Mon. Apr 29th, 2024

പാര്‍ട്ടിയുടെ പേരില്‍ രാഹുലുമായി തര്‍ക്കം, പ്രിയങ്ക ഭാരത് ന്യായ് യാത്രയിൽ നിന്ന് വിട്ടു നിൽക്കുന്നു’; ആരോപണവുമായി ബിജെപി

By admin Feb 17, 2024 #congress #Rahul Gandhi
Keralanewz.com

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്ര ഉത്തർപ്രദേശില്‍ പ്രവേശിച്ചതിന് പിന്നാലെ സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി റാലിയിൽ നിന്ന് വിട്ടുനില്‍ക്കുന്നതില്‍ പ്രതികരണവുമായി ബിജെപി.

കോണ്‍ഗ്രസ് പാർട്ടിയുടെ ഉടമസ്ഥാവകാശം ആർക്കെന്ന തർക്കമാണ് പ്രിയങ്ക ഗാന്ധി ന്യായ് യാത്രയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ പ്രധാനകാരണമെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ആരോപിച്ചു.

ഉത്തർപ്രദേശില്‍ പ്രവേശിച്ച ഭാരത് ന്യായ് യാത്രയില്‍ പങ്കെടുക്കാൻ സാധിക്കില്ലെന്ന് പ്രിയങ്ക ഗാന്ധി നേരത്തെ അറിയിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പ്രിയങ്ക ആശുപത്രിയില്‍ ചികിത്സ തേടുകയാണ്. ആരോഗ്യം പൂർവസ്ഥിതിയിലായാല്‍ യാത്രയില്‍ പങ്കെടുക്കുമെന്നും പ്രിയങ്ക അറിയിച്ചിരുന്നു. ഭാരത് ന്യായ് യാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍ക്കായി കഠിനാധ്വാനം ചെയ്ത യുപിയിലെ എന്റെ സഹപ്രവർത്തകർക്കും എന്റെ പ്രിയ സഹോദരനും ഇന്ന് ചന്ദൗലിയില്‍ എത്തുമ്ബോള്‍ എല്ലാവിധ വിജയങ്ങളും നേരുന്നു എന്നാണ് പ്രിയങ്ക അറിയിച്ചത്.

എന്നാല്‍ രാഹുലുമായുള്ള തർക്കത്തെ തുടർന്നാണ് പ്രിയങ്ക യാത്രയില്‍ പങ്കെടുക്കാത്തതെന്ന് ബിജെപി ആരോപിക്കുന്നു. കോണ്‍ഗ്രസ് പാർട്ടിയുടെ ഉടമസ്ഥാവകാശത്തിന് വേണ്ടി സഹോദരനും സഹോദരിയും തമ്മിലുള്ള തർക്കം രൂക്ഷമാണെന്ന് ഇപ്പോള്‍ എല്ലാവർക്കും അറിയാമെന്ന് അമിത് മാളവ്യ പറഞ്ഞു.

ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായി രാഹുല്‍ ഗാന്ധി ജനുവരി 14ന് മണിപ്പൂരില്‍ നിന്ന് മുംബയിലേക്ക് ആരംഭിച്ചതാണ് ഭാരത് ന്യായ് യാത്ര. ഇംഫാലില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് യാത്ര ഫ്ളാഗ് ഓഫ് ചെയ്തത്. വെള്ളിയാഴ്ചയാണ് യാത്ര ഉത്തർപ്രദേശില്‍ പ്രവേശിച്ചത്. അടുത്ത ലോക്സഭ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയെടുക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യം.

14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ 6,200 കിലോമീറ്ററാണ് യാത്ര പിന്നിടുന്നത്. സമാപനം മാർച്ച്‌ 20ന് മുംബയില്‍ വച്ച്‌ നടക്കും. രണ്ടാം യാത്ര കൂടുതലും പ്രത്യേക ബസിലാണ്. ചിലയിടങ്ങളില്‍ മാത്രമാണ് പദയാത്ര. മണിപ്പൂർ, നാഗാലാൻഡ്, അസം, മേഘാലയ, പശ്ചിമ ബംഗാള്‍, ബീഹാർ, ജാർഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് യാത്ര കടന്നു പോകുന്നത്.

Facebook Comments Box

By admin

Related Post