Mon. Apr 29th, 2024

യുപിയില്‍ കോണ്‍ഗ്രസിനെ ‘കറക്കുന്ന’ കണക്കുകൾ; വോട്ടു നേട്ടം ഒരു ലക്ഷം കവിഞ്ഞത് നാലു മണ്ഡലങ്ങളിൽ മാത്രം.

Keralanewz.com

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ‘ഇന്ത്യ’ മുന്നണിക്കും ബിജെപിക്കും ഒരുപോലെ നിര്‍ണായകമാണ് ഉത്തര്‍പ്രദേശിലെ 80 സീറ്റുകള്‍.

ഹിന്ദുത്വത്തിന്റെ പരീക്ഷണശാലയായ ഉത്തര്‍പ്രദേശില്‍ ഇത്തവണയും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വലിയ പ്രതീക്ഷയൊന്നുമില്ലെങ്കിലും ബിജെപിക്ക് അമിത ആത്മവിശ്വാസമുണ്ട്. രാമക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തുന്നതോടെ, വിജയം ഉപ്പിച്ച മട്ടിലാകും ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍.

അതേസമയം, ‘ഇന്ത്യ’ മുന്നണിയില്‍ ഉത്തര്‍പ്രദേശിലെ സീറ്റ് ഷെയര്‍ ചര്‍ച്ചകള്‍ എവിടേയും എത്തിയിട്ടില്ല. കോണ്‍ഗ്രസിന് നാലില്‍ കൂടുതല്‍ സീറ്റ് നല്‍കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അഖിലേഷ് യാദവ്. ഇരുപത്‌ സീറ്റ് വേണമെന്ന കോണ്‍ഗ്രസ് നിലപാട് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് അഖിലേഷ് പറയുന്നത്. കോണ്‍ഗ്രസ് വാദങ്ങളെ പൊളിക്കാന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ അവരുടെ ദയനീയ പ്രകടനമാണ് എസ്പി ചൂണ്ടിക്കാട്ടുന്നത്.

റായ്ബറേലിയില്‍ ജയിച്ച കോണ്‍ഗ്രസ്, അമേഠിയിലും ഫത്തേപ്പൂര്‍ സിക്രിയിലും കാണ്‍പൂരിലും മാത്രമാണ് രണ്ടാം സ്ഥാനത്തെങ്കിലും എത്തിയതെന്നും ബാക്കിയെല്ലായിടത്തും ദയനീയമായി പിന്നോട്ടുപോയെന്നും എസ്പി ചൂണ്ടിക്കാട്ടുന്നു. സഖ്യമില്ലാതെ മത്സരിച്ചാല്‍ എസ്പിക്കും വലിയ നേട്ടമുണ്ടാക്കാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് തിരിച്ചടിക്കുന്നു. കഴിഞ്ഞ ലോക്‌സഭ,-നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടികളുടെ പ്രകടനം എങ്ങനെയാണെന്ന് പരിശോധിക്കാം.

2019-ല്‍ എസ്പിയും ബിഎസ്പിയും ആര്‍എല്‍ഡിയും തമ്മിലായിരുന്നു സഖ്യം. 37 സീറ്റില്‍ മത്സരിച്ച എസ്പി 5 സീറ്റില്‍ മാത്രമാണ് വിജയിച്ചത്. മായാവതിയുടെ ബിഎസ്പി 38 സീറ്റില്‍ മത്സരിച്ചു, 10 സീറ്റില്‍ ജയിച്ചു. മൂന്നു സീറ്റില്‍ മത്സരിച്ച ആര്‍എല്‍ഡി ഒരിടത്തും വിജയിച്ചില്ല. 67 സീറ്റില്‍ തനിച്ച്‌ മത്സരിച്ച കോണ്‍ഗ്രസ് സോണിയ ഗാന്ധി മത്സരിച്ച റായ്ബറേയില്‍ മാത്രമാണ് ജയിച്ചത്.

2009 തിരഞ്ഞെടുപ്പിന് ശേഷം യുപിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മികച്ച നേട്ടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. അന്ന് എസ്പി 23 സീറ്റും കോണ്‍ഗ്രസ് 21 സീറ്റും നേടിയിരുന്നു. ബിഎസ്പി 20 സീറ്റ് നേടിയപ്പോള്‍ ബിജെപിയുടെ സമ്ബാദ്യം വെറും പത്ത് സീറ്റ് മാത്രമായിരുന്നു. 1989-ല്‍ എട്ട് സീറ്റ് നേടിയതിന് ശേഷം ഒരേയൊരു തിരഞ്ഞെടുപ്പില്‍ മാത്രമാണ് ബിജെപി പത്ത് സീറ്റില്‍ ഒതുങ്ങിയത്.

2022-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 403 സീറ്റില്‍ 255 ഇടത്തും ജയിച്ചാണ് ബിജെപി ഉത്തര്‍പ്രദേശില്‍ ഭരണത്തുടര്‍ച്ച നേടിയത്. 111 സീറ്റ് നേടിയ എസ്പിയാണ് രണ്ടാമത്തെ ഏറ്റവും വലിയ ഒറ്റകക്ഷി. 32.1 ശതമാനമാണ് എസ്പിയുടെ വോട്ട് ഷെയര്‍. ആര്‍എല്‍ഡി ഒരു സീറ്റില്‍ ജയിച്ചു. 399 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് കിട്ടിയത് വെറും രണ്ട് സീറ്റും 2.3 ശതമാനം വോട്ട് ഷെയറും.

നിയമസഭ തിരഞ്ഞെടുപ്പ് പ്രകടനം വെച്ചു നോക്കുമ്ബോള്‍ നിലവില്‍ ഇന്ത്യ മുന്നണിയുടെ ഭാഗമായി നില്‍ക്കുന്ന പാര്‍ട്ടികള്‍ ബിജെപിയെ കടത്തിവെട്ടിയത് വെറും 23 സീറ്റുകളില്‍ മാത്രമാണ്. ഇതില്‍ 20 സീറ്റും ജയിച്ചത് എസ്പിയാണ്. നാല് ലോക്‌സഭ മണ്ഡലങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ഒരു ലക്ഷത്തിന് മുകളില്‍ വോട്ട് ലഭിച്ചത്. പത്തു സീറ്റുകളില്‍ മാത്രമാണ് 50,000 ന് മുകളില്‍ വോട്ട് ലഭിച്ചത്. ഇത് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് നല്‍കാന്‍ സാധിക്കില്ലെന്ന് എസ്പി നിലപാടെടുക്കുന്നത്.

ബിഎസ്പിയെക്കൂടി മുന്നണിയുടെ ഭാഗമാക്കാനുള്ള നീക്കങ്ങള്‍ സജീവമായി നടക്കുന്നുണ്ട്. ആദ്യം ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മായവതി നിലപാട് മയപ്പെടുത്തിയിട്ടുണ്ടെന്നാണ്‌ സൂചന. 2022 നിയമസഭ തിരഞ്ഞെടുപ്പില്‍ 403 സീറ്റില്‍ മത്സരിച്ച ബിഎസ്പി ഒരു സീറ്റില്‍ മാത്രമാണ് വിജയിച്ചത്. 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംപൂജ്യരായ ബിഎസ്പിക്ക് പക്ഷേ അന്നും 19.8ശതമാനം വോട്ടുണ്ടായിരുന്നു. 2019-ല്‍ 19.4 ശതമാനം വോട്ടാണ് ബിഎസ്പിക്ക് കിട്ടിയത്. ബിഎസ്പിയെക്കൂടി കൂടെക്കൂട്ടിയാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേട്ടമുണ്ടാക്കാന്‍ സാധിച്ചേക്കും എന്ന വിലയിരുത്തലുമുണ്ട്.

Facebook Comments Box

By admin

Related Post