Sat. Apr 27th, 2024

കോട്ടയത്ത്‌ തോമസ്‌ ചാഴികാടന്‍; സ്‌ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന്‌

By admin Feb 12, 2024
Keralanewz.com

കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ തോമസ്‌ ചാഴികാടന്റെ ഔദ്യോഗിക സ്‌ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടാകും. കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍.ഡി.എഫ്‌.

യോഗത്തില്‍ സീറ്റ്‌ വിഭജനം പൂര്‍ത്തിയാകുകയും കോട്ടയം സീറ്റ്‌ മാത്രം കേരളാ കോണ്‍ഗ്രസി(എം)ന്‌ എന്നു തീരുമാനിക്കുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തില്‍ ഇന്നു കോട്ടയത്തു ചേരുന്ന കേരളാ കോണ്‍ഗ്രസ്‌(എം) സ്‌റ്റിയറിങ്‌ കമ്മിറ്റി യോഗത്തിനു പിന്നാലെ സ്‌ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നാണു സൂചന.
അങ്ങിനെ വന്നാല്‍, സംസ്‌ഥാനത്ത്‌ ആദ്യം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുന്ന സ്‌ഥാനാര്‍ഥി തോമസ്‌ ചാഴികാടനാകും. ഇന്ന്‌ ഉച്ചകഴിഞ്ഞു രണ്ടിനു പാര്‍ട്ടി സ്‌റ്റിയറിങ്‌ കമ്മിറ്റി യോഗവും മൂന്നിനു സെക്രട്ടേറിയറ്റും ചേരുന്നുണ്ട്‌. പിന്നാലെ, ചെയര്‍മാന്‍ ജോസ്‌ കെ. മാണി സ്‌ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയേക്കും. ചാഴികാടനെ സ്‌ഥാനാര്‍ഥിയായി കേരളാ കോണ്‍ഗ്രസ്‌(എം) ഔദ്യോഗികമായി തീരുമാനിക്കുകയും പിന്നീട്‌ എല്‍.ഡി.എഫ്‌. പ്രഖ്യാപിക്കാനും സാധ്യതയുണ്ട്‌.
രണ്ടാം തവണയാണു തോമസ്‌ ചാഴികാടന്‍ ലോക്‌സഭയിലേക്കു മത്സരിക്കുന്നത്‌. നേരത്തേ 1991 മുതല്‍ നാലു തവണ ഏറ്റുമാനൂരില്‍നിന്നുള്ള നിയമസഭാംഗമായിരുന്നു. 2011, 2016 വര്‍ഷങ്ങളില്‍ ഏറ്റുമാനൂരില്‍ പരാജയപ്പെടുകയും ചെയ്‌തു.
നേരത്തേ തന്നെ സ്‌ഥാനാര്‍ഥിത്വം ഉറപ്പിച്ച ചാഴികാടന്‍ അനൗദ്യോഗിക പ്രചാരണം ആരംഭിച്ചിരുന്നു. ഏഴു നിയമസഭാ മണ്ഡലങ്ങളിലെ എല്‍.ഡി.എഫ്‌. നേതൃ യോഗങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്‌തു. എല്‍.ഡി.എഫിന്റെ താഴേത്തട്ടിലുള്ള ഘടകങ്ങളില്‍ വരെ പ്രചാരണം ആരംഭിക്കാനുള്ള നിര്‍ദേശവും നല്‍കിയിരുന്നു. തെരഞ്ഞെടുപ്പു പ്രഖ്യാപനം വരുന്നതിനു മുമ്ബായി എം.പി. ഫണ്ട്‌ ഉപയോഗിച്ച്‌ നിര്‍മാണം പൂര്‍ത്തിയാക്കിയ പദ്ധതികളുടെ ഉദ്‌ഘാടനത്തിരക്കിലാണ്‌ ചാഴികാടന്‍. ഔദ്യോഗിക സ്‌ഥാനാര്‍ഥി പ്രഖ്യാപനമുണ്ടായാല്‍ പിന്നാലെ, പരസ്യപ്രചാരണം ആരംഭിക്കാനുള്ള ഒരുക്കങ്ങളും പാര്‍ട്ടി പൂര്‍ത്തിയാക്കിയതായി നേതൃത്വം അറിയിച്ചു.
അതേസമയം, യു.ഡി.എഫും നേരത്തേ സ്‌ഥാനാര്‍ഥി പ്രഖ്യാപനത്തിനുള്ള ഒരുക്കത്തിലാണ്‌. കേരളാ കോണ്‍ഗ്രസ്‌ ജോസഫ്‌ വിഭാഗത്തില്‍നിന്നും ഫ്രാന്‍സിസ്‌ ജോര്‍ജായിരിക്കും മത്സരിക്കാനെത്തുക. യു.ഡി.എഫ്‌. സീറ്റ്‌ വിഭജനം പൂര്‍ത്തിയായാലുടന്‍ സ്‌ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകും.
എന്‍.ഡി.എ. ക്യാമ്ബില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്‌. ശക്‌തനായ സ്‌ഥാനാര്‍ഥി രംഗത്തുണ്ടാകുമെന്ന്‌ നേതൃത്വം പറയുന്നു. കോട്ടയം സീറ്റ്‌ ബി.ഡി.ജെ.എസ്‌. ആവശ്യപ്പെട്ടിട്ടുണ്ട്‌. തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുകയാണെങ്കില്‍ സീറ്റ്‌ വിട്ടു നല്‍കാന്‍ ബി.ജെ.പി. നേതൃത്വം സമ്മതം അറിയിച്ചിട്ടുമുണ്ട്‌.

Facebook Comments Box

By admin

Related Post