Sun. Apr 28th, 2024

വായ്പ തിരിച്ചടച്ച്‌ 30 ദിവസത്തിനകം രേഖകള്‍ നല്‍കണം; അല്ലെങ്കില്‍ പ്രതിദിനം 5000രൂപ പിഴയെന്ന് ബാങ്കുകളോട് ആര്‍ ബി ഐ

By admin Dec 7, 2023
Keralanewz.com

വീടിന്റെയോ മറ്റ് സ്വത്തുക്കളുടെയോ രേഖകള്‍ ഈട് നല്‍കിയാണ് ബാങ്ക് വായ്പ എടുക്കാറുള്ളത്. ബാങ്ക് വായ്പ തിരിച്ചടച്ച്‌ കഴിഞ്ഞാല്‍ മാത്രമാണ് ഈ രേഖകള്‍ തിരികെ ലഭിക്കാറുള്ളു.

ബാങ്ക് വായ്പ തിരിച്ചടച്ച്‌ നടത്തി 30 ദിവസത്തിനകം സ്ഥാവര ജംഗമ വസ്തുക്കളുടെ രേഖകള്‍ വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍ തിരികെ നല്‍കണമെന്ന് മൂന്ന് മാസം മുൻപ് ആര്‍ബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ ഒന്ന് മുതല്‍ രാജ്യത്തെ ബാങ്കുകള്‍ ഇത് പാലിക്കണമെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത മറ്റു ചാര്‍ജുകള്‍ നീക്കം ചെയ്യാനും ആര്‍ബിഐ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബാങ്കുകള്‍ കൃത്യസയത്ത് രേഖകള്‍ തിരികെ നല്‍കിയില്ലെങ്കില്‍, ഓരോ ദിവസത്തെ കാലതാമസത്തിനും ഉപഭോക്താവിന് 5000 രൂപ പിഴ അടയ്‌ക്കേണ്ടി വരും.

കൂടാതെ ഈട് നല്‍കിയ രേഖകള്‍ നഷ്‌ടപ്പെടുകയോ, കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ ഡ്യുപ്ലിക്കേറ്റ് രേഖകള്‍ ലഭ്യമാക്കുന്നതിനുള്ള ചെലവും വായ്പാദാതാക്കള്‍ വഹിക്കണം. അത്തരം സന്ദര്‍ഭങ്ങളില്‍, നടപടിക്രമം പൂര്‍ത്തിയാക്കാൻ 30 ദിവസത്തെ അധിക സമയം കൂടി നല്‍കും. അതായത്, നടപടിക്രമങ്ങള്‍ക്കുള്ള 30 ദിവസത്തിന് പുറമെ 30 ദിവസം (മൊത്തം 60 ദിവസം) അധികം നല്‍കുമെന്ന് ചുരുക്കം.

ചെറുകിട ധനകാര്യ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്കുകള്‍, ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകള്‍, എൻബിഎഫ്‌സികള്‍, ഉള്‍പ്പെടെ മുഴുവൻ വാണിജ്യ ബാങ്കുകള്‍ക്കും ആര്‍ബിഐയുടെ നിര്‍ദ്ദേശം ബാധകമാണ്. വ്യക്തിഗത വായ്പകള്‍ അടച്ചുതീര്‍ത്ത് കഴിഞ്ഞാലും, ഈട് നല്‍കിയ രേഖകള്‍ തിരികെ ലഭിക്കുമ്ബോള്‍ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ചില വായ്പ നല്‍കുന്ന സ്ഥാപനങ്ങളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നുവെന്ന പരാതികളെത്തുടര്‍ന്നാണ് ആര്‍ബിഐ നടപടി. ഉപഭോക്താക്കളുടെ താല്‍പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

Facebook Comments Box

By admin

Related Post