Sat. Apr 27th, 2024

കോവിഡ് അനാഥരാക്കിയ അഞ്ചു പേർക്ക് ഇനി അടച്ചുറപ്പുള്ള വീടിൻ്റെ കരുതൽ; ബാബു ചാഴികാടൻ്റെ ഓർമ ദിനത്തിൽ അവർക്ക് സ്വപ്ന സാഫല്യം ബാബു ചാഴികാടൻ ഫൗണ്ടേഷൻ നിർമിച്ചു നൽകുന്ന ഭവനത്തിന്റെ വെഞ്ചരിപ്പും താക്കോൽ ദാനവും നാളെ നടക്കും

By admin May 14, 2022 #news
Keralanewz.com

കോട്ടയം: കോവിഡ് അനാഥരാക്കിയ അവർ അഞ്ചു പേർക്ക് കരുതലിൻ്റെ തണൽ ഒരുക്കി ബാബു ചാഴികാടൻ ഫൗണ്ടേഷൻ. ബാബു ചാഴികാടന്റെ 31-ാം ചരമവാർഷികത്തിന് ഫൗണ്ടേഷൻ നിർമ്മിച്ചു നൽകുന്ന വീടിൻറെ വെഞ്ചരിപ്പും താക്കോൽ ദാനവും അനുസ്മരണ സമ്മേളനവും നാളെ ഞായറാഴ്ച കുറുപ്പന്തറയിൽ നടക്കും.

കഴിഞ്ഞ മേയിൽ കോവിഡ് ബാധിച്ചു മരണമടഞ്ഞ കൊച്ചുപറമ്പിൽ ബാബുവിന്റെയും ജോളിയുടെയും മക്കളായ ചിഞ്ചു, ബിയ, അൻജു, റിയ എന്നിവർക്കും ഇവരുടെ ഇപ്പോഴത്തെ രക്ഷകർത്താവും ഭിന്നശേഷികാരിയുമായ പിതൃസഹോദരി ഷൈബിക്കും ആണ് പുതിയ ഭവനം നിർമ്മിച്ച് നൽകുന്നത്. ഷൈബിയുടെ ബുദ്ധിമുട്ടുകൾ കൂടി പരിഗണിച്ചാണ് വീട് നിർമിച്ചിരിക്കുന്നത്

വീടിന്റെ താക്കോൽ സമർപ്പണം കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി എംപി നിർവഹിക്കുമെന്ന് ബാബു ചാഴികാടൻ ഫൗണ്ടേഷൻ ചെയർമാൻ തോമസ് ചാഴികാടൻ എംപി അറിയിച്ചു

കുറുപ്പന്തറ കൊച്ചുപറമ്പിൽ ബാബു (54) 2021 മെയ് രണ്ടിനാണ് കോവിഡ് ബാധിച്ചു മരിച്ചത്. 11 ദിവസത്തിനുശേഷം ഭാര്യ ജോളിയും (50) മരിച്ചു. 10 സെൻറ് സ്ഥലവും മൺകട്ടയിൽ പണിത ഇടിഞ്ഞുവീഴാറായ വീടും മാത്രം സ്വന്തമായിട്ട് ഉണ്ടായിരുന്ന ഈ ദമ്പതികൾ കൂലിപ്പണി ചെയ്താണ് നാല് പെൺമക്കളും ഭിന്നശേഷിക്കാരായ സഹോദരിയും അടങ്ങുന്ന കുടുംബം പുലർത്തിയിരുന്നത്.

മൂത്ത മകൾ ചിഞ്ചു ഫിസിയോതെറാപ്പിയും, രണ്ടാമത്തെ മകൾ ദിയ ജനറൽ നഴ്സിങ്ങും പഠിക്കുന്നു. മൂന്നാമത്തെ മകൾ അഞ്ജു പ്ലസ്‌ടുവിനും നാലാമത്തെ മകൾ ബിയ ഒൻപതാം ക്ലാസ്സിലുമാണ് പഠിക്കുന്നത്

ഈ കുടുംബത്തിന്റെ ദുരവസ്ഥ മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ ബാബു ചാഴികാടൻ ഫൗണ്ടേഷൻ ചെയർമാൻ തോമസ് ചാഴികാടൻ എംപി ഇവരുടെ വീട്ടിൽ എത്തുകയും കുട്ടികളുടെ സംരക്ഷണ ചുമതല ഏറ്റെടുക്കുകയും ഇവർക്ക് സുരക്ഷിതമായ ഭവനം നിർമിച്ചു നൽകുമെന്ന് ഉറപ്പ് നൽകുകയുമായിരുന്നു. കുട്ടികളുടെ സംരക്ഷകയായ ഷൈബിക്ക് എം ജി യൂണിവേഴ്സിറ്റിയിൽ താൽക്കാലികമായി ജോലി ഉറപ്പാക്കുകയും ചെയ്തു.

കഴിഞ്ഞ ഒക്ടോബർ 21ന് അഭിവന്ദ്യ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വീടിൻറെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു. ഏഴ് മാസം കൊണ്ട് 1600 ചതുരശ്രയടി വിസ്തീർണത്തിൽ 2 നിലയിൽ പണി പൂർത്തിയാക്കിയ വീടിന് 30 ലക്ഷം രൂപയാണ് ചെലവ്. 3 കിടപ്പു മുറികളും അടുക്കളയും ഹാളും തിണ്ണയും അനുബന്ധ സൗകര്യങ്ങളും അടങ്ങുന്നതാണ് വീട്.

സ്‌മൃതി ദിന പരിപാടികൾ

നാളെ രാവിലെ 9:00 മണിക്ക് വാരിമുട്ടം ബാബു ചാഴികാടൻ സ്മൃതി മണ്ഡപത്തിൽ നടക്കുന്ന പുഷ്പാർച്ചന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉത്‌ഘാടനം ചെയ്യും. കേരള കോൺഗ്രസ് എം നേതാക്കളും, പാർട്ടിയുടെ വിവിധ പോഷക സംഘടനാ നേതാക്കളും, പാർട്ടി പ്രവർത്തകരും പങ്കെടുക്കും.

വൈകുന്നേരം 5.30ന് കോട്ടയം അതിരൂപത അദ്ധ്യക്ഷൻ ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട്, പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, മണ്ണാറപ്പാറ സെന്റ് സേവിയേഴ്‌സ് പള്ളി വികാരി ഫാദർ എബ്രഹാം കുപ്പപുഴുക്കൽ, കുറുപ്പന്തറ സൈന്റ്റ് തോമസ് ക്നാനായ പള്ളി വികാരി ഫാദർ ജോയി കാളവേലിൽ എന്നിവരുടെ കാർമികത്വത്തിൽ വീടിന്റെ വെഞ്ചരിപ്പ് നടക്കും.

തുടർന്ന് നടക്കുന്ന ബാബു ചാഴികാടൻ അനുസ്മരണ സമ്മേളനത്തിൽ പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ അനുഗ്രഹ പ്രഭാഷണം നടത്തും. ഗവൺമെൻറ് ചീഫ് വിപ്പ് ഡോക്ടർ എൻ. ജയരാജിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി വീടിൻറെ താക്കോൽ ദാനവും അനുസ്മരണ പ്രഭാഷണവും നടത്തും.

ഫൗണ്ടേഷൻ ചെയർമാൻ തോമസ് ചാഴികാടൻ എം പി, എം എൽ എ മാരായ അഡ്വജോബ് മൈക്കിൾ, അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വക്കേറ്റ് പ്രമോദ് നാരായണൻ, അഡ്വക്കേറ്റ് മോൻസ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമ്മല ജിമ്മി, സ്റ്റീഫൻ ജോർജ് എക്സ് എം എൽ എ, പി എം മാത്യു എക്സ് എം എൽ എ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി വി സുനിൽ, മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കോമളവല്ലി രവീന്ദ്രൻ, ഫൗണ്ടേഷൻ അംഗങ്ങളായ ഡോക്ടർ കുര്യാക്കോസ് കുമ്പളക്കുഴി, പ്രൊഫസർ ബാബു പൂഴിക്കുന്നേൽ, റോയി മാത്യു എന്നിവരും, ബാബു ചാഴികാടന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുമെന്നും ഫൗണ്ടേഷൻ ചെയർമാൻ തോമസ് ചാഴികാടൻ എം പി അറിയിച്ചു.

ബാബു ചാഴികാടൻ സ്മൃതി സംഘടിപ്പിച്ചു

ബാബു ചാഴികാടന്റെ 31-ാം ചരമവാര്ഷികത്തോടനുബന്ധിച്ച് ഇന്നലെ രാവിലെ 6:30 ന് അരീക്കര പള്ളിയിൽ വി: കുർബാനയും ബാബുവിന്റെ കുടുംബ കല്ലറയിൽ അനുസ്മരണ പ്രാർത്ഥനയും നടന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു.

രക്തദാന ക്യാമ്പ് നടത്തി കേരള യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ

രാവിലെ 10:00 ന് യൂത്ത് ഫ്രണ്ട് എം ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്രത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന രക്തദാന ക്യാമ്പ് തോമസ് ചാഴികാടൻ എംപി ഉത്‌ഘാടനം ചെയ്തു.

യൂത്ഫ്രണ്ട് എം നിയോജക മണ്ഡലം പ്രസിഡന്റ് ജിൻസ് കുരിയൻ, യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് എൽബി കുഞ്ചറക്കാട്ടിൽ, നിധിൻ ഏറ്റുമാനൂർ, മണ്ഡലം പ്രസിഡന്റുമാരായ വിനോ മാത്യു,ജിക്കു മാത്യു, ടിമ്മി നെടുംതോട്ടി, ജോമോൻ ചാമക്കാല, കേരള കോൺഗ്രസ്‌ (എം) ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് ഇടവഴിക്കൽ, എൻ എ മാത്യു, ജെയിംസ് പുളിക്കൽ, മണ്ഡലം പ്രസിഡന്റ്മാരായ സണ്ണി ചാത്തുകുളം, ജോഷി ഇലഞ്ഞിയിൽ, ഷിബു കടുംബാശ്ശെരി, പ്രകാശൻ മണി, എന്നിവർ പങ്കെടുത്തു.

മെഡിക്കൽ കോളേജ് ആർ എം ഓ ഡോ. രഞ്ജൻ ആർ. പി, ഡോ. സുമ എം എസ്, ഡോ. അഞ്ജന, പി ആർ ഓ (എൻ എച് എം) അനുപ് എസ് തുടങ്ങിയവർ ക്യാമ്പിന് നേത്രത്വം നൽകി

Facebook Comments Box

By admin

Related Post