കോതമംഗലം ചെറിയപള്ളി ഏറ്റെടുക്കല്‍: 19ന് ഉന്നതതല യോഗം
കൊച്ചി: കോതമംഗലം ചെറിയപള്ളി ഏറ്റെടുക്കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് എങ്ങനെ നടപ്പാക്കണമെന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം വിളിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
നിയമനിര്‍മാണ സാധ്യത വിലയിരുത്തുമെന്നും അതിനു കഴിഞ്ഞില്ലെങ്കില്‍ ഉത്തരവ് എങ്ങനെ നടപ്പാക്കാനാവുമെന്ന് പരിശോധിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. മാര്‍ച്ച് 19നു യോഗം ചേരും. മുഖ്യമന്ത്രി, അഡ്വക്കറ്റ് ജനറല്‍, ചീഫ് സെക്രട്ടറി, നിയമ സെക്രട്ടറി തുടങ്ങിയവര്‍
പങ്കെടുക്കുമെന്നും സ്റ്റേറ്റ് അറ്റോര്‍ണി അറിയിച്ചു.
സുപ്രീം കോടതി വിധി കോതമംഗലം ചെറിയ പള്ളിയില്‍ നടപ്പാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം അറിയിക്കാന്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. പള്ളി സി ആര്‍ പി എഫിനെ ഉപയോഗിച്ച് ഏറ്റെടുക്കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാരും വികാരിയും ഏതാനും ഇടവകക്കാരും സമര്‍പ്പിച്ച അപ്പീലാണ് ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖും സോഫി തോമസും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്.
വിധി നടപ്പാക്കാന്‍ സി ആര്‍ പി എഫിനെ നിയോഗിക്കാനാവില്ലെന്നും അത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാവുമെന്നും സ്റ്റേറ്റ് അറ്റോര്‍ണി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കു സാധ്യതയുണ്ടെന്നും വിധി സമാധാനപരമായി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. കേസ് 24നു പരിഗണിക്കും.