Sun. Apr 28th, 2024

ഇന്ത്യ’യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഖര്‍ഗെയെ നിര്‍ദേശിച്ച്‌ മമതയും കേജ്രിവാളും; നീക്കത്തിന് പിന്തുണയേറുന്നു.

By admin Dec 20, 2023 #aap #congress #CPIM #Kharge #Mamatha
Keralanewz.com

ന്യൂഡല്‍ഹി : പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെയുടെ പേര് നിര്‍ദേശിച്ച്‌ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയുമായ മമത ബാനര്‍ജി രംഗത്ത് വന്നു.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്ന് കഴിഞ്ഞദിവസം പറഞ്ഞ മമത ഏവരെയും ഞെട്ടിച്ചാണു ഖര്‍ഗെയുടെ പേര് മുന്നോട്ടുവച്ചത്.

പ്രതിപക്ഷത്തെ പ്രമുഖ ദലിത് മുഖമായ ഖര്‍ഗെയ്ക്ക് യോഗത്തില്‍ വ്യാപക പിന്തുണയും ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എഎപി) മേധാവിയുമായ അരവിന്ദ് കേജ്‌രിവാള്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്ത പ്രതിപക്ഷ കക്ഷികളില്‍ 12 പേര്‍ നിര്‍ദേശത്തെ പിന്തുണച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇതു നിഷേധിച്ച ഖര്‍ഗെ, അധഃസ്ഥിതര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാൻ മാത്രമാണ് താൻ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞു.

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജനം, സംയുക്ത പ്രചാരണത്തിന്റെ രൂപരേഖ, തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാനുള്ള തന്ത്രം എന്നിവ ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഇന്ത്യ മുന്നണി യോഗം ചേര്‍ന്നത്. മുന്നണിയുടെ നാലാമത്തെ യോഗമാണിത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സംയുക്ത പ്രചാരണം ജനുവരി 30ന് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ രാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ പട്ടിക ജാതി, പട്ടിക വര്‍ഗത്തില്‍ നിന്നുള്ള റാം നാഥ് കോവിന്ദിനും ദ്രൗപദി മുര്‍മുവിനും എതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതിന് ഭരണകക്ഷിയായ ബിജെപിയില്‍ നിന്ന് പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനം നേരിട്ടിരുന്നു. കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളും ദലിതര്‍ക്കും ആദിവാസികള്‍ക്കും എതിരാണെന്നാണു ബിജെപി ആരോപിച്ചത്. ഇതിനെ മറികടക്കാനാണു ഖര്‍ഗെയെ കൊണ്ടുവരുന്നതെന്നാണു നിഗമനം

ഈ നീക്കങ്ങെളെ കോൺഗ്രസ് വളരെ ശ്രദ്ധാപൂർവമാണ് വീക്ഷിക്കുന്നത്, ഗാന്ധി കുടുംബത്തെ അധികാര സ്ഥാനങ്ങളിൽ നിന്ന് ഒഴിച്ചു നിർത്താനുള്ള സംഘടിത ശ്രമമാണോ നടക്കുന്നെതെന്ന ആശങ്കയും കോൺഗ്രസ് നേതൃത്വത്തിനുണ്ട്.

Facebook Comments Box

By admin

Related Post