Kerala News

വിദ്യാലയങ്ങള്‍ പൂര്‍ണമായും തുറക്കുന്നു. 47 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഒരുമിച്ച്‌ ഇന്ന് സ്കൂളിലേക്ക്

Keralanewz.com

സ്കൂളുകള്‍ പൂര്‍ണമായും തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 47 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഇന്ന് സ്‌കൂളുകളിലെത്തും.

ഒന്ന്‌ മുതല്‍ പത്ത് വരെ 38 ലക്ഷത്തില്‍പരം വിദ്യാര്‍ത്ഥികളും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഏഴര ലക്ഷത്തോളം വിദ്യാര്‍ത്ഥികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ അറുപത്തി ആറായിരത്തോളം വിദ്യാര്‍ത്ഥികളുമാണുള്ളത്.

ഒരു ലക്ഷത്തി തൊണ്ണൂറ്റിയൊന്നായിരത്തോളം അധ്യാപകരും ഇരുപത്തി രണ്ടായിരത്തോളം അനധ്യാപകരും സ്‌കൂളുകളില്‍ ഉണ്ട്‌.

ഒന്ന്‌ മുതല്‍ പത്ത് വരെ ക്ളാസുകളില്‍ ഒരു ലക്ഷത്തി അമ്ബതിയേഴായിരത്തില്‍പരം അധ്യാപകരും ഹയര്‍ സെക്കണ്ടറിയില്‍ മുപ്പത്തിനായിരത്തില്‍പരം അധ്യാപകരും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ മൂവായിരത്തി തൊള്ളായിരത്തോളം അധ്യാപകരുണ്ട്.

പ്രീപ്രൈമറി സ്‌കൂളുകളിലും കുട്ടികള്‍ എത്തുന്നുണ്ട്. പ്രീപ്രൈമറി വിഭാഗത്തില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ ദിവസങ്ങളില്‍ ഓരോ ദിവസവും 50 ശതമാനം കുട്ടികളെ ഉള്‍പ്പെടുത്തി ഉച്ചവരെ ക്‌ളാസുകള്‍ ഉണ്ടാകും. പ്രീപ്രൈമറി മുതല്‍ എട്ടാം ക്ളാസുവരെയുള്ള ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്യും.

ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പൊതു വിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി.
മാര്‍ഗരേഖ നിര്‍ദ്ദേശിച്ച പ്രകാരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ആകും സ്കൂള്‍ നടത്തിപ്പെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുതരത്തിലുള്ള ആശങ്കയും വേണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു

Facebook Comments Box