Sun. Apr 28th, 2024

കാലിടറി മലയാള സിനിമ , നഷ്ടം 300 കോടി , ഇളക്കമില്ലാതെ മമ്മൂട്ടിയും മോഹൻലാലും

By admin Dec 28, 2023
Keralanewz.com

വര്‍ഷാന്ത്യം പടിയിറങ്ങുമ്ബോള്‍ മലയാള സിനിമയ്ക്ക് കനത്ത നഷ്ടങ്ങള്‍. അഞ്ച് സൂപ്പര്‍ ഹിറ്റുകളുമായി ആണ് 2023 പടിയിറങ്ങുന്നത്.

എന്നാല്‍, താരരാജക്കന്മാരായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പ്രഭാവം മാറ്റമില്ലാതെ തുടരുന്ന കാഴ്ചയാണ്. 2022ലെ പോലെ 2023ലും മമ്മൂട്ടി ആധിപത്യം തുടര്‍ന്ന വര്‍ഷമാണ്. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്ക്വാഡ് 100 കോടിയുടെ ബിസിനസ്സാണ് കൊയ്തെടുത്തത്.

വര്‍ഷാവസാനത്തില്‍ റിലീസ് ചെയ്ത ജീത്തു ജോസഫ് ചിത്രം നേര് മോഹൻലാലിന്റെ കരിയറിലെ മറ്റൊരു സൂപ്പര്‍ ഹിറ്റായി മാറുകയാണ്. അതേസമയം, പോയ വര്‍ഷം മോഹൻലാല്‍ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ തിരിച്ചടി നേരിട്ടിരുന്നു.

ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കണക്ക് പ്രകാരം 210 ചിത്രങ്ങളാണ് 2023ല്‍ റിലീസ് ചെയ്തെത്. നിര്‍മ്മാതാവിന് മുടക്കുമുതല്‍ ലഭിച്ചത് 13 സിനിമകള്‍ മാത്രം. ആകെ നഷ്ടം 300 കോടിരൂപ. നിര്‍മ്മാതാവിനെ കടക്കെണിയിലാക്കിയ ചിത്രങ്ങളും ഒരു ഷോയില്‍ പ്രദര്‍ശനം അവസാനിപ്പിച്ചതും പോസ്റ്ററൊട്ടിച്ചതിന്റെ പൈസ പോലും ലഭിക്കാത്തുമായ സിനിമകള്‍ വരെയുണ്ട്.

ജൂഡ് ആന്തണി ജോസഫിന്റെ 2018, റോബി വര്‍ഗീസ് രാജിന്റെ കണ്ണൂര്‍ സ്ക്വാഡ്, നഹാസ് ഹിദായത്തിന്റെ ആര്‍ഡി എക്സ്, ജിതു മാധവന്റെ രോമാഞ്ചം, ജീത്തു ജോസഫിന്റെ നേര് എന്നിവയാണ് സൂപ്പര്‍ ഹിറ്റുകള്‍. അതേസമയം, പുലിമുരുകനും ലൂസിഫറും സ്ഥാപിച്ച ബോക്സ് ഓഫീസ് റെക്കാര്‍ഡുകള്‍ 2018 പിഴുതെറിഞ്ഞു. നൻപകല്‍ നേരത്ത് മയക്കം, നെയ്മര്‍, പ്രണയവിലാസം, പാച്ചുവും അത്ഭുതവിളക്കും, പൂക്കാലം, ഗരുഡൻ, ഫാലിമി, കാതല്‍, മധുര മനോഹരമോഹം എന്നിവയാണ് ഹിറ്റുകള്‍.

ഡിസംബര്‍ 29ന് നരേൻ, മീര ജാസ്മിൻ ചിത്രം ക്യൂൻ എലിസബത്ത് റിലീസ് ചെയ്യുന്നുണ്ട്. ഏറ്രവും കൂടുതല്‍ നവാഗത സംവിധായകര്‍ മാറ്റുരച്ച വര്‍ഷമാണ് പടിയിറങ്ങുന്നത്.

തമിഴ് സിനിമകള്‍ മലയാളത്തില്‍ വൻ ബിസിനസ് നടത്തിയ വര്‍ഷം കൂടിയാണ്. രജനികാന്തിന്റെ ജയിലര്‍, വിജയ്‌യുടെ ലിയോ എസ്.ജെ സൂര്യ വിശാല്‍ ചിത്രം ജിഗര്‍താണ്ടാ ഡബിള്‍ എക്സ്, ഷാരൂഖ് ഖാൻ ചിത്രങ്ങളായ ജവാൻ, പത്താൻ എന്നിവ മികച്ച കളക്ഷൻ നേടി. കേരളത്തില്‍ നിന്ന് ജയിലര്‍ 50 കോടി രൂപ ഷെയറാണ് നേടിയത്. മോഹൻലാലിന്റെ അതിഥി വേഷമാണ് കേരളത്തില്‍ ജയലറിന് വൻ സ്വീകര്യത നേടിയതിനുള്ള മറ്റൊരു കാരണം. പ്രഭാസ് – പ്രശാന്ത് നീല്‍- പൃഥ്വിരാജ് ചിത്രം സലാര്‍ കേരളത്തിലും വിജയം നേടുന്ന കാഴ്ചയാണ്. ഇനി, പുതുവര്‍ഷത്തിലാണ് മലയാള സിനിമയുടെ കണ്ണ്.

Facebook Comments Box

By admin

Related Post