ന്യൂഡല്‍ഹി: ബിജെപി ഒരിക്കലും ഭരണഘടന മാറ്റുകയോ സംവരണം അവസാനിപ്പിക്കുകയോ ചെയ്യില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
എൻഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷാ കോണ്‍ഗ്രസിന്റെ തെറ്റായ പ്രചാരണങ്ങള്‍ക്കുള്ള മറുപടി നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനകം തന്നെ രണ്ട് തിരഞ്ഞെടുപ്പുകളില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ചിട്ടുണ്ട്. അധികാരത്തിലെത്തിയിട്ട് 10 വർഷങ്ങളായി. ഭരണഘടന മാറ്റുകയായിരുന്നു അജണ്ടയെങ്കില്‍ അദ്ദേഹത്തിനത് ഇതിനുമുൻപ് തന്നെ എളുപ്പത്തില്‍ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പകരം ഞങ്ങള്‍ ആ ഭൂരിപക്ഷം ഉപയോഗിച്ചത് ആർട്ടിക്കിള്‍ 370 പിൻവലിക്കല്‍, മുത്തലാഖ് നിരോധനം, രാമക്ഷേത്രം പണിയല്‍, സർജിക്കല്‍ സ്ട്രൈക്ക്, ചന്ദ്രയാൻ ദൗത്യം, കോവിഡ് മഹാമാരി സമയത്ത് 130 കോടി ജനങ്ങളെ രക്ഷിക്കാൻ, 60 കോടി ജനങ്ങള്‍ക്ക് ശൗചാലയം നല്‍കാൻ, പാചക വാതകം, വീട്, കുടിവെള്ളം, വൈദ്യുതി, സൗജന്യ റേഷൻ വിതരണം, 5 ലക്ഷം വരെയുള്ള ആരോഗ്യ പരിരക്ഷ എന്നിങ്ങനെയുള്ള ജനക്ഷേമ കാര്യങ്ങള്‍ക്ക് വേണ്ടിയാണ്.
ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഭരണഘടന കീറിവലിച്ചെറിയുമെന്ന് രാഹുല്‍ ഗാന്ധി പ്രസ്താവന നടത്തിയിരുന്നു. ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് ബിജെപി മതേതരത്വം എന്ന വാക്കെടുത്തുകളയുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ തെറ്റായ പ്രചാരണങ്ങള്‍ നടത്തിയിരുന്നു. വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ പ്രതിപക്ഷം നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും ജനങ്ങള്‍ക്ക് അതറിയാമെന്നും അമിത് ഷാ പറഞ്ഞു.
“നമ്മുടെ ഭരണഘടന എല്ലാവർക്കും അവസരങ്ങള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ദളിത് വിഭാഗത്തില്‍ നിന്ന് വന്ന ഡോ. ബാബാസാഹേബ് അംബേദ്കർ അത്തരമൊരു പദവി കൈവരിച്ചു. ബാബു ജഗ്ജീവൻ റാം രാജ്യത്തെ നയിച്ചു. ദളിതരും ആദിവാസികളും ഒബിസികളും പാർലമെൻ്റിന്റെ 50 ശതമാനത്തിലധികം വരും. രാജ്യം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് പോലും രാഹുലിന് അറിയില്ല, “അദ്ദേഹം കൂട്ടിച്ചേർത്തു.