Mon. Apr 29th, 2024

ധീരജ് രാജേന്ദ്രന്റെ മൃതദേഹം സംസ്കരിച്ചു

By admin Jan 12, 2022 #news
Keralanewz.com

കണ്ണൂർ: ഇടുക്കി പൈനാവ് എഞ്ചിനീയറിങ് കോളേജിൽ കഴിഞ്ഞ ദിവസം കുത്തേറ്റ് മരിച്ച എസ്.എഫ്.ഐ നേതാവ് ധീരജ് രാജേന്ദ്രന്റെ മൃതദേഹം സംസ്കരിച്ചു. പുലർച്ചെ രണ്ട് മണിയോടെയാണ് സംസ്കാരം നടത്തിയത്. തളിപ്പറമ്പിലെ ധീരജിന്റെ വീടിനോട് ചേർന്ന് സിപിഎം വാങ്ങിയ എട്ട് സെന്റ് സ്ഥലത്താണ് സംസ്കാരം നടത്തിയത്. ഇന്നലെ രാവിലെ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിലും ധീരജ് പഠിച്ചിരുന്ന കോളേജിലും പൊതുദർശനത്തിന് വെച്ച ശേഷമാണ് മൃതദേഹം വിലാപയാത്രയായി ഉച്ചയോടെ ജന്മനാടായ കണ്ണൂരിലേക്ക് കൊണ്ട് പോയത്.

രാത്രി 12.30ന് തളിപ്പറമ്പ് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ എത്തിച്ചു. ആയിരക്കണക്കിന് നാട്ടുകാരും പാർട്ടി പ്രവർത്തകരും ഇവിടെ ധീരജിനെ അവസാനമായി കാണാൻ എത്തിയിരുന്നു. ഇതിന് ശേഷം അന്തിമ കർമങ്ങൾ ചെയ്യുന്നതിനായി വീട്ടിലെത്തിച്ച് ബന്ധുക്കൾക്ക് വിട്ടുനൽകുകയായിരുന്നു. ധീരജിന്റെ മൃതദേഹം സ്വന്തം വീട്ടിലെത്തിച്ചപ്പോൾ മാതാപിതാക്കളേയും സഹോദരനേയും ആശ്വസിപ്പിക്കാൻ കഴിയാതെ കണ്ടുനിന്നവർ ബുദ്ധിമുട്ടി.

ഇടുക്കിയിൽ നിന്ന് തളിപ്പറമ്പ് വരെ വഴിനീളെ ആയിരക്കണക്കിനാളുകളും പാർട്ടി പ്രവർത്തകരും കാത്തുനിന്നു. പൊതുദര്ഡശനം നിശ്ചയിച്ചിരുന്ന ഓരോ കേന്ദ്രങ്ങളിലും ജനക്കൂട്ടം വിചാരിച്ചതിലും അതികമായി എത്തിയതോടെയാണ് അഞ്ച് മണിക്ക് നടത്താൻ നിശ്ചയിച്ചിരുന്ന സംസ്കാരം രാത്രി വൈകാൻ കാരണം. വഴി നീളെ കാത്തുനിന്ന പ്രവർത്തകർ മുദ്രാവാക്യം വിളിച്ചാണ് ധീരജിന് അന്തിമോപചാരം അർപ്പിച്ചത്.

ക്രിസ്മസ് അവധിക്കാണ് ഇടുക്കിയിൽ നിന്ന് അവസാനമായി ധീരജ് വീട്ടിലെത്തി മടങ്ങിയത്. അവസാന വർഷ എഞ്ചിനീയറിങ് വിദ്യാർഥിയായ ധീരജ് ആറ് മാസത്തിനപ്പുറം പഠനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് കൊല്ലപ്പെട്ടത്. മകന്റെ അപ്രതീക്ഷിത വിയോഗം താങ്ങാനാകാതെ കരഞ്ഞുതളർന്ന അവസ്ഥയിലായിരുന്നു അച്ഛൻ രാജേന്ദ്രനും അമ്മ പുഷ്പകലയും ഒപ്പം സഹോദരൻ അദ്വൈദും. ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് വൈകുന്നേരം നാല് മണി മുതൽ തളിപ്പറമ്പിൽ ഹർത്താൽ ആചരിക്കുകയാണ്.

ഇന്നലെയാണ് ധീരജ് നെഞ്ചിൽ കുത്തേറ്റ് മരിച്ചത്. കൊലപാതകത്തിൽ യൂത്ത് കോൺഗ്രസ് നേതാവായ നിഖിൽ പൈലി, ജെറിൻ ജോ എന്നിങ്ങനെ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. അതേസമയം കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തത് അല്ലെന്നും പെട്ടെന്നുള്ള പ്രകോപനത്തിലാണ് സംഭവമെന്നുമാണ് പോലീസ് പറയുന്നത്

Facebook Comments Box

By admin

Related Post