Kerala NewsLocal NewsNational NewsPolitics

പ്രധാനമന്ത്രി കേരളത്തിലെ ബൂത്ത് പ്രവര്‍ത്തകരുമായി ഇന്ന് സംവദിക്കും; തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും

Keralanewz.com

തിരുവനന്തപുരം; പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെ ബൂത്ത് പ്രവർത്തകരുമായി ഇന്ന് സംവദിക്കും. വൈകിട്ട് 6.30 മുതല്‍ എട്ട് മണി വരെയാണ് അദ്ദേഹം പ്രവർത്തകരുമായി സംവദിക്കുക.

സുശക്തമാണ് എന്റെ ബൂത്ത് എന്ന പേരില്‍ പ്രധാനമന്ത്രി നടത്തുന്ന ആശയവിനിമയ പരിപാടിയുടെ ഭാഗമായിട്ടാണ് കേരളത്തിലെ പ്രവർത്തകരുമായും സംവദിക്കുന്നത്.

ഇന്നലെ തമിഴ്‌നാട്ടിലെ ബൂത്ത് കാര്യകർത്താക്കളുമായി പ്രധാനമന്ത്രി സംവദിച്ചിരുന്നു. കേന്ദ്രസർക്കാർ പദ്ധതികളെക്കുറിച്ചുളള വിവരങ്ങള്‍ പരമാവധി ജനങ്ങളിലേക്ക് എത്തിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. വോട്ട് നഷ്ടമാകുമെന്ന ഭയത്തില്‍ കേന്ദ്ര പദ്ധതികളുടെ ആനുകൂല്യം ജനങ്ങളിലെത്തുന്നത് തടസപ്പെടുത്താനാണ് സ്റ്റാലിൻ സർക്കാർ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡിഎംകെ സർക്കാരിനെതിരായ ജനരോഷം ഈ വോട്ടെടുപ്പില്‍ പ്രകടമാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെയാണ് അദ്ദേഹം കേരളത്തിലെ ബൂത്ത് നേതാക്കളുമായി സംവദിക്കാൻ ഒരുങ്ങുന്നത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പത്തനംതിട്ടയിലും പാലക്കാടും എൻഡിഎയുടെ പ്രചാരണ പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. അതിന് മുൻപ് കൊച്ചിയിലും തൃശൂരും തിരുവനന്തപുരത്തും നടന്ന പരിപാടികളില്‍ പ്രധാനമന്ത്രി എത്തിയത് പാർട്ടി പ്രവർത്തകർക്ക് വലിയ ആവേശമായി.

പാർട്ടിയുടെ അടിത്തട്ടിലെ പ്രവർത്തകരെയും പ്രാദേശിക നേതാക്കളെയും ഉള്‍ക്കൊളളുന്ന ബൂത്ത് തലത്തില്‍ പ്രധാനമന്ത്രി നേരിട്ട് സംവദിക്കുന്നതിലൂടെ പ്രവർത്തകരുടെ ആത്മവിശ്വാസം വർദ്ധിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. കൂടുതല്‍ ജനങ്ങളിലേക്ക് ഭരണ നേട്ടങ്ങള്‍ എത്തിക്കാനും ഇതിലൂടെ കഴിയുമെന്നാണ് കണക്കുകൂട്ടല്‍.

Facebook Comments Box