Kerala News

ബലാത്സംഗ കേസ്:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലുകള്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

Keralanewz.com

കൊച്ചി: ബലാത്സംഗ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലുകള്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഫ്രാങ്കോ മുളയ്ക്കലിനു നോട്ടീസ് അയക്കാന്‍ ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രനും സി ജയചന്ദ്രനും അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. വിചാരണക്കോടതി വിധിക്കെതിരെ കന്യാസ്ത്രീയും പ്രോസിക്യൂഷനുമാണ് അപ്പീല്‍ നല്‍കിയത്.

കന്യാസ്ത്രീ നല്‍കിയ വിവിധ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി ബിഷപ്പ് ഫ്രാങ്കോയെ വെറുതെവിട്ടത്. ബലപ്രയോഗം നടത്തിയെന്ന് ആദ്യ മൊഴിയില്‍ ഇല്ല. പിന്നീട് പരിശോധിച്ച ഡോക്ടറോടും ഇക്കാര്യം പറഞ്ഞിട്ടില്ല. ഉദ്യോഗസ്ഥരെ വിശ്വാസമില്ലാത്തതിനാലെന്ന വിശദീകരണം മുഖവിലയ്ക്ക് എടുക്കാനാകില്ലെന്നും കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.

21 പോയിന്റുകള്‍ അക്കമിട്ടു നിരത്തിയാണ് കന്യാസ്ത്രീയുടെ മൊഴിയിലെ പൊരുത്തക്കേടുകള്‍ വിധിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇരയുടെ മൊഴി മാത്രം കണക്കിലെടുക്കാന്‍ കഴിയില്ലെന്നും വിധിന്യായത്തില്‍ പറയുന്നു. ഇരയുടെ മൊഴിക്കു പുറമേ കേസ് തെളിയിക്കുന്നതിനു ശക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല. പ്രതിഭാഗം സമര്‍പ്പിച്ച രേഖകള്‍ കേസ് സംബന്ധിച്ചു സംശയം ജനിപ്പിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു

Facebook Comments Box