Sat. Jul 27th, 2024

സീറ്റ് ആവശ്യപ്പെടാന്‍ സിപിഐ! അവകാശവാദം ഉന്നയിക്കാന്‍ കേരള കോണ്‍ഗ്രസും;രാജ്യസഭാ സീറ്റ് വിഷയത്തില്‍ ഇടതുമുന്നണിയില്‍ ചരട് വലി

By admin May 13, 2024
Keralanewz.com

തിരുവനന്തപുരം: ഇടതുമുന്നണി യോഗത്തില്‍ രാജ്യസഭ സീറ്റ് ആവശ്യപ്പെടാൻ സി.പി.ഐ തീരുമാനം. സി.പി.ഐയുടെ സീറ്റ് സി.പി.ഐക്ക് തന്നെ അവകാശപ്പെട്ടതാണെന്നും നേതൃത്വം അറിയിച്ചു.

കേരള കോണ്‍ഗ്രസ് (എം) സീറ്റ് ആവശ്യപ്പെടുന്നതിനിടെയാണ് സി.പി.ഐ നിലപാട് കടുപ്പിക്കുന്നത്. എന്നാല്‍ രാജ്യസഭാ സീറ്റ് വിഷയം മുന്നണി ചർച്ച ചെയ്തിട്ടില്ലെന്നും മുന്നണിയില്‍ പ്രതിസന്ധി ഉണ്ടാകില്ലെന്നുമാണ് എല്‍.ഡി.എഫ് നേതൃത്വത്തിന്റെ വിലയിരുത്തല്‍

രാജ്യസഭാ സീറ്റ് ആവശ്യം പരസ്യമാക്കി കേരളാ കോണ്‍ഗ്രസ് (എം) രംഗത്ത് എത്തിയിരുന്നു. കേരളാ കോണ്‍ഗ്രസ് എമ്മിന് സീറ്റ് അവകാശപ്പെട്ടതാണെന്നായിരുന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫൻ ജോർജ് വ്യക്തമാക്കിയിരുന്നത്.

ജോസ് കെ മാണിയുടെ കാലാവധി കഴിയുന്ന സീറ്റ്, കേരളാ കോണ്‍ഗ്രസിന് തന്നെ ലഭിക്കണമെന്നും ഇന്ന് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗം വിഷയം ചർച്ച ചെയ്യുമെന്നും സ്റ്റീഫൻ ജോർജ് മീഡിയവണിനോട് പറഞ്ഞിരുന്നു.

മൂന്ന് സീറ്റിന്റെ കാലാവധിയാണ് ജൂലൈ ഒന്നിന് അവസാനിക്കുന്നത്. ഇതില്‍ രണ്ട് സീറ്റിലാണ് ഇടത് മുന്നണിക്ക് ജയിക്കാന്‍ കഴിയുക. എന്നാല്‍, എളമരം കരീം ഒഴിയുമ്ബോള്‍ ജയിക്കാന്‍ കഴിയുന്ന ഒരു സീറ്റ് ഏറ്റെടുക്കാനാണ് സി.പി.എമ്മിന്റെ നീക്കം.

ബിനോയ് വിശ്വം, ജോസ് കെ. മാണി, എളമരം കരീം എന്നിവരുടെ രാജ്യസഭ കാലാവധിയാണ് ജൂലൈ ഒന്നിന് അവസാനിക്കുന്നത്. നിലവിലെ നിയമസഭയിലെ അംഗബലം അനുസരിച്ച്‌ ഇടത് മുന്നണിക്ക് രണ്ട് സീറ്റിലും യുഡിഎഫിന് ഒരു സീറ്റിലും ജയിക്കാന്‍ കഴിയും.

സിപിഐയ്ക്കും കേരള കോണ്‍ഗ്രസ് എമ്മിനും അഭിമാനപ്രശ്നമാണ് രാജ്യസഭ സീറ്റ്. കാരണം രണ്ട് പാർട്ടിയുടേയും ഏറ്റവും പ്രധാനപ്പെട്ട നേതാക്കൻമാർ കൈവശം വെച്ചിരിക്കുന്ന സീറ്റുകളാണിത്. അതുകൊണ്ട് കാലാവധി കഴിഞ്ഞാലും ജയിക്കാന്‍ കഴിയുന്ന രാജ്യസഭ സീറ്റിന് വേണ്ടി അവകാശവാദമുന്നണിയിക്കാനാണ് രണ്ട് പാർട്ടികളുടേയും തീരുമാനം.

Facebook Comments Box

By admin

Related Post