Sat. Apr 27th, 2024

അമേഠിയില്‍ സ്മൃതി ഇറാനിക്ക് മറുപടി നല്‍കണം ; രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തുമോ എന്ന് ഇന്നറിയാം

By admin Mar 7, 2024
Keralanewz.com

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വയനാട്ടില്‍ വീണ്ടുമെത്തുമോ എന്ന് ഇന്നറിയാം.

ലോക്സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും.

മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ വൈകിട്ട് 6 മണിക്ക് കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേരും. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും. കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കം യോഗത്തില്‍ ചര്‍ച്ചയാകും. വയനാട്ടില്‍ മത്സരിക്കുന്നതില്‍ രാഹുല്‍ ഗാന്ധി തീരുമാനവും ഇന്നറിയാനാകും.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ തീരുമാനമെടുക്കും. കേരളത്തില്‍ വയനാട്, ആലപ്പുഴ മണ്ഡലങ്ങളുടെ കാര്യത്തില്‍ മാത്രമാണ് തീരുമാനം വരാന്‍ ഉള്ളത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കും. ലോക്സഭ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കാനാണ് സാധ്യത. ക്ലസ്റ്റര്‍ അടിസ്ഥാനത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുക.

രാഹുല്‍ ഗാന്ധി സിറ്റിങ് സീറ്റായ കേരളത്തിലെ വയനാടിനു പുറമേ മുമ്ബ് കോണ്‍ഗ്രസ് ശക്തികേന്ദ്രമായിരുന്ന അമേഠിയില്‍ ഒരിക്കല്‍ക്കൂടി മത്സരിക്കാനുള്ള താത്പര്യം നേതൃത്വത്തെ അറിയിച്ചതായിട്ടാണ് സൂചന. 2019-ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി. നേതാവ് സ്മൃതി ഇറാനിക്ക് അടിയറ വെയ്‌ക്കേണ്ടിവന്ന അമേഠി തിരിച്ചുപിടിച്ച്‌ കരുത്തുകാട്ടുകയാണു രാഹുലിന്റെ ലക്ഷ്യം.

അമ്മയും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയുമായ സോണിയാ ഗാന്ധി പ്രതിനിധീകരിക്കുന്ന മണ്ഡലം നിലനിര്‍ത്തുകയാണു പ്രിയങ്കയുടെ ദൗത്യം. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രവും നെഹ്‌റു കുടുംബത്തിന്റെ പരമ്ബരാഗതമണ്ഡലവുമായ ഉത്തര്‍പ്രേദശിലെ റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്ക കച്ചമുറുക്കി. ആരോഗ്യകാരണങ്ങളാല്‍ തെരഞ്ഞെടുപ്പു രാഷ്ട്രീയം വിട്ട സോണിയ അടുത്തിടെ രാജസ്ഥാനില്‍നിന്നു രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. പ്രിയങ്കയുടെ മുത്തശ്ശിയും മുന്‍പ്രധാനമന്ത്രിയുമായ ഇന്ദിരാ ഗാന്ധി മൂന്നുതവണ റായ്ബറേലിയില്‍നിന്നുള്ള എം.പിയായിരുന്നു. രാഹുലിന്റെയും പ്രിയങ്കയുടെയും പിതാവ് മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി സ്ഥിരമായി ജയിച്ചിരുന്ന മണ്ഡലമാണു യു.പിയിലെതന്നെ അമേഠി.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ അദ്ദേഹത്തിന്റെ മണ്ഡലമായ വാരാണസിയില്‍ മത്സരിക്കാനുള്ള സന്നദ്ധതയും പ്രിയങ്ക അടുത്തിടെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, സോണിയ തുടര്‍ച്ചയായി അഞ്ചുവട്ടം പ്രതിനിധീകരിച്ച റായ്ബറേലിയില്‍ അവരുടെ പിന്‍ഗാമിയായി മത്സരിക്കാനുള്ള ദൗത്യമാണു പാര്‍ട്ടി അവരെ ഏല്‍പ്പിച്ചത്. 2019-ലെ തെരഞ്ഞെടുപ്പില്‍ അമേഠി ഉള്‍പ്പെടെ നഷ്ടപ്പെട്ട യു.പിയില്‍ കോണ്‍ഗ്രസ് വിജയിച്ച ഏകസീറ്റും സോണിയയുടെ റായ്ബറേലിയായിരുന്നു.

ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍ മത്സരിക്കാന്‍ തയ്യാറാണെങ്കിലും പാര്‍ട്ടി ഉത്തരവാദിത്വം എങ്ങനെ കൈകാര്യം ചെയ്യും എന്ന പ്രതിസന്ധിയുണ്ട്. ഈ സാഹചര്യത്തില്‍ സാമുദായിക സമവാക്യം പരിഗണിച്ച്‌ ഒരു സ്ഥാനാര്‍ത്ഥിയാകും ആലപ്പുഴയില്‍ എത്തുക. കേരളത്തിന്റെ ചര്‍ച്ചകള്‍ക്ക് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ദില്ലിയില്‍ ഉണ്ട്.

Facebook Comments Box

By admin

Related Post