Thu. Apr 25th, 2024

റബറിന്റെ ആവർത്തന കൃഷി സബ്സിഡി പുനസ്ഥാപിക്കണം; തോമസ് ചാഴികാടൻ എം പി

By admin Jul 5, 2021 #news
Keralanewz.com

കോട്ടയം:  റബ്ബറിന്റെ ആവർത്തന കൃഷിയുടെ സബ്സിഡി പുനഃസ്ഥാപിക്കുവാൻ കേന്ദ്രം തയ്യാറാകണമെന്ന് കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗം  തോമസ് ചാഴികാടൻ എംപി ആവശ്യപ്പെട്ടു.കോട്ടയത്തെ റബ്ബർ ബോർഡ് കേന്ദ്ര ഓഫീസിന് മുന്നിൽ കർഷക യൂണിയൻ (എം) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹെക്ടറൊന്നിന് മുപ്പതിനായിരം രൂപയായിരുന്നു  റബ്ബർ ബോർഡ്   കർഷകർക്ക് നൽകിയിരുന്നത്. യാതൊരു കാരണവുമില്ലാതെ റബർ കർഷകർക്ക് ആവർത്തന കൃഷിക്ക് ലഭിച്ചിരുന്ന ഈ സബ്സിഡി നിർത്തലാക്കിയിട്ട് വർഷങ്ങളായി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റബ്ബർ കൃഷി വ്യാപിപ്പിക്കുന്നതിന് ഭാഗമായി ഇപ്പോഴും സബ്സിഡി നൽകി വരുന്നുണ്ട്. പ്രകൃതിദത്ത റബറിന്റെ 90% ഉത്പാദിപ്പിക്കുന്ന കേരളത്തിലെ കർഷകർക്ക് ലഭിച്ചുകൊണ്ടിരുന്ന സബ്സിഡി നിർത്തലാക്കിയത്  ഒരിക്കലും അംഗീകരിക്കാനാവില്ല. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള റബ്ബർ ബോർഡ് വഴിയാണ് സബ്സിഡി ലഭിച്ചു വന്നിരുന്നത്. ബോർഡിന് കേന്ദ്ര ബജറ്റ് വിഹിതമായി  ലഭിച്ചു വരുന്ന തുക ഉദ്യോഗസ്ഥന്മാർക്ക് ശമ്പളം കൊടുക്കുന്നതിനും ദൈനംദിന പ്രവർത്തനങ്ങൾ നടക്കുന്നതിനും  മാത്രമാണ് നിലവിൽ ചെലവഴിക്കപ്പെടുന്നത്.

റബർ ഇറക്കുമതി ചെയ്യുമ്പോൾ വ്യാപാരികളിൽ നിന്നും ഈടാക്കുന്ന സെസ് ഇനത്തിൽ കോടിക്കണക്കിന് രൂപ കേന്ദ്ര ഖജനാവിൽ കെട്ടികിടക്കുന്ന സമയത്ത് വിലയിടിവ് നിമിത്തവും. കോവിഡ മഹാമാരി ഉയർത്തുന്ന വെല്ലുവിളികൾ നിമിത്തവും  കേരളത്തിലെ റബർ കർഷകർ ദുരിതത്തിലാണ്. ഏഴുവർഷം വളർച്ച എത്തുന്നതുവരെ റബർ പരിപാലിക്കുന്നതിന് ഹെക്ടറൊന്നിന് 7 ലക്ഷം രൂപ ചിലവഴിക്കേണ്ടതായി വരുന്നു എന്ന് റബർബോർഡ് തന്നെ കണക്കാക്കിയിട്ടുണ്ട്.കേരളത്തിലെ പന്ത്രണ്ട് ലക്ഷം കർഷകരെ ബാധിക്കുന്ന ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ലോകസഭയിൽ  ഈ വിഷയം ഉന്നയിക്കുമെന്നും സബ്സിഡി മുപ്പതിനായിരത്തിൽ നിന്നും അമ്പതിനായിരം ആയി  ഉയർത്തണമെന്നും തോമസ് ചാഴികാടൻ എംപി ആവശ്യപ്പെട്ടു.

കർഷക യൂണിയൻ (എം) സംസ്ഥാന പ്രസിഡണ്ട് റെജി കുന്നംകോട്ട് അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ  കെ പി ജോസഫ്, മത്തച്ചൻ പ്ലാത്തോട്ടം, എ.എച്ച്ഹഫീസ്,ജോമോൻ മാമലശ്ശേരി, ജോസ് നിലപ്പന, ഡാന്റിസ്  കൂനനാനിക്കൽ , ജോയിച്ചൻ പീലീയാനിക്കൽ, എൻ.എം തോമസ്, ജോമി കുന്നപ്പിള്ളിൽ, ജയ്മോൻ പുത്തൻപുര, സജീഷ് സ്കറിയ തുടങ്ങിയവർ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post