ഡല്‍ഹി: കോണ്‍ഗ്രസിന്റെ സാമ്ബത്തിക നയങ്ങള്‍ക്കെതിരെ കടുത്ത വിമർശനങ്ങളുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ.
സമ്ബത്ത് പുനർവിതരണം എന്ന കോണ്‍ഗ്രസ് പ്രകടനപത്രികയിലെ ആശയം രാജ്യത്തെയാകെ കൊള്ളയടിക്കുക എന്നതല്ലാതെ മറ്റൊന്നുമല്ലെന്നും ഇത് കാലഹരണപ്പെട്ട സമീപനമാണെന്നും കോണ്‍ഗ്രസിനെ കടന്നാക്രമിച്ചുകൊണ്ട് നിർമ്മല സീതാരാമൻ പറഞ്ഞു. ഇത് തീർത്തും നിരുത്തരവാദപരമായ ആശയമാണെന്നും ഇവിടെയിപ്പോള്‍ റോബിൻ ഹുഡിന്റെ നാളുകളല്ല എന്നതോർക്കണമെന്നും ഫിനാൻഷ്യല്‍ എക്സ്പ്രസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ കേന്ദ്ര ധനമന്ത്രി പറഞ്ഞു.
“കോണ്‍ഗ്രസ് സ്വീകരിക്കുന്ന രീതിശാസ്ത്രം വളരെ വഞ്ചനാപരമാണ്. സമ്ബത്തിന്റേയും ജാതി സെൻസസിന്റേയും എക്സ്റേ നടത്തുന്നതിനെ കുറിച്ച് അവർ നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു. പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ സമ്ബത്ത് പുനർവിതരണത്തെ കുറിച്ച് പറയുന്നില്ലെന്ന് അവർ പറയുന്നു, എന്നാല്‍ അവരുടെ നേതാക്കള്‍ അത് തന്നെ വീണ്ടും വീണ്ടും ആവർത്തിക്കുന്നു” സീതാരാമൻ പറഞ്ഞു.
നിർധനരായ ആളുകള്‍ക്കുള്ള സൗകര്യങ്ങള്‍ ലക്ഷ്യമിട്ടുള്ള വിതരണത്തോടൊപ്പം സാമ്ബത്തിക വളർച്ച മെച്ചപ്പെടുത്തുന്നതിനുള്ള പാതയില്‍ ബിജെപി മുന്നോട്ടുപോകുമെന്നും, മറ്റൊരാളുടെ പണം തട്ടിയെടുത്ത് ആർക്കെങ്കിലുമൊക്കെ നല്‍കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും സീതാരാമൻ കുറ്റപ്പെടുത്തി.
“ദരിദ്രനെ സമ്ബന്നനാക്കുന്നതിനുപകരം, സമ്ബന്നനെ ദരിദ്രനാക്കുക എന്നതാണ് അവരുടെ പരിഹാരം. അത് അന്യായമാണ്. സമ്ബത്ത് സൃഷ്ടിക്കുന്നവർ ആളുകള്‍ക്ക് ജോലിയും അവസരങ്ങളും സർക്കാരിന് വിഭവങ്ങളും നല്‍കുന്നു. ജയിക്കാനും അധികാരത്തിലെത്താനും നിങ്ങള്‍ തീവ്രമായി ആഗ്രഹിക്കുന്നതിനാല്‍ മാത്രം ഇത് വികാരഭരിതമാക്കുന്നത് നിങ്ങള്‍ക്ക് ജനങ്ങളോട് താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കുന്നു ”അവർ പറഞ്ഞു.
കോണ്‍ഗ്രസ് പാർട്ടിയിലേക്ക് അംബാനിയും അദാനിയും ട്രക്ക് ലോഡ് പണം അയച്ചിട്ടുണ്ടോ എന്ന പ്രധാനമന്ത്രിയുടെ സമീപകാല പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന്, ഇന്ത്യയുടെ സമ്ബത്ത് സ്രഷ്ടാക്കളോടുള്ള കാപട്യത്തെക്കുറിച്ച് രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് പാർട്ടിയെയും പ്രധാനമന്ത്രി വിളിച്ചുപറയുക മാത്രമാണ് ചെയ്തത് എന്ന് സീതാരാമൻ പറഞ്ഞു.
“കഴിഞ്ഞ കുറച്ച് വർഷങ്ങളായി, അവർ ചങ്ങാത്ത മുതലാളിത്തത്തിന്റെ വിനാശകരമായ ആഖ്യാനം നെയ്യുകയും ബിസിനസുകാരെ കൊള്ളയടിക്കുന്ന ആളുകളായി കാണിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് അവർക്ക് അദാനിയോടും അംബാനിയോടുമുള്ള വെറുപ്പ് പെട്ടെന്ന് ഇല്ലാതായത്? അവരില്‍ നിന്ന് കോണ്‍ഗ്രസിന് എന്തെങ്കിലും കിട്ടിയിട്ടുണ്ടോ? അവർ ചോദിച്ചു.
ബി.ജെ.പി ബിസിനസുകാരോടും സംരംഭകരോടും ബഹുമാനത്തോടെയാണ് പെരുമാറിയതെന്നും അവർക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും രാജ്യത്തിനായി സമ്ബത്ത് സൃഷ്ടിക്കുന്നതിന് സംഭാവന നല്‍കാനും അവർക്ക് അവസരങ്ങള്‍ നല്‍കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി. സംരംഭകത്വം ഇന്ത്യക്ക് കരുത്ത് നല്‍കിയെന്നും സീതാരാമൻ പറഞ്ഞു.