Sun. Apr 28th, 2024

വിവരാവകാശ കമ്മിഷന് തെറ്റായ വിവരങ്ങള്‍ നല്‍കി; ഇന്‍സ്‌പെക്ടര്‍ക്ക് 25,000 രൂപ പിഴ

By admin Jan 4, 2022 #news
Keralanewz.com

എഴുകോണ്‍ (കൊല്ലം) : വിവരാവകാശ കമ്മിഷന് തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് എഴുകോണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.എസ്.ശിവപ്രകാശിന് 25,000 രൂപ പിഴ വിധിച്ചു. 30 ദിവസത്തിനുള്ളില്‍ പിഴയൊടുക്കി കമ്മിഷന്‍ സെക്രട്ടറിയെ അറിയിക്കണം. അല്ലാത്തപക്ഷം ഇന്‍സ്‌പെക്ടറുടെ ശമ്പളത്തില്‍നിന്ന് തുക പിടിച്ച് അടയ്ക്കുന്ന കാര്യം ഓഫീസ് മേധാവി ഉറപ്പുവരുത്തണം. അതുമല്ലെങ്കില്‍ സ്ഥാവരജംഗമവസ്തുക്കള്‍ ജപ്തിചെയ്ത് സംഖ്യ ഈടാക്കണമെന്നും വിവരാവകാശ കമ്മിഷന്റെ ഉത്തരവില്‍ പറയുന്നു.
ഇളമ്പല്‍ ആരംപുന്ന നിലാവില്‍ മുരളീധരന്‍ പിള്ളയുടെ പരാതിയിലാണ് ഉത്തരവ്. 2014ല്‍ ശിവപ്രകാശ് പുനലൂര്‍ എസ്.ഐ. ആയിരിക്കെ വിവരാവകാശനിയമപ്രകാരം മുരളീധരന്‍ പിള്ള നല്‍കിയ അപേക്ഷയ്ക്ക് പൂര്‍ണവിവരം നല്‍കിയില്ല. പരാതി നല്‍കിയതിനെത്തുടര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശിവപ്രകാശിനോട് കമ്മിഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തെറ്റായ വിവരങ്ങളാണ് സമര്‍പ്പിച്ചത്. പരാതിക്കാരനെതിരേ വിവിധ കേസുകളുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇത് കമ്മിഷനുമുന്നില്‍ തെളിയിക്കാന്‍ പോലീസ് ഉദ്യോഗസ്ഥന് കഴിഞ്ഞില്ല.
പിഴചുമത്താതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും അതുണ്ടാകാത്ത സാഹചര്യത്തിലാണ് ഇപ്പോഴത്തെ ഉത്തരവ്. കമ്മിഷനെയും വിവരാവകാശനിയമത്തെയും അവഹേളിക്കുന്ന സമീപനമാണ് നിയമപാലകനില്‍നിന്ന് ഉണ്ടായതെന്നും അതിനാലാണ് പരമാവധി ശിക്ഷ നല്‍കുന്നതെന്നും കമ്മിഷന്‍ വിലയിരുത്തി

Facebook Comments Box

By admin

Related Post