Sat. Jul 27th, 2024

‘രാജ്യസഭാ സീറ്റ് ഞങ്ങളുടേത്, മറ്റാര്‍ക്കും അവകാശമില്ല’; കേരള കോണ്‍ഗ്രസ് നീക്കം മുന്നില്‍ക്കണ്ട് നിലപാട് കടുപ്പിച്ച്‌ സിപിഐ

By admin May 13, 2024
Keralanewz.com

കോട്ടയം: രാജ്യസഭാ സീറ്റ് വിട്ടുതരില്ലെന്നും മറ്റാർക്കും അവകാശപ്പെട്ടതല്ലെന്നും സിപിഐ. ഇന്ന് കോട്ടയത്ത് ചേരുന്ന എല്‍ഡിഎഫിന്റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ സീറ്റ് ആവശ്യപ്പെടാനാണ് സിപിഐയുടെ നീക്കം.

ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലൊന്നില്‍ അവകാശവാദം ഉന്നയിക്കാൻ കേരള കോണ്‍ഗ്രസ് നീക്കം സജീവമാക്കിയതോടെയാണ് സിപിഐ നിലപാട് കടുപ്പിക്കുന്നത്.

എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ മാണി എന്നിവരുടെ കാലാവധി ജൂലായ് ഒന്നിന് അവസാനിക്കാറായതോടെയാണ് സീറ്റിനായി കേരള കോണ്‍ഗ്രസും സിപിഐയും കടുംപിടിത്തം നടത്തുന്നത്. മൂന്ന് സീറ്റില്‍ രണ്ടെണ്ണം എല്‍ഡിഎഫിന് ജയിക്കാൻ സാധിക്കുന്നതാണ്. ഒഴിവ് വരുന്ന സീറ്റ് സിപിഐയുടേതാണെന്നും അത് മറ്റാർക്കും അവകാശപ്പെട്ടതല്ലെന്നുമാണ് പാർട്ടിയുടെ വാദം. ജോസ് കെ മാണിക്കായി വീണ്ടും രാജ്യസഭാ ടിക്കറ്റ് നേടിയെടുക്കുകയെന്നതാണ് കേരള കോണ്‍ഗ്രസിന്റെ ലക്ഷ്യം.

എല്‍ഡിഎഫ് യോഗത്തില്‍ സീറ്റ് വിഷയം ഔദ്യോഗികമായി ഉന്നയിക്കാനാണ് സിപിഐ നേതൃത്വത്തിന്റെ തീരുമാനം. രാജ്യസഭാ സീറ്റ് വിഷയം മുന്നണിയില്‍ ഇതുവരെ ചർച്ചയായിട്ടില്ലെന്നും സീറ്റിനായി ആരും അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നുമാണ് എല്‍ഡിഎഫ് വ്യക്തമാക്കുന്നത്.

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മൂന്ന് സീറ്റുകളില്‍ ജയിക്കുമെന്നാണ് സിപിഐ എക്സിക്യൂട്ടീവ് വിലയിരുത്തല്‍. തൃശൂർ, മാവേലിക്കര എന്നീ മണ്ഡലങ്ങളില്‍ ജയം ഉറപ്പാണെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ നേരിയ ഭൂരിപക്ഷത്തില്‍ ജയിക്കാനുള്ള സാദ്ധ്യയുണ്ടെന്നും പാർട്ടി വ്യക്തമാക്കുന്നു. കൂടാതെ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം വൻതോതില്‍ ഇടിയുമെന്നും സിപിഐ എക്സിക്യൂട്ടീവ് വിലയിരുത്തി. എല്‍ഡിഎഫിന് 12 സീറ്റ് കിട്ടുമെന്നാണ് സിപിഐയുടെയും കണക്ക് കൂട്ടല്‍.

Facebook Comments Box

By admin

Related Post