Sun. Apr 28th, 2024

തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ പണമില്ലെന്ന് നിര്‍മലാ സീതാരാമൻ; സ്ഥാനാര്‍ത്ഥികള്‍ക്ക് ചെലവാകുന്ന തുക എത്രയെന്ന് അറിയാമോ?

By admin Mar 30, 2024
Keralanewz.com

തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ തന്റെ പക്കല്‍ പണമില്ലെന്നും അതിനാല്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരം നിരസിച്ചെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

ബിജെപി അധ്യക്ഷൻ ജെപി നദ്ദ തനിക്ക് ആന്ധ്രാപ്രദേശില്‍ നിന്നോ തമിഴ്‌നാട്ടില്‍ നിന്നോ മത്സരിക്കാൻ അവസരം നല്‍കിയിരുന്നെന്നും നിർമല സീതാരാമൻ പറഞ്ഞിരുന്നു.

“ഒരാഴ്ചയോളം നീണ്ട ആലോചനക്കൊടുവിലാണ് മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചത്. മത്സരിക്കാനുള്ള പണം എന്റെ പക്കല്‍ ഇല്ല. ഇനിയിപ്പോള്‍ ആന്ധ്രപ്രദേശോ തമിഴ്നാടോ തന്നാലും എനിക്ക് പ്രശ്നങ്ങളുണ്ട്. ജയിക്കാനായി എതിർപക്ഷം നിങ്ങള്‍ ഈ സമാദയത്തില്‍ പെട്ടയാളാണോ എന്നും ഈ മതത്തില്‍ പെട്ട ആളാണോ എന്നൊക്കെ ചോദിക്കും. നിങ്ങളീ നാട്ടുകാരിയാണോ എന്നുവരെ ചോദിക്കാം. അതിനാല്‍ മത്സരിക്കാൻ ഇല്ല എന്ന് പറഞ്ഞു” ധനമന്ത്രി വ്യക്തമാക്കി.

ഇതോടെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ യഥാർത്ഥത്തില്‍ എത്ര തുക ചെലവാകും എന്ന ചോദ്യമാണ് പലരുടെയും മനസ്സില്‍ ഉയരുന്നത്. സ്ഥാനാർത്ഥികള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി എത്ര തുക ചെലവഴിക്കാമെന്നതിനെ കുറിച്ച്‌ നമുക്ക് ഇവിടെ പരിശോധിക്കാം

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) ഒരു സ്ഥാനാർത്ഥി തെരഞ്ഞെടുപ്പിനായി ചെലവഴിക്കുന്ന തുകയ്ക്ക് ഒരു പരിധി ഏർപ്പെടുത്തിയിട്ടുണ്ട്. 2022 ല്‍ ആണ് ഈ പരിധി അവസാനമായി പുതുക്കി നിശ്ചയിച്ചത്. വലിയ സംസ്ഥാനങ്ങളില്‍ മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിക്ക് 95 ലക്ഷം രൂപ വരെ ചെലവഴിക്കാം എന്നാണ് കണക്ക്. ഇനി ചെറിയ സംസ്ഥാനമാണെങ്കില്‍ സ്ഥാനാർത്ഥിക്ക് പരമാവധി 75 ലക്ഷം രൂപയാണ് തെരഞ്ഞെടുപ്പിനായി ചെലവഴിക്കാൻ സാധിക്കുക. ഇതില്‍ വലിയ സംസ്ഥാനങ്ങളില്‍ നിന്നും മത്സരിക്കുന്നവർക്ക് 40 ലക്ഷം രൂപ വരെ വിതരണം ചെയ്യാനും കഴിയും.എന്നാല്‍ ചെറിയ സംസ്ഥാനങ്ങള്‍ ഇതിന്റെ പരിധി 28 ലക്ഷം രൂപയാണ്.

ഓരോ സ്ഥാനാർത്ഥിയുടെയും നാമ നിർദ്ദേശ പത്രിക സമർപ്പിക്കുന്നതു മുതല്‍ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതുവരെയുള്ള ചെലവുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായി കണക്കാക്കുന്നതാണ്. പൊതുയോഗങ്ങള്‍, റാലികള്‍, പരസ്യങ്ങള്‍, ലഘുലേഖകള്‍, പ്രചാരണ സാമഗ്രികള്‍ തുടങ്ങിയവയ്ക്കായി ചെലവഴിച്ച തുക ഇതില്‍ ഉള്‍പ്പെടുന്നു. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി മാത്രം സ്ഥാനാർത്ഥികള്‍ പ്രത്യേകമായി ഒരു ബാങ്ക് അക്കൗണ്ട് എടുക്കാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്.

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 10 എ പ്രകാരം, വ്യാജ അക്കൗണ്ട് എടുക്കുകയോ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിധിക്കപ്പുറം പണം ചെലവഴിക്കുകയോ ചെയ്ത സ്ഥാനാർത്ഥിയെ മൂന്ന് വർഷം വരെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കിക്കൊണ്ട് നടപടിയും സ്വീകരിക്കാം. തിരഞ്ഞെടുപ്പ് പൂർത്തിയായി 30 ദിവസത്തിനകം ഓരോ സ്ഥാനാർത്ഥികളും തങ്ങള്‍ ചെലവഴിച്ച തുകയുടെ വിശദവിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കേണ്ടതുണ്ട്. എന്നാല്‍ ഈ പരിധിയും നിയമവും നിലനിന്നിട്ടും എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളിലെ സ്ഥാനാർത്ഥികളും ഈ നിശ്ചിത തുകയ്ക്ക് അപ്പുറമാണ് പലപ്പോഴും ചെലവഴിക്കുന്നത് എന്നതും വാസ്തവമാണ്.

ഇനി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്ന ഏതൊരു സ്ഥാനാർത്ഥിയും നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനോടൊപ്പം ഒരു നിശ്ചിത തുക സെക്യൂരിറ്റിയായി പോളിംഗ് പാനലില്‍ കെട്ടിവയ്ക്കണം. ഇതില്‍ പൊതു സ്ഥാനാർത്ഥികള്‍ കെട്ടിവയ്ക്കേണ്ടത് 25000 രൂപയും പട്ടികജാതി-വർഗ വിഭാഗത്തില്‍പ്പെട്ട സ്ഥാനാർത്ഥികള്‍ 12,500 രൂപയുമാണ് നല്‍കേണ്ടത്. നിയമസഭ തെരഞ്ഞെടുപ്പില്‍ ആകട്ടെ പൊതുവിഭാഗത്തില്‍പ്പെട്ടവർ 10,000 രൂപയും എസ്‌സി/എസ്ടി സ്ഥാനാർത്ഥികള്‍ 5000 രൂപയും കെട്ടിവയ്ക്കണം.

എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വരുമ്ബോള്‍ സ്ഥാനാർഥിയ്ക്ക് ആകെ പോള്‍ ചെയ്തതിന്റെ ആറിലൊന്ന് വോട്ട് ലഭിച്ചില്ലെങ്കില്‍ കെട്ടിവെച്ച കാശ് തിരികെ ലഭിക്കില്ല. 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഔദ്യോഗിക ചെലവ് 1,264 കോടിയും കോണ്‍ഗ്രസിന്റേത് 820 കോടിയുമാണെന്നാണ് റിപ്പോർട്ട്‌.

Facebook Comments Box

By admin

Related Post