Wed. May 15th, 2024

സംസ്ഥാന നേതാക്കള്‍ വാളെടുത്തു; പഞ്ചാബില്‍ ആം ആദ്മി-കോണ്‍ഗ്രസ് സീറ്റ് ചര്‍ച്ച വഴിമുട്ടി

By admin Jan 20, 2024 #congress
Keralanewz.com

ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പിനായുള്ള പഞ്ചാബിലെ ആം ആദ്മി-കോണ്‍ഗ്രസ് സീറ്റ് ചർച്ചകൾ വഴിമുട്ടി. ഇരുപാർട്ടികളിലേയും സംസ്ഥാന നേതാക്കളെടുത്ത കടുത്ത നിലപാടുകളാണ് വെല്ലുവിളിയായത്

ഇതോടെ സീറ്റ് ചർച്ച താത്കാലികമായി നിർത്തിവെയ്ക്കാനാണ് ദേശീയ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

13 ലോക്സഭ സീറ്റുകളാണ് പഞ്ചാബില്‍ ഉള്ളത്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി ആം ആദ്മിയും കോണ്‍ഗ്രസും കൈകോർക്കാൻ തീരുമാനിക്കുകയായിരുന്നു. ദേശീയ നേതാക്കള്‍ ഇത് സംബന്ധിച്ച്‌ പ്രാഥമിക ചർച്ചയും പൂർത്തിയാക്കി. എന്നാല്‍ സംസ്ഥാനത്ത് ശത്രുപക്ഷത്തുള്ള പാർട്ടിയുമായി സഖ്യത്തിനില്ലെന്ന നിലപാടിലാണ് ഇരുപാർട്ടികളിലേയും പ്രാദേശിക നേതാക്കള്‍.

സഖ്യം സംസ്ഥാനത്ത് ആം ആദ്മിയുടെ വളർച്ചക്ക് കാരണമാകുമെന്നും അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത് തങ്ങള്‍ക്ക് വലിയ വെല്ലുവിളിയാകുമെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. അതേസമയം മുഖ്യമന്ത്രി ഭാഗവന്ത് മന്നിനും സഖ്യത്തിനോട് താത്പര്യമില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ .

എന്നാൽ ഇപ്പോഴത്തെ അതൃപ്തികള്‍ പരിഹരിച്ച്‌ മുന്നോട്ട് പോകണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം. കോണ്‍ഗ്രസും എഎപിയും തമ്മിലുള്ള പ്രശ്നങ്ങള്‍ ബി ജെ പി മുതലെടുക്കാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്ന നിർദ്ദേശവും ഇരുപാർട്ടികളുടേയും ദേശീയ നേതൃത്വം നല്‍കുന്നുണ്ട്. ഇപ്പോഴത്തെ തർക്കങ്ങള്‍ ബി ജെ പി ആയുധമാക്കിയാല്‍ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് ശക്തരായ നേതാക്കള്‍ പോലും ബി ജെ പിയിലേക്ക് ചേക്കേറുന്നതിന് കാരണമാകുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

എന്നാല്‍ സഖ്യമില്ലാതെ മുന്നോട്ട് പോകുന്നത് തിരിച്ചടിയാകുമെന്ന ആശങ്കയും ദേശീയ നേതൃത്വം പങ്കിടുന്നുണ്ട്. വിവാദ കർഷകനിയമങ്ങളുടെ പേരില്‍ എൻ ഡി എ വിട്ട ശിരോമണി അകാലിദള്‍ ബി ജെ പിയുമായി കൈകോർത്താല്‍ അത് തിരിച്ചടിയായേക്കും. അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ സഖ്യം അനിവാര്യമാണെന്നാണ് നേതാക്കള്‍ പറയുന്നത്. കാര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ച്‌ മുന്നോട്ട് പോകാനാണ് ഇപ്പോഴത്തെ തീരുമാനം.

അതേസമയം പഞ്ചാബ് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ എ എ പി-കോണ്‍ഗ്രസ് സീറ്റ് ചർച്ച പുരോഗമിക്കുകയാണ്. ഡല്‍ഹിയിലും ഗുജറാത്തിലും അടുത്താഴ്ചയോടെ തീരുമാനം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തലസ്ഥാന നഗരിയില്‍ നിലവില്‍ മൂന്ന് സീറ്റുകള്‍ ആം ആദ്മി കോണ്‍ഗ്രസിന് നല്‍കിയേക്കുമെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കില്‍ ഗുജറാത്ത്, ഹരിയാന, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ തങ്ങള്‍ക്ക് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് ആം ആദ്മി. ഡല്‍ഹിയിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മറ്റ് സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനവും പൂർത്തിയാക്കുക.
ഡൽഹി പഞ്ചാബ് ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിർണ്ണായക ശക്തിയായ ആപ്പിനെ പിണക്കുന്നത് വൻ തിരിച്ചടിയാകുമെന്ന ഭയവും കോൺഗ്രസിനെ അലട്ടുന്നുണ്ട്.

Facebook Comments Box

By admin

Related Post