Sun. Apr 28th, 2024

പുതിയ മദ്യനയത്തിന്റെ ഭാഗമായി ഐടി പാര്‍ക്കുകളില്‍ ബാറും പബ്ബും വന്നേക്കും

By admin Feb 26, 2022 #bevarage #liquor
Keralanewz.com

തിരുവനന്തപുരം∙ പുതിയ മദ്യനയത്തിന്റെ ഭാഗമായി ഐടി പാര്‍ക്കുകളില്‍ ബാറും പബ്ബും വന്നേക്കും. കരടുനയത്തില്‍ ഇക്കാര്യവും ഉള്‍പ്പെടുത്തിയതായാണു സൂചന.

ഇതുസംബന്ധിച്ച്‌ ഐടി സെക്രട്ടറിയാണു ശുപാര്‍ശ നല്‍കിയത്. ഐടി പാര്‍ക്കുകളിലെ മദ്യശാലകളില്‍ പുറത്തുനിന്നുള്ളവര്‍ക്കു പ്രവേശനമുണ്ടാകില്ല. ക്ലബ്ബുകളുടെ മാതൃകയിലാകും പ്രവര്‍ത്തനം.

കള്ളുഷാപ്പുകള്‍ക്ക് ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നുള്ള ദൂരപരിധി 400 മീറ്ററില്‍നിന്ന് 200 മീറ്ററാക്കി കുറയ്ക്കണമെന്ന് എക്സൈസ് കമ്മിഷണര്‍ ശുപാര്‍ശ നല്‍കി. ബാറുകള്‍ക്ക് 200 മീറ്റര്‍ ദൂരപരിധിയുള്ള സാഹചര്യത്തിലാണു ശുപാര്‍ശ. പുതിയ മദ്യനയത്തിന്റെ ഭാഗമായി ഈ നിര്‍ദേശവും പരിഗണിക്കും.

മദ്യശാലകളുടെ പ്രവര്‍ത്തനത്തില്‍ സമഗ്രമായ മാറ്റമാണു പുതിയ നയത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ക്യൂ നില്‍ക്കാതെ മദ്യം വാങ്ങാന്‍ കഴിയുന്ന ബവ്റിജസ് ഷോപ്പുകളും അടിസ്ഥാന സൗകര്യങ്ങളുള്ള ബാറുകളും കള്ളുഷാപ്പുകളും മാത്രമേ പുതുതായി അനുവദിക്കൂ. 175 പുതിയ വില്‍പനശാലകള്‍ക്കു ബവ്കോ ശുപാര്‍ശ നല്‍കിയെങ്കിലും ഇവ പൂര്‍ണമായി അനുവദിക്കില്ല.

മദ്യശാലകളുടെ എണ്ണം കുറഞ്ഞാലും അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന് എക്സൈസ് മന്ത്രി നിര്‍ദേശം നല്‍കി. വകുപ്പിലെ ചര്‍ച്ചകളുടെ കരടു റിപ്പോര്‍ട്ട് സിപിഎം ചര്‍ച്ച ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും എല്‍ഡിഎഫും നിര്‍ദേശിക്കുന്ന മാറ്റങ്ങളോടെ മന്ത്രിസഭ അംഗീകരിച്ച്‌ മാര്‍ച്ച്‌ 21നു മുന്‍പ് പുതിയ മദ്യനയത്തിന്റെ ഉത്തരവിറങ്ങും.

ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റണമെന്നു ബവ്കോയും ബാറുടമകളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തൊഴിലാളിസംഘടനകള്‍ ഇതിനെ എതിര്‍ത്തു. ആ ദിവസത്തെ അവധി തുടരണമെന്നാണ് അവരുടെ അഭ്യര്‍ഥന. അന്തിമ തീരുമാനം മുന്നണിയെടുക്കും.

Facebook Comments Box

By admin

Related Post