Kerala News

എല്ലാ ജില്ലകളിലും വനിതാ ആംബുലന്‍സ് ഡ്രൈവര്‍മാരെ നിയമിക്കും: മന്ത്രി വീണാ ജോര്‍ജ് ഇനി രോഗികളെ രക്ഷിക്കാന്‍ ദീപമോള്‍ പാഞ്ഞെത്തും

Keralanewz.com

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സര്‍ക്കാര്‍ ആംബുലന്‍സ് മേഖലയിലെ കനിവ് 108 ആംബുലന്‍സില്‍ ആദ്യ വനിതാ ഡ്രൈവറായി കോട്ടയം മേമുറി പാലപ്പറമ്പില്‍ വീട്ടില്‍ ദീപമോള്‍ ചുമതലയേറ്റു. ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ദീപമോള്‍ക്ക് ആംബുലന്‍സിന്റെ താക്കോല്‍ കൈമാറി.


എല്ലാ ജില്ലകളിലും കനിവ് 108 ആംബുലന്‍സ് ഡ്രൈവര്‍മാരായി വനിതകളെ നിയമിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എല്ലാ ജില്ലകളിലും ഇതിന് താത്പര്യമുള്ള വനിതകളെ ഉള്‍ക്കൊള്ളിക്കണമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. എല്ലാ മേഖലകളിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടു കൂടി പ്രവര്‍ത്തിക്കുകയാണ്. സ്ത്രീകള്‍ക്ക് കഴിയില്ല എന്ന് പറഞ്ഞ് മാറ്റി നിര്‍ത്തുന്ന മേഖലകളില്‍ കൂടി ഇഷ്ടമുള്ള സ്ത്രീകള്‍ക്ക് കടന്നു വരുന്നതിനുള്ള പ്രവര്‍ത്തനം ഒരുക്കുക എന്നതുകൂടിയാണ് ലക്ഷ്യം. ദീപമോള്‍ എല്ലാവര്‍ക്കും പ്രചോദനമാണ്. ഇത് ദീപമോളുടെ സ്വപ്നമെന്നാണ് പറഞ്ഞത്. സ്വപ്നം കാണുക, അതിനെ പിന്തുടര്‍ന്ന് ആ സ്വപ്നത്തില്‍ എത്തിച്ചേരുക എന്നത് വളരെ പ്രധാനമാണ്. ആ രീതിയില്‍ സമര്‍പ്പിതമായി അതിനുവേണ്ടി പ്രയത്‌നിച്ച ദീപമോള്‍ക്ക് എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.


വലിയൊരു സ്വപ്നം സാക്ഷാത്ക്കരിച്ചതിന്റെ സന്തോഷത്തിലാണ് ദീപമോള്‍ താക്കോല്‍ ഏറ്റുവാങ്ങിയത്. തന്റെ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ പ്രയത്‌നിച്ച മന്ത്രിയോടും മറ്റെല്ലാവരോടും ദീപമോള്‍ നന്ദി പറഞ്ഞു.


കെ.എം.എസ്.സി.എല്‍. മാനേജിംഗ് ഡയറക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, ജനറല്‍ മാനേജര്‍ ഡോ. ജോയ്, ജി.വി.കെ. ഇ.എം.ആര്‍.ഐ. സംസ്ഥാന ഓപ്പറേഷന്‍സ് മേധാവി ശരവണന്‍ അരുണാചലം എന്നിവര്‍ പങ്കെടുത്തു

Facebook Comments Box