Fri. Apr 26th, 2024

നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ‘മതേതര’ പാര്‍ട്ടികളുടെ ദൗര്‍ബല്യം തുറന്നു കാട്ടുന്നു: എം കെ ഫൈസി

By admin Mar 10, 2022 #news
Keralanewz.com

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ മതേതര’ പാര്‍ട്ടികളുടെ ദൗര്‍ബല്യം തുറന്നു കാട്ടുന്നതാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അല്‍ഭുതമുളവാക്കുന്നതോ അപ്രതീക്ഷിതമോ അല്ല. ‘മതേതരര്‍’ എന്ന് വിളിക്കപ്പെടുന്ന പാര്‍ട്ടികളുടെ ദുര്‍ബലതയും കഴിവുകേടുമാണ്, അല്ലാതെ ബിജെപിയുടെ വിജയമല്ല. ഫാഷിസ്റ്റുകളെ പ്രതിരോധിക്കുന്നതിലും പരാജയപ്പെടുത്തുന്നതിലുമുള്ള തങ്ങളുടെ തോല്‍വിയുടെ കുറ്റം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന് മുകളില്‍ ചാര്‍ത്തി ഇവര്‍ക്ക് കൈകഴുകാനാവില്ല.

കഴിഞ്ഞ ഏഴ് വര്‍ഷത്തില്‍ നിന്നും ഗുണപരമായ ഒന്നും തന്നെ ഈ പാര്‍ട്ടികള്‍ ഇതുവരെ പഠിച്ചിട്ടില്ല. എല്ലാ ബിജെപിയിതര പാര്‍ട്ടികളും ബിജെപിയുമായി ഒരു സൗഹൃദ മല്‍സരത്തിലാണെന്ന് തോന്നിപ്പോകുന്നു. വലതുപക്ഷ ഹിന്ദുത്വ ഫാഷിസ്റ്റുകളെ ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികക്ക് പുറത്തു നിര്‍ത്താന്‍ അവര്‍ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കുന്നതിലുള്ള ഇവരുടെ പരാജയമാണ് ബിജെപി വിജയം സുഗമമാക്കിയതിന്റെ സുപ്രധാന ഘടകം.

നൂറ്റാണ്ടിലധികം പഴക്കവും, ഇപ്പോഴും രാജ്യത്തങ്ങോളമിങ്ങോളം നെറ്റ് വര്‍ക്കും അംഗങ്ങളുമുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്, രാജ്യത്ത് പുതുതായി വികാസം പ്രാപിച്ചിട്ടുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസൃതമായ തരത്തില്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ പ്രാപ്തരായ ഒരു നേതൃത്വം ഇല്ല. രാജ്യത്ത് ഭീകരരൂപം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഫാഷിസത്തിനെതിരെ ഒരു പാര്‍ട്ടിക്കും ശക്തമായ ഒരജണ്ടയുമില്ല. വല്ലവിധേനയും അധികാരം കൈപ്പിടിയിലൊതുക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം; അവസരം അനുവദിച്ചാല്‍ അധികാരം ലഭിക്കാന്‍ ഒരു വേള അവര്‍ ഫാഷിസ്റ്റുകളെ പിന്തുണക്കുക പോലും ചെയ്യും.

ന്യൂനപക്ഷ പിന്നാക്ക സമുദായങ്ങള്‍ക്ക് ഈ ഫലങ്ങളില്‍ ശക്തമായ ഒരു സന്ദേശവും പാഠവുമുണ്ട്. കേവലം ഒരു വോട്ട് ബാങ്കായി മാത്രമാണ് ‘മതേതര’ പാര്‍ട്ടികള്‍ അവരെയിപ്പോഴും പരിഗണിക്കുന്നുള്ളൂ എന്ന് അവര്‍ തിരിച്ചറിയേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു. മൃദുഹിന്ദുത്വ കാര്‍ഡ് തന്നെയാണ് ബിജെപിയിതര പാര്‍ട്ടികള്‍ ഇപ്പോഴും കളത്തില്‍ ഇറക്കിക്കൊണ്ടിരിക്കുന്നത്. ആ പാര്‍ട്ടികളിലെ തന്നെ ചില നേതാക്കള്‍ തുറന്നു പറഞ്ഞത് പോലെ വലത്പക്ഷ ഫാഷിസ്റ്റുകുടെ തീവ്രഹിന്ദുത്വത്തിന് ബദല്‍ മൃദുഹിന്ദുത്വമല്ല. സ്വത്വ രാഷ്ട്രീയത്തിന്റെ പ്രസക്തിക്കാണ് ഫലങ്ങള്‍ അടിവരയിടുന്നത്. എന്നും തെരഞ്ഞെടുപ്പ് കാലത്ത് മൃദുഹിന്ദുത്വത്തിന്റെ തൊഴുത്തില്‍ ബന്ധിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍, വിശിഷ്യാ മുസ്ലിംകള്‍, അതുണ്ടാക്കുന്ന ആഘാതം തിരിച്ചറിയുകയും, സ്വത്വ രാഷ്ട്രീയത്തിലൂന്നി പ്രവര്‍ത്തിക്കുന്ന നവരാഷ്ട്രീയ പ്രസ്ഥാനങ്ങളെ പിന്തുണക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്യേണ്ടിയിരിക്കുന്നു.

ഭൂരിപക്ഷ സമുദായം സംസ്ഥാനത്തിന്റെയും രാഷ്ട്രത്തിന്റെയും വികസനത്തെക്കാള്‍ മതഭ്രാന്തിലധിഷ്ടിതമായ വംശീയതക്ക് മുന്‍ഗണന നല്‍കുന്ന തരത്തില്‍ ഇന്ത്യന്‍ സമ്മതിദായകര്‍ വിനാശകരമായ തോതില്‍ വര്‍ഗീയവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു എന്ന ആത്യന്തം നെഗറ്റിവ് ആയ ഒരു സന്ദേശം കൂടി ഈ ഫലങ്ങള്‍ നല്‍കുന്നുണ്ട്.

യോഗി അധികാരത്തിലെത്തിയത് മുതല്‍ അങ്ങേയറ്റം ഉപദ്രവകരവും, ഹാനികരവുമായ ജനവിരുദ്ധ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നടപടികള്‍ക്കുമാണ് യുപി സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. വലത്പക്ഷ ഐടി സെല്ലുകളില്‍ നിന്നല്ലാതെ, സംസ്ഥാനത്തിനോ, അതിന്റെ വികസനത്തിനോ, ജനങ്ങള്‍ക്കോ വേണ്ടിയുള്ള ഒരു കാര്യവും കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ യുപിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മതഭ്രാന്തും, വംശീയതയും, വിദ്വേഷവും, സ്ത്രീ വിരുദ്ധതയും, ന്യൂനപക്ഷങ്ങള്‍ക്കും ദളിതുകള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും, തടിമിടുക്കിന്റെ പ്രകടനവുമായിരുന്നു. ഈ കാലഘട്ടത്തില്‍ ക്രമാതീതമായി വളര്‍ച്ച പ്രാപിച്ച വികസന പ്രവര്‍ത്തങ്ങള്‍. എന്നിട്ടും അതേ പാര്‍ട്ടിയെ യുപിയിലെ ഭൂരിപക്ഷം പേരും വീണ്ടും അധികാരത്തിലെത്തിച്ചുവെന്നത് ഒരു ശുഭശകുനമല്ല.

അധികാരപക്ഷമാകുന്നതിനു പകരം ജനപക്ഷമായി മാറി, ഫാഷിസത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്നും രാഷ്ട്രത്തെ രക്ഷിക്കാന്‍ ഐക്യത്തോടെയുള്ള ശക്തമായ തന്ത്രങ്ങള്‍ മെനയാന്‍ ബിജെപി വിരുദ്ധ രാഷ്ട്രീയ പാര്‍ട്ടികളോട് എസ്ഡിപിഐ ആവശ്യപ്പെടുന്നു. മതഭ്രാന്തിനും വംശീയതക്കുമെതിരെ നിലകൊള്ളുന്ന രാജ്യത്തെ ഭൂരിപക്ഷ ജനതയോട് ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന പാഠം ഉള്‍ക്കൊള്ളാനും രാഷ്ട്ര പുരോഗതിയും വികസനവും ലക്ഷ്യമാക്കി നാനത്വത്തില്‍ ഏകത്വം പരിപോഷിപ്പിക്കുന്ന വിവേചനമില്ലാതെ എല്ലാ പൗരന്മാര്‍ക്കും തുല്യാവകാശമുള്ള ഒരിന്ത്യയുടെ നിര്‍മാണത്തിനായി പ്രവര്‍ത്തിക്കുന്ന ജനപക്ഷ പാര്‍ട്ടികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമൊപ്പം അണിചേരാനും എം കെ ഫൈസി അഭ്യര്‍ത്ഥിച്ചു

Facebook Comments Box

By admin

Related Post