തിരുവനന്തപുരം: ഒഴിവുവരുന്ന രാജ്യസഭാ സീറ്റിനെ ചൊല്ലി എല്‍ഡിഎഫില്‍ തര്‍ക്കം. അടുത്തിടെ ഒഴിവുവരാന്‍ പോകുന്ന മൂന്ന് സീറ്റുകളില്‍ ഒരെണ്ണം അവകാശപ്പെട്ട് സിപിഐയും കേരളാകോണ്‍ഗ്രസും തമ്മിലാണ് തര്‍ക്കമുണ്ടായിരിക്കുന്നത്.
സീറ്റ് ചോദിക്കാന്‍ ജോസ് കെ മാണി വിഭാഗം ഒരുങ്ങുമ്ബോള്‍ സീറ്റില്‍ ആരും അവകാശം ഉന്നയിക്കേണ്ടെന്ന നിലപാടിലാണ് സിപിഐ.
സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന കേരളാകോണ്‍ഗ്രസ് ഇന്ന് ചേരുന്ന സ്റ്റീയറിംഗ് കമ്മറ്റിയില്‍ രാജ്യസഭാ സീറ്റിനെ സംബന്ധിച്ച നിര്‍ണ്ണായക തീരുമാനം എടുത്തേക്കും. പിന്നാലെ എല്‍ഡിഎഫ് യോഗത്തില്‍ ഔദ്യോഗികമായി ആവശ്യം ഉന്നയിക്കുകയും ചെയ്യും. എന്നാല്‍ തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സീറ്റില്‍ മറ്റാരും അവകാശവാദം ഉന്നയിക്കേണ്ടതില്ലെന്നാണ് സിപിഐ നേതൃത്വത്തിന്റെ നിലപാട്.
ഇടതുമുന്നണി യോഗത്തില്‍ ആവശ്യം ഉന്നയിക്കാന്‍ സിപിഐയും തയ്യാറെടുക്കുകയാണ്. സിപിഐയും കേരളാകോണ്‍ഗ്രസ് ജോസ്. കെ. മാണി വിഭാഗവും രാജ്യസഭാ സീറ്റിനായി അവകാശവാദം ഉന്നയിക്കാനുള്ള സാധ്യത സംബന്ധിച്ച വാര്‍ത്തകള്‍ എല്‍ഡിഎഫ് നേതൃത്വം തള്ളുകയാണ്. രാജ്യസഭ സീറ്റ് സംബന്ധിച്ച കാര്യങ്ങളൊന്നും ഇടതുമുന്നണിയില്‍ ഇതുവരെ ചര്‍ച്ചയായിട്ടില്ലെന്ന് അവര്‍ പറയുന്നു