കൊച്ചി: കൊറിയർ സർവിസ് പരിഷ്കരിക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനം.കത്തുകളും പാർസലും വിലാസക്കാർക്ക് നേരിട്ട് എത്തിക്കും .
വിലാസക്കാരൻ ഡിപ്പോയില്‍നിന്ന് പാർസല്‍ കൈപ്പറ്റുന്ന നിലവിലെ ഡിപ്പോ ടു ഡിപ്പോ രീതി മാറുന്നതാണ് പ്രധാന പരിഷ്കാരം. കവറുകള്‍ ട്രാക്ക് ചെയ്യുന്നതിനുള്ള പ്രീമിയം സൗകര്യവും ഏർപ്പെടുത്തും.
പാസ്പോർട്ട് ഉള്‍പ്പെടെ വിലപിടിപ്പുള്ള രേഖകള്‍ അയക്കുന്നതിനും ഈ സൗകര്യം പ്രയോജനപ്പെടുത്താം. കൊറിയർ സർവിസ് വിപുലീകരണവും ലക്ഷ്യമിടുന്നു. 47 ഡിപ്പോകളിലുള്ള സൗകര്യം മറ്റ് ഡിപ്പോകളിലേക്കും വ്യാപിപ്പിക്കും. പ്രതിദിനവരുമാനമായ 1.70 ലക്ഷം രൂപ ഇതോടെ നാലിരട്ടിയാകുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ പ്രതീക്ഷ. സ്വകാര്യ കൊറിയർ കമ്ബനികള്‍ ഈടാക്കുന്നതിനെക്കാള്‍ നിരക്ക് കുറവില്‍ സേവനം നല്‍കുന്നതിനാണ് ആലോചന.
ഡിപ്പോ ടു ഡിപ്പോ സംവിധാനം തുടരുന്നതിനൊപ്പമാകും നേരിട്ടും സേവനം. ഗുണഭോക്താവിന്‍റെ വിലാസത്തില്‍ കൊറിയർ നേരിട്ട് എത്തിക്കുന്നതിന് പിൻകോഡ് അടിസ്ഥാനത്തില്‍ ഫ്രാഞ്ചൈസികളെ നിയമിക്കും. കൂടാതെ, സംസ്ഥാനത്തിന് പുറത്ത് ആദ്യഘട്ടത്തില്‍ കോയമ്ബത്തൂർ, നാഗർകോവില്‍, മൈസൂരു, ബംഗളൂരു, തിരുപ്പൂർ, മംഗളൂരു എന്നിവിടങ്ങളില്‍ ഫ്രാഞ്ചൈസികളെ ക്ഷണിക്കും. തിരുവനന്തപുരം-കാസർകോട് റൂട്ടില്‍ കൊറിയറുകള്‍ കൊണ്ടുപോകുന്നതിന് രണ്ട് വാനും ഏർപ്പെടുത്തും.