Sat. Apr 27th, 2024

ഒമിക്രോണ്‍:വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവർ ചെയ്യേണ്ട കാര്യങ്ങൾ

By admin Dec 3, 2021 #news
Keralanewz.com

തിരുവനന്തപുരം: ലോകത്ത് പല രാജ്യങ്ങളിലും ഒമിക്രോണ്‍ വൈറസ് വകഭേദം (Omicron Variant) സ്ഥിരീകരിച്ച സാഹചര്യത്തില്‍ യാത്രക്കാരെ സുരക്ഷിതമായി വരവേല്‍ക്കാന്‍ സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (Veena George). വളരെ നേരത്തെ രോഗബാധിതരെ കണ്ടെത്തുന്നതിനും അവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനും അതിലൂടെ രോഗ വ്യാപനം തടയുന്നതിനുമാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവരില്‍ പോസിറ്റീവാകുന്നവരെ ആശുപത്രികളിലെ പ്രത്യേക വാര്‍ഡിലേക്കും റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ നെഗറ്റീവാകുന്നവരെ ഹോം ക്വാറന്‍റീനിലേക്കുമാണ് മാറ്റുന്നത്. അല്ലാത്തവര്‍ക്ക് സ്വയം നിരീക്ഷണമാണ്. വിമാനത്തില്‍ കയറുന്നത് മുതല്‍ എയര്‍പോര്‍ട്ടിലും വീട്ടിലേക്ക് പോകുമ്പോഴും വീട്ടിലെത്തിയ ശേഷവും ജാഗ്രത തുടരേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി

എയര്‍പോര്‍ട്ടുകളില്‍ യാത്രക്കാരുടെ ആർടിപിസിആർ പരിശോധനയ്ക്കും ആരോഗ്യ നില വിലയിരുത്തുന്നതിനും കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് എയര്‍പോര്‍ട്ടുകളില്‍ 5 മുതല്‍ 10 വരെ കിയോസ്‌കുകള്‍ ഒരുക്കുന്നതാണ്. പിപിഇ കിറ്റ് ധരിച്ച് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ആരോഗ്യ പ്രവര്‍ത്തകര്‍ സേവനം നല്‍കുക. ഗര്‍ഭിണികള്‍, പ്രസവം കഴിഞ്ഞ അമ്മമാരും കുഞ്ഞുങ്ങളും, 10 വയസിന് താഴെയുള്ള കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍, വയോജനങ്ങള്‍, ഇവരുമായി വരുന്ന കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് പരിശോധനയ്ക്ക് മുന്‍ഗണന നല്‍കുന്നതാണ്. തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ സജ്ജീകരണങ്ങള്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വിലയിരുത്തി.

പോസിറ്റീവായവരെ സുരക്ഷാ മാനദണ്ഡങ്ങളോടെ ആംബുലന്‍സിൽ പ്രത്യേക വാര്‍ഡുകളില്‍ എത്തിക്കുന്നതാണ്. ഇതിനായി 108 ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ട്. നെഗറ്റീവായവര്‍ക്ക് അവരുടെ വാഹനത്തില്‍ വീടുകളില്‍ ക്വാറന്‍റീനിലേക്ക് പോകാവുന്നതാണ്. ആ വാഹനത്തില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. യാത്രക്കാര്‍ പുറകിലത്തെ സീറ്റിലിരിക്കണം. യാത്രക്കാരും ഡ്രൈവറും തമ്മില്‍ നേരിട്ട് സമ്പര്‍ക്കം വരാതിരിക്കാന്‍ പ്ലാസ്റ്റിക്കോ മറ്റോ ഉപയോഗിച്ച് പാര്‍ട്ടീഷന്‍ ചെയ്യണം. ഡ്രൈവര്‍ മാസ്‌കും ഫേസ് ഷീല്‍ഡും ശരിയായ വിധം ധരിക്കണം. ഒരു കാരണവശാലും വാഹനം വഴിയില്‍ നിര്‍ത്തി കടകളിലോ മറ്റോ കയറരുത്. യാത്രക്കാരെ എത്തിച്ച ശേഷം വാഹനം സാനിറ്റൈസ് ചെയ്യണം

ക്വാറന്‍റീനിലുള്ളവർ വീട്ടില്‍ പ്രത്യേകമായി ടോയിലറ്റ് സൗകര്യമുള്ള മുറിയില്‍ തന്നെ കഴിയണം. വായൂ സഞ്ചാരം കടക്കുന്ന മുറിയായിരിക്കണം. ക്വാറന്‍റീൻ കാലയളവില്‍ ഒരു കാരണവശാലും മറ്റുള്ളവരുമായി സമ്പര്‍ക്കമുണ്ടാകരുത്. ഏഴ് ദിവസം ക്വാറന്‍റീനിൽ കഴിഞ്ഞ ശേഷം എട്ടാം ദിവസം ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം പരിശോധന നടത്തേണ്ടതാണ്. വീട്ടില്‍ ക്വാറന്‍റീനിൽ കഴിയുമ്പോള്‍ പോസിറ്റീവായാല്‍ വീട്ടിലുള്ള എല്ലാവരേയും പരിശോധിക്കുന്നതാണ്. നെഗറ്റീവാണെങ്കില്‍ വീണ്ടും 7 ദിവസം സ്വയം നിരീക്ഷിക്കണം. സ്വയം നിരീക്ഷണ സമയത്ത് ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളിലോ ചടങ്ങുകളിലോ പോകരുത്. വീട്ടിലും പുറത്തും ശരിയായ വിധം മാസ്‌ക് ധരിക്കണം. എല്ലാവരും ജാഗ്രത പാലിച്ചാല്‍ ഒമിക്രോൺ വൈറസിനെ പ്രതിരോധിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി

Facebook Comments Box

By admin

Related Post