National NewsPolitics

മോദി സര്‍ക്കാര്‍ ജനാധിപത്യത്തിന്റെ കഴുത്തുഞെരിക്കുന്നു: വിമര്‍ശനവുമായി സോണിയ ഗാന്ധി

Keralanewz.com

ന്യുഡല്‍ഹി: പാര്‍ലമെന്റിലെ പുകയാക്രമണത്തില്‍ വിശദീകരണം തേടി സഭയില്‍ പ്രതിഷേധിച്ച 141 പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്റ് ചെയ്ത നടപടിയില്‍ രുക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി.

തികച്ചും യുക്തവും ന്യായവുമായ ആവശ്യം ഉന്നയിച്ചതിന് ജനാധിപത്യത്തെ സര്‍ക്കാര്‍ കഴുത്തുഞെരിച്ച്‌ ശ്വാസംമുട്ടിക്കുകയാണ്. മുന്‍പ് ഒരിക്കലും ഇത്തരത്തില്‍ പാര്‍ലമെന്റ് സഭകളില്‍ നിന്ന് അംഗങ്ങള്‍ സസ്‌പെന്റ് ചെയ്യപ്പെട്ടിട്ടില്ലെന്നും സോണിയ ഗാന്ധി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പറഞ്ഞു.

ഡിസംബര്‍ 13നുണ്ടായ അസാധാരണ സംഭവത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ സഭയില്‍ വിശദീകരണം നല്‍കണമെന്ന് മാത്രമാണ് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടത്. ഇത്തരത്തില്‍ പെരുമാറുന്ന സര്‍ക്കാരിന്റെ അഹന്ത വിവരിക്കാന്‍ വാക്കുകളില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു.

ഡിസംബര്‍ 13ന് നടന്നത് മാപ്പുകൊടുക്കാനോ നീതികരിക്കാനോ പറ്റാത്ത സംഭവമാണ്. കഴിഞ്ഞ നാല് ദിവസമായി മോദി സഭയ്ക്ക് പുറത്ത് ഈ വിഷയം സംസാരിക്കുന്നു. പാര്‍ലമെന്റിന്റെ അന്തസ്സിനെ അധിക്ഷേപിക്കുകയും രാജ്യത്തെ ജനങ്ങളെ അവഗണിക്കുകയുമാണ്. ഇന്ന് ബിജെപിയായിരുന്നു പ്രതിപക്ഷത്തെങ്കില്‍ അവര്‍ എങ്ങനെ ഇതിനോട് പ്രതികരിക്കുമെന്ന് നിങ്ങള്‍ ചിന്തിച്ചുനോക്കണമെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Facebook Comments Box