Sat. Jul 27th, 2024

താലൂക്ക് ആശുപത്രി ഇല്ലാതെ തൊടുപുഴ താലൂക്ക്

By admin May 14, 2024
Keralanewz.com

മുട്ടം: തൊടുപുഴ താലൂക്ക് ആശുപത്രി ജില്ല ആശുപത്രിയായി ഉയർത്തിയതോടെ ലോറേഞ്ചില്‍ താലൂക്ക് ആശുപത്രി ഇല്ലാതായി.

കിടത്തിച്ചികിത്സ ഇപ്പോള്‍ ജില്ല ആശുപത്രിയില്‍ മാത്രമാണുള്ളത്. മുട്ടം, വണ്ണപ്പുറം സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഒന്ന് താലൂക്ക് ആശുപത്രിയാക്കി ഉയർത്തുമെന്ന്‌ വർഷങ്ങളായി പറയുന്നുണ്ടെങ്കിലും പ്രാരംഭ നടപടികള്‍പോലും ആരംഭിച്ചിട്ടില്ല. പ്രതിദിനം 300ലേറെ രോഗികള്‍ മുട്ടത്തും വണ്ണപ്പുറത്തും ചികിത്സ തേടിയെത്താറുണ്ട്. കിടത്തിച്ചികിത്സ ഇല്ലാത്തതിനാല്‍ കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ ജില്ല ആശുപത്രിയെയാണ് ആശ്രയിക്കുന്നത്.

അറക്കുളം, കുടയത്തൂ‍ർ, വെള്ളിയാമറ്റം, കരിങ്കുന്നം പഞ്ചായത്തിലെ രോഗികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ മുട്ടം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനെ താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നൂറുകണക്കിനു രോഗികള്‍ ദിവസേന തൊടുപുഴ ജില്ല ആശുപത്രിയെയും സ്വകാര്യ ആശുപത്രികളെയും ആശ്രയിക്കേണ്ടിവരുന്നു. മുട്ടത്ത് നിലവില്‍ സിവില്‍ സർജൻ അടക്കം നാല് ഡോക്ടർമാരുണ്ട്. മുട്ടത്തിനു പുറമെ നീലൂർ, കുടയത്തൂർ, മലങ്കര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള നിരവധി രോഗികളാണ് ഇവിടെ ചികിത്സതേടി എത്തുന്നത്.

മുട്ടം ആശുപത്രിയില്‍ ഉച്ചകഴിഞ്ഞ് ഡോക്ടറുടെ സേവനമില്ലാത്തതിനാല്‍ പലരും മടങ്ങുകയാണ്. ഇതോടെ വൻതുക മുടക്കി സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടേണ്ട അവസ്ഥയിലാണ്. മുട്ടം കമ്യൂണിറ്റി ഹെല്‍ത്ത് സെന്റർ താലൂക്ക് ആശുപത്രിയായി ഉയർത്തിയാല്‍ ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാകും.മുട്ടം സാമൂഹികാരോഗ്യ കേന്ദ്ര കെട്ടിടസമുച്ചയത്തിന് 9.75 കോടിയുടെ പദ്ധതിയാകുന്നുവെന്ന വാർത്ത കേള്‍ക്കാൻ തുടങ്ങിയിട്ട് വർഷം രണ്ട് കഴിഞ്ഞെങ്കിലും ഇതുവരെ യാഥാർഥ്യമായില്ല. കേന്ദ്ര പദ്ധതിയായ ജൻ വികാസ് കായിക്രമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാമ്ബത്തിക സഹായം ലഭ്യമാക്കുമെന്നാണ് പറഞ്ഞിരുന്നത്.

9.75 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയാറാക്കി സംസ്ഥാന സർക്കാറിന്‍റെ അംഗീകാരത്തിനായി രണ്ടുവർഷം മുമ്ബേ സമർപ്പിച്ചതാണ്. കലക്ടർ അധ്യക്ഷനായ ജില്ല സമിതി അംഗീകാരവും നല്‍കിയിരുന്നു. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ അംഗീകാരം ലഭിച്ചാല്‍ 40 ശതമാനം വിഹിതം കേരളവും 60 ശതമാനം തുക കേന്ദ്രവും വഹിക്കുന്നതാണ് പദ്ധതി.

രണ്ട് എക്കറോളം സ്ഥലമാണ് സാമൂഹികാരോഗ്യ കേന്ദ്രത്തിനുള്ളത്. ഇതില്‍ പകുതിയോളം സ്ഥലത്ത് ആശുപത്രിയും ബാക്കി ഭാഗം ജീവനക്കാരുടെ ക്വാർട്ടേഴ്സുമാണ് ഉള്ളത്. ക്വാർട്ടേഴ്സ് കാലപ്പഴക്കം മൂലം തകർന്നു. ിലതില്‍ മാത്രമാണ് താമസക്കാരുള്ളത്. ഇവ പൊളിച്ച്‌ മാറ്റി ബഹുനിലമന്ദിരം പണിയാനാണ് പദ്ധതി.

Facebook Comments Box

By admin

Related Post