Sun. Apr 28th, 2024

വികസന സെമിനാർ കക്ഷി യോഗമാക്കി പഞ്ചായത്ത് പ്രസിഡന്റ് . ചട്ടവിരുദ്ധ യോഗം പിരിച്ചു വിട്ട് പഞ്ചായത്ത് സെക്രട്ടറി .

By admin Feb 22, 2023 #cpm #kerala congress m
Keralanewz.com

കുറവിലങ്ങാട് :
കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ വികസന സെമിനാറിൽ സംഘർഷം. ചട്ടവിരുദ്ധമായി വികസന സെമിനാർ സംഘടിപ്പിച്ചത് എൽഡിഎഫ് ചോദ്യം ചെയ്യുകയും പരാതി നൽകുകയും ചെയ്തതിനെ തുടർന്ന് വികസന സെമിനാർ സെക്രട്ടറി പിരിച്ചുവിട്ടു. പഞ്ചായത്ത് രാജ് ചട്ടമനുസരിച്ച് യോഗത്തിൽ നിർബന്ധമായും പങ്കെടുപ്പിക്കേണ്ട ജില്ലാ ,ബ്ലോക്ക് മെമ്പർമാരെയും പൊതുപ്രവർത്തകരായ കക്ഷി നേതാക്കളെയും വികസന സെമിനാറിൽ നിന്നും ബോധപൂർവ്വം ഒഴിവാക്കി എന്നതാണ് പരാതി.

ഒരു വിഭാഗം കോൺഗ്രസ് നേതാക്കളെ മാത്രമാണ് പരിപാടിക്ക് ക്ഷണിച്ചത് എന്ന് ആക്ഷേപമുണ്ട്. നിലവിലെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനു പോലും ക്ഷണം കിട്ടിയില്ല എന്നാണ് സൂചന. സെമിനാർ സമയം ഇദ്ദേഹം പഞ്ചായത്ത് കോമ്പൗണ്ടിന് പുറത്ത് മാത്രം നിലകൊള്ളുകയും തന്റെ അതൃപ്തി പലരെയും അറിയിക്കുകയും ചെയ്തതായാണ് റിപ്പോർട്ട് .
ചട്ടവിരുദ്ധ യോഗം സംബന്ധിച്ച് സെമിനാർ തുടങ്ങും മുൻപേ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.സി. കുര്യൻ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു.വികസന സെമിനാറിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ ജനപ്രതിനിധികളും കക്ഷി നേതാക്കളും വ്യാപാരി പ്രതിനിധി കളും തങ്ങളെ വികസന സെമിനാറിൽ നിന്നും ചട്ടവിരുദ്ധമായി ഒഴിവാക്കിയതിൽ പ്രതിഷേധം അറിയിച്ചു സംസാരിച്ചു. സംസാരിച്ച അംഗങ്ങളെ തടസ്സപ്പെടുത്തുവാനും ഭീഷണി മുഴക്കുവാനും കോൺഗ്രസിന്റ മുൻ മണ്ഡലം പ്രസിഡന്റ് ശ്രമിച്ചത് കയ്യാങ്കളിക്കിടയാക്കി. വേദിയിൽ കയറി നിന്നാണ് ഇദ്ദേഹം ഭീഷണി മുഴക്കിയത്. സെമിനാറിൽ പങ്കെടുത്ത വനിതകളടക്കം കോൺഗ്രസ് നേതാവിന്റ പെരുമാറ്റത്തിൽ പ്രതിഷേധിച്ചു വേദിക്കു മുൻപിലെത്തി. ഇത് ചേരിതിരിഞ്ഞുള്ള തർക്കത്തിന് കാരണമായി.

പഞ്ചായത്ത് പ്രദേശത്ത് ഒരു ജില്ലാ പഞ്ചായത്ത് അംഗവും, മൂന്നു ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളുമാണുള്ളത്. ഇവരെ പൂർണ്ണമായും വികസന സെമിനാറിൽ നിന്നും ഒഴിവാക്കി പഞ്ചായത്ത് രാജ് ചട്ടം അട്ടിമറിച്ചു എന്നും വികസന സെമിനാർ രാഷ്ട്രീയ പരിപാടിയാക്കി മാറ്റി എന്നുമാണ് എൽഡിഎഫിന്റെ പ്രധാന പരാതി.
ഇടതുപക്ഷ കക്ഷി നേതാക്കൾ പൊതുപ്രവർത്തകർ വ്യാപാരി സംഘടനാ പ്രതിനിധികൾ, സഹകരണ സംഘം ജനപ്രതിനിധികൾ എന്നിവരെയെല്ലാം ഒഴിവാക്കിയത് ജനാധിപത്യവിരുദ്ധമാണെന്നും എൽ.ഡി.എഫ് നേതാക്കൾ യോഗത്തിൽ ചൂണ്ടിക്കാട്ടി.

പഞ്ചായത്ത്‌രാജ് ചട്ടത്തിലെ മാർഗ്ഗ നിർദ്ദേശങ്ങൾ ഇക്കാര്യത്തിൽ പാലിച്ചിട്ടില്ലാത്തതിനാൽ സെമിനാർ മാറ്റിവയ്ക്കുന്നതായും ഇക്കാര്യത്തിൽ തെറ്റുപറ്റിയിട്ടുണ്ട് എന്നും പഞ്ചായത്ത് സെക്രട്ടറി പൊതുവായി അറിയിച്ചതിനെ തുടർന്ന് യോഗം പിരിച്ചുവിട്ടു.

വികസന കാര്യങ്ങളിൽ രാഷ്ട്രീയം കലർത്തിയുള്ള പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും
രാഷ്ടീയത്തിനതീതമായി എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി ചട്ട പ്രകാരം വികസന സെമിനാർ സംഘടിപ്പിക്കുവാൻ പഞ്ചായത്ത് പ്രസിഡണ്ട് തയ്യാറാകണമെന്നും എൽ.ഡി.എഫ് നേതാക്കളായ പി.സി.കുര്യൻ സിബി മാണി ,
ടി. എൻ .എസ് ഇളയത് ,എ.ഡി. കുട്ടി, ബേബിച്ചൻ തയ്യിൽ , പ്രണവ് ഷാജി മെമ്പർമാരായ ഡാർലി ജോജി , രമാ രാജു , സന്ധ്യ സജികുമാർ,വിനു കുര്യൻ , ഇ.എ.കമലാസനൻ ബിജു പുഞ്ചയിൽ എന്നിവർ ആവശ്യപ്പെട്ടു.

ജനാധിപത്യരീതിയിൽ അഭിപ്രായപ്രകടനം നടത്തുന്നവർക്കെതിരെ ഭീഷണി മുഴക്കുകയും വേദിയിൽ കയറി ഗുണ്ടായിസം കാട്ടുകയും ചെയ്ത കോൺഗ്രസ് നേതാവിനെ കോൺഗ്രസ് നേതൃത്വം നിലക്കു നിർത്തുന്നത് ജനാധിപത്യ സംരക്ഷണത്തിന് നല്ലതാണെന്ന് യൂത്ത് ഫ്രണ്ട് (എം) മണ്ഡലം കമ്മറ്റി അഭിപ്രായപ്പെട്ടു. സെമിനാറിൽ പങ്കെടുക്കാതിരുന്ന ഭരണകക്ഷി നേതാവിനോട് സഹതാപമുണ്ടെന്നും യൂത്ത് ഫ്രണ്ട് കൂട്ടിച്ചേർത്തു.

Facebook Comments Box

By admin

Related Post