Thu. May 9th, 2024

പങ്കാളിക്ക് വിവാഹേതര ബന്ധമുണ്ടെന്ന വ്യാജ ആരോപണം ഉന്നയിക്കുന്നത് മാനസിക പീഡനത്തിന് തുല്യം – ഡല്‍ഹി ഹൈക്കോടതി

By admin Apr 27, 2024
Keralanewz.com

ന്യൂഡല്‍ഹി: പങ്കാളിക്ക് നേരെ തക്കതായ തെളിവുകളില്ലാതെ വിവാഹേതര ബന്ധം ആരോപിക്കുന്നത് ക്രൂരമാണെന്നും മാനസിക പീഡനത്തിന് തുല്യമായി കണക്കാക്കാമെന്നും ഡല്‍ഹി ഹൈക്കോടതി.

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും കുട്ടികള്‍ തന്റേതുമല്ലെന്നും കാട്ടി വിവാഹമോചനം ആവശ്യപ്പെട്ട കുടുംബക്കോടതിയിലെത്തിയ കേസിലാണ് ഹൈക്കോടതി ഉത്തരവ്.

ജസ്റ്റിസ് സുരേഷ് കുമാര്‍ കെെത്, ജസ്റ്റിസ് നീനാ ബന്‍സാല്‍ കൃ്ണ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. അടിസ്ഥാനമില്ലാതെയുള്ള ആരോപണങ്ങള്‍ കാട്ടിയാല്‍ വിവാഹമോചനം അനുവദിക്കാനാവില്ലെന്ന കുടുംബക്കോടതിയുടെ വിധിയെ ഹൈക്കോടതി പിൻതാങ്ങി.

“കുട്ടികളുടെ പിതൃത്വവുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശങ്ങള്‍ മാനസികമായി പങ്കാളിയെ തകര്‍ക്കാന്‍ കെല്‍പ്പുള്ളതാണ്. ദാമ്ബത്യബന്ധത്തെ തന്നെ ഇത് ഗുരുതരമായി ബാധിക്കും. കുട്ടികളോടുള്ള നിയമപരമായ ഉത്തരവാദിത്വത്തെ നിരാകരിക്കുന്നതും പ്രോത്സാഹിപ്പിക്കാനാവില്ല”, അടിസ്ഥാനരഹിതമായ ഇത്തരം ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ വിവാഹമോചനം നല്‍കാനാവില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. ഇത് വിവാഹമോചനം ആവശ്യപ്പെടുന്നയാളെ അനർഹനായി കണക്കാക്കാനും കഴിയുമെന്നും കോടതി നിരീക്ഷിച്ചു.

ഒന്നിലധികം പുരുഷന്മാരുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങളാണ് കുടുംബക്കോടതിയില്‍ പങ്കാളി ഉന്നയിച്ചത്. ക്രോസ് വിസ്താരത്തിനൊടുവില്‍ അത്തരം സാഹചര്യം നേരിട്ട് കണ്ടിട്ടില്ലെന്ന് ഒടുവില്‍ ഭര്‍ത്താവ് സമ്മതിക്കുകയായിരുന്നു.ഈ കേസില്‍ കേസ് കൊടുത്ത ഭർത്താവല്ല ഭാര്യയാണ് ക്രൂരതക്കിരയായതെന്നും അതിനാല്‍ വിവാമോചനം നല്‍കേണ്ടെന്ന തീരുമാനം ശരിവെക്കുകയാണെന്നും ഡിവിഷന്‍ ബെഞ്ച് കൂട്ടിച്ചേര്‍ത്തു.

Facebook Comments Box

By admin

Related Post