Wed. May 15th, 2024

നരഭോജി കടുവ തൃശൂര്‍ മൃഗശാലയിലേക്ക്

By admin Dec 19, 2023
Keralanewz.com

തൃശൂര്‍: പത്തു ദിവസത്തെ തിരച്ചിലിനും പരിശ്രമത്തിനുമൊടുവില്‍ വനംവകുപ്പ് ദൗത്യസംഘം കൂട്ടിലാക്കിയ വയനാട് വാകേരിയിലെ നരഭോജിക്കടുവയെ തൃശൂര്‍ മൃഗശാലയിലേക്ക് മാറ്റും.

നാലാംമൈല്‍ പച്ചാടിയിലെ വന്യമൃഗസംരക്ഷണകേന്ദ്രത്തില്‍ പരിചരിക്കാൻ ഇടമില്ലാത്തതിനാലാണ് തൃശ്ശൂര്‍ മൃഗശാലയിലേക്ക് മാറ്റുന്നത്. വൈദ്യ പരിശോധനകള്‍ക്കുശേഷമേ കടുവയെ മാറ്റൂ.

ക്ഷീരകര്‍ഷകനായ വാകേരി കൂടല്ലൂര്‍ മറോട്ടിത്തറപ്പില്‍ പ്രജീഷിനെയാണ് കടുവ കൊന്ന് പാതി ഭക്ഷിച്ചത്. ഇതോടെയാണ് കടുവയെ പിടികൂടാൻ ശ്രമം ആരംഭിച്ചത്. കണ്ണൂരില്‍നിന്നും കോഴിക്കോടുനിന്നുമടക്കം റാപ്പിഡ് റെസ്പോണ്‍സ് ടീം അംഗങ്ങളടക്കം നൂറോളം പേര്‍ കുങ്കിയാനകളെ ഉള്‍പ്പെടുത്തിയായിരുന്നു തിരച്ചില്‍ നടത്തിയത്. നിരവധി കെണികളും ക്യാമറകളും വിവിധയിടങ്ങളില്‍ സ്ഥാപിച്ചിരുന്നു.

കോളനിക്കവലയില്‍ കാപ്പിത്തോട്ടത്തില്‍ വനംവകുപ്പ് ആദ്യം സ്ഥാപിച്ച കൂട്ടിലാണ് തിങ്കളാഴ്ച ഉച്ചക്ക് 2.40ഓടെ കടുവ അകപ്പെട്ടത്. ഇവിടെനിന്ന് 200 മീറ്റര്‍ മാറിയായിരുന്നു പ്രജീഷിനെ കടുവ കൊന്നുതിന്നത്. നരഭോജി കടുവയുടെ മുഖത്ത് മുറിവേറ്റിട്ടുണ്ട്. മൂക്കിന് മുകളില്‍ കത്തി കൊണ്ടുള്ള രീതിയിലാണ് മുറിവുള്ളത്. പ്രജീഷിനെ ആക്രമിക്കവെ അരിവാളുകൊണ്ട് ചെറുത്തുനിന്നപ്പോള്‍ പറ്റിയ മുറിവായിരിക്കാമെന്നാണ് നിഗമനം.

കടുവ കൂട്ടിലായപ്പോള്‍, കൊല്ലാതെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന നിലപാടുമായി പ്രദേശവാസികള്‍ രംഗത്ത് വന്നിരുന്നു. യുവാവിനെ അതിക്രൂരമായി കൊന്നുതിന്ന നരഭോജി കടുവയെ തങ്ങളുടെ മുന്നില്‍വെച്ച്‌ കൊല്ലണമെന്ന് നാട്ടുകാര്‍ ഒന്നടങ്കം ആവശ്യപ്പെടുകയായിരുന്നു. ഇതോടെ കോളനിക്കവലയിലെ കാപ്പിത്തോട്ടത്തിനുള്ളില്‍ നാട്ടുകാരും വനം വകുപ്പ് അധികൃതരും തമ്മില്‍ പലതവണ വാഗ്വാദം നടന്നു.

Facebook Comments Box

By admin

Related Post