം ഇടത് മുന്നണിയിലെ മൂന്നാമത്തെ പ്രധാന കക്ഷിയാണ്. കോട്ടയം പോലെ തന്നെ ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് പത്തനംതിട്ട. പത്തനംതിട്ട ലോകസഭാ മണ്ഡലത്തിലെ മൂന്ന് നിയമസഭ സീറ്റുകൾ കൈവശം വച്ചിരിക്കുന്നത് കേരള കോൺഗ്രസ് എമ്മാണ് . പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, റാന്നി എന്നിവയാണ് അവ. കേരള കോൺഗ്രസ് പാർട്ടിക്ക് ശക്തമായ വേരോട്ടമുള്ള പത്തനംതിട്ട ലോകസഭാ മണ്ഡലത്തിൽ ഒരു ഹിന്ദു സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചാൽ മണ്ഡലം തിരിച്ചുപിടിക്കാൻ സാധിക്കും എന്ന് പാർട്ടി കരുതുന്നു

ഒരു ഫയൽ ചിത്രം 👇

എൻഎസ്എസിനും എസ്എൻഡിപി ക്കും ക്രൈസ്തവ സഭയ്ക്കും ഏറെ വേരോട്ടമുള്ള മണ്ഡലത്തിൽ പെന്തക്കോസ്ത്, മാർത്തോമ്മാ, ക്നാനായ വിഭാഗത്തിനും വേരുകൾ ഉണ്ട്. പത്തനംതിട്ട ലോകസഭാ മണ്ഡലത്തിൽ ഏറ്റവും യോഗ്യനായ സ്ഥാനാർത്ഥി കാഞ്ഞിരപ്പള്ളി എംഎൽഎ ഡോക്ടർ എൻ ജയരാജ് ആണ്. പക്ഷേ ക്യാബിനറ്റ് റാങ്ക് വഹിക്കുന്ന പദവി കൈവശമുള്ള അദ്ദേഹത്തിന് പത്തനംതിട്ട ലോകസഭാ മണ്ഡലത്തിൽ മത്സരിക്കുവാൻ താല്പര്യമില്ല. കൂടാതെ ലോകസഭാ തിരഞ്ഞെടുപ്പിന് കുറഞ്ഞത് എട്ടൊൻപത്കോടി രൂപയെങ്കിലും കൈവശം വേണം താനും. ഇത്രയും തുകയിൽ കേവലം ഒന്നോ രണ്ടോ കോടി രൂപ മാത്രമാണ് പാർട്ടി നൽകുക. ബാക്കി സ്ഥാനാർത്ഥിയും മുന്നണിയും സമാഹരിക്കേണ്ടിവരും. സാമ്പത്തികമായി ഏറെ പ്രതിസന്ധിയിൽ ആയിരിക്കുന്ന എംഎൽഎക്ക് ഇതിനു കഴിയില്ല. ആയതിനാൽ അദ്ദേഹം സ്വയം പിൻവാങ്ങുകയായിരുന്നു എന്നാണ് അറിവ്.

മറ്റൊരു സ്ഥാനാർത്ഥിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചപ്പോൾ ആദ്യമായി എത്തിയ പേര് പാർട്ടിയുടെ സെക്രട്ടറിയേറ്റ് മെമ്പറും മീഡിയയുടെ സഹ ചുമതലക്കാരനും ജോസ് കെ മാണിയുടെ വിശ്വസ്തനുമായി മാറിയിരിക്കുന്ന മാലേത്ത് പ്രതാപചന്ദ്രൻ എന്ന വ്യക്തിയുടെ ആയിരുന്നു. ആറന്മുള മുൻ എംഎൽഎ മാലേത്ത് സരളാ ദേവിയുടെ സഹോദരനും കേരള കോൺഗ്രസിന്റെ ആദ്യകാല എംഎൽഎ ഗോപിനാഥപിള്ളയുടെ മകനുമാണ് അദ്ദേഹം. കൂടാതെ പിസി ജോർജ് വിഭാഗത്തിന്റെ മുൻ നേതാവ് എന്ന നിലയിൽ ജനപക്ഷം അണികളുമായി നല്ല ബന്ധത്തിലാണ് അദ്ദേഹം. പിസി ജോർജുമായി മാനസികമായി ആകന്ന് മാണി ഗ്രൂപ്പിൽ എത്തിയെങ്കിലും ഷോൺ ജോർജുമായ് വ്യക്തി ബന്ധം തുടരുന്ന വ്യക്തിയാണ് അദ്ദേഹം. ഇപ്പോഴും ഷോണിൻറെ ഫാം ഹൗസിലെ സ്ഥിരം സന്ദർശകനാണ് അദ്ദേഹം

കോൺഗ്രസുമായി അടുത്ത ബന്ധവും ബിജെപിയുടെ പല നേതാക്കളുമായി രഹസ്യബന്ധവും പുലർത്തുന്ന അദ്ദേഹത്തിന് മികച്ച വിജയ സാധ്യതയാണ് ഉള്ളത്. മീഡിയ കൈകാര്യം ചെയ്യുന്നതിൽ അതിശയിപ്പിക്കുന്ന പ്രാഗല്ഭ്യം അദ്ദേഹം ഇതിനോടകം തെളിയിച്ചിട്ടുണ്ട്. പ്രഭാഷകനും സർവ്വോപരി വ്യക്തിപരമായി മികച്ച പ്രതിച്ഛായയും ഉണ്ട്. നായർ സമുദായം എന്ന നിലയിൽ എൻഎസ്എസ് ജന സെക്രട്ടറി ജി സുകുമാരൻ നായരുടെ ഉറ്റമിത്രമാണ്. എൻഎസ്എസിന്റെ പിന്തുണ കൂടാതെ എസ്എൻഡിപിയുടെ പിന്തുണയും ഇദ്ദേഹത്തിന് ലഭിക്കാൻ സാധ്യതയുണ്ട്. തുഷാർ വെള്ളാപ്പള്ളി യുമായും സുഭാഷ് വാസുവുമായും ഉള്ള വ്യക്തിബന്ധം വോട്ടായി മാറുവാൻ കഴിഞ്ഞാൽ പ്രതാപൻ മണ്ഡലത്തിൽ അത്ഭുതം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. പക്ഷേ പ്രതാപന് സീറ്റ് കൊടുക്കുന്നതിനോട് കേരള കോൺഗ്രസിലെ ഒരു വിഭാഗത്തിന് യോജിപ്പില്ല

. ജോസ് കെ മാണിയെയും കെഎം മാണിയെയും വ്യക്തിപരമായി അധിക്ഷേപിക്കുവാനും സോളാർ കേസിലെ പ്രതി നായിക സരിത എസ് നായരുടെ പേര് ചേർത്ത് ജോസ് കെ മാണിയെ അപമാനിക്കുവാൻ മുന്നിട്ടിറങ്ങിയതിൽ പ്രധാന പങ്ക് പ്രതാപന്റേതാണ് എന്ന് അവർ കരുതുന്നു. കൂടാതെ പാർട്ടിയിൽ പ്രതാപൻ പിടിമുറുക്കി എന്നും. പാർട്ടി യോഗങ്ങളിലും സ്റ്റഡി ക്ലാസുകളിലും പാർട്ടി ചെയർമാന് പ്രസംഗ ശകലങ്ങൾ കുറിച്ച് നൽകുന്നത് പ്രതാപൻ ആയതിനാൽ അദ്ദേഹം ലോകസഭാ അംഗമായി മാറിയാൽ പാർട്ടിയിലെ രണ്ടാമനോ മൂന്നാമനോആയി മാറുമെന്നും അത് അനുവദിച്ചു കൊടുക്കാൻ കഴിയില്ലെന്നാണ് അവർ പറയുന്നത്. പക്ഷേ ഒരു കാര്യം വ്യക്തമാണ് ജോസ് കെ മാണി- പിസി ജോർജ് പോരാട്ടത്തിൽ പിസി ജോർജിന്റെ വലംകൈ ആയിരുന്ന പ്രതാപൻ ഇന്ന് മാണി ഗ്രൂപ്പിൻറെ ബുദ്ധി കേന്ദ്രമായി മാറിയിരിക്കുന്നു എന്നുള്ളത് മധ്യ കേരളത്തിലെ കേരള കോൺഗ്രസ് തട്ടകങ്ങളിൽ സജീവ ചർച്ചയാണ്. നവമാധ്യമങ്ങളിൽ മാലേത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാർത്തകളും പോസ്റ്റുകളും സജീവമാണ്.

കേവലം രണ്ട് വർഷം കൊണ്ട് മാണി ഗ്രൂപ്പിൽ തിരിച്ചെത്തിയ പ്രതാപൻ ജോസ് കെ മാണിയുടെയും ഓഫീസ് ചാർജ് സെക്രട്ടറി സ്റ്റീഫൻ ജോർജിന്റെയും വലംകൈയായി എങ്ങനെ മാറിയെന്ന് പലരും ചിന്തിക്കുന്നുണ്ടാവാം. അടുത്ത കാലത്ത് പത്രമാധ്യമങ്ങളിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെതായി വരുന്ന ലേഖനങ്ങളിലും വാർത്തകളിലും മാലേത്ത് പ്രതാപൻ ടച്ച് ഉണ്ടാകുന്നു എന്ന് എല്ലാവരും സമ്മതിക്കുന്നു

വാർത്തകൾ മാലേത്തിന് എഴുതി കൊടുക്കുന്നത് മലബാർ ബേസുള്ള ഒരു ദിനപത്രത്തിന്റെ ലേഖകൻ ആണെന്നാണ് കോട്ടയം പ്രസ് ക്ലബിലെ ചില മാധ്യമ പ്രവർത്തകർ അടക്കം പറയുന്നത്. ഇത് താനാണ് എഴുതുന്നതെന്ന് കാണിച്ചാണ് മാലേത്ത് പാർട്ടി നേതാക്കളുടെ മുമ്പിൽ ഞെളിയുന്നതെന്നാണ് സംസാരം. അടുത്ത കാലം മുതൽ പ്രതിമാസം മുപ്പതിനായിരം രൂപയാണ് മാലേത്ത് തന്റെ സേവനത്തിന് പാർട്ടിയിൽ നിന്നും വാങ്ങുന്നതെന്നും താല്പര കക്ഷികൾ ആരോപിക്കുന്നുണ്ട്.

കഴിഞ്ഞ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി കോട്ടയത്തെ മാധ്യമപ്രവർത്തകരുമായി അടുത്ത സൗഹൃദമാണ് മാലേത്തിനുള്ളത്. കാര്യം കാണാൻ ഏതറ്റം വരെയും പോകുവാൻ മാലേത്ത് തയ്യാറാണെന്ന് ഏറ്റവും വലിയ സത്യം. മാധ്യമ പ്രവർത്തകരുടെ ഇഷ്ടങ്ങൾ അറിഞ്ഞ് അവരെ സൽക്കരിക്കുവാനും വശത്താക്കുവാനും അദ്ദേഹത്തിന് പ്രത്യേക വൈഭവമുണ്ട്. മാലേത്തിനെ കുറിച്ച് പരാതി പറയുന്ന പാർട്ടി പ്രവർത്തകരോട് അയാളെ കണ്ടുപടിക്കുവാൻ ആണ് ഓഫീസ് ചാർജ് സെക്രട്ടറി പറയുന്നത് എന്നാണ് പരക്കെയുള്ള സംസാരം. കോട്ടയത്ത് പാർട്ടി ഓഫീസിൽ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി കഴിഞ്ഞാൽ പ്രത്യേക കസേര ഉള്ളത് മാലേത്തിന് മാത്രമാണ്. പാർട്ടി പരിപാടികൾ നടക്കുന്ന സമയത്ത് വേദിയിലെത്തി ചെയർമാന് ചില കുറിപ്പുകൾ നൽകുന്നതിന് പോലും സ്വാതന്ത്ര്യം മാലേത്ത് നേടിയെടുത്തത് അദ്ദേഹത്തിൻറെ അനിതര സാധാരണമായ സംഘടനാ പാടവവും മീഡിയ മാനേജ്മെൻ്റും കൊണ്ടാണെന്ന് തീർച്ച.

പത്തനംതിട്ട സീറ്റ് കേരള കോൺഗ്രസ് എമ്മിന് ലഭിച്ചു കഴിഞ്ഞാൽ സ്ഥാനാർത്ഥി ആരെന്ന കാര്യത്തിൽ പാർട്ടി രണ്ടാമത് ഒന്ന് ആലോചിക്കുമെന്ന് തോന്നുന്നില്ല. പക്ഷേ നിലവിലത്തെ രാഷ്ട്രീയ സാഹചര്യത്തിൽ സിപിഎം പത്തനംതിട്ട സീറ്റ് വിട്ടുകൊടുക്കുമോ എന്ന് കണ്ടറിയണം. റാന്നി മുൻ എംഎൽഎ രാജു എബ്രഹാമിനെ മത്സരിപ്പിക്കാനാണ് ഒരു വിഭാഗം സിപിഎം നേതാക്കൾ ലക്ഷ്യമിടുന്നത്. പക്ഷേ പത്തനംതിട്ടയിൽ കാര്യമായ വേരോട്ടമുള്ള കേരള കോൺഗ്രസിനെ പിണക്കുവാൻ അവർക്ക് കഴിയില്ലതാനും. മുന്നണിയിലെ പ്രബലകക്ഷിയായ കേരള കോൺഗ്രസിന് രണ്ടാമത് ഒരു സീറ്റ് നൽകുന്ന കാര്യത്തിൽ സിപിഐക്കും വിയോജിപ്പുണ്ട്. പക്ഷേ കാര്യങ്ങൾ തീരുമാനിക്കുക കേരളത്തിൻ്റേ മുഖ്യമന്ത്രി പിണറായി വിജയൻ ആകയാൽ അദ്ദേഹം സ്വീകരിക്കുന്ന നിലപാടുകളാണ് ഇക്കാര്യത്തിൽ അവസാനവാക്ക്. മാലേത്ത് പ്രതാപന് സീറ്റ് ലഭിക്കുമെന്ന കാര്യത്തിൽ പാർട്ടിയിൽ നിന്നും ഉറപ്പ് ലഭിച്ചാൽ കലാപക്കൊടി ഉയർത്തുവാൻ കാത്തിരിക്കുകയാണ് ഒരു വിഭാഗം നേതാക്കൾ പാർട്ടി പാർലമെൻററി നേതാവും മന്ത്രിയുമായ റോഷി അഗസ്റ്റിന്റെയും ചീഫ് വിപ്പ് ഡോ .എൻ ജയരാജീന്റെയും പിന്തുണ ഇവർ പ്രതീക്ഷിക്കുന്നു.

Facebook Comments Box

By admin

Related Post