Tue. May 14th, 2024

രാസവളങ്ങളുടെ വിലവർധനയും ദൗർലഭ്യവും കാർഷിക മേഖലയെ പ്രതിസന്ധി യിലേക്ക് നയിക്കുന്നു ; കേരള കോൺഗ്രസ് (എം) തൊടുപുഴ നിയോജകമണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ

By admin Jun 8, 2022 #news
Keralanewz.com

തൊടുപുഴ: കൃഷിക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന രാസവളങ്ങളുടെ അന്യായമായ വിലവർധനയും ദൗർലഭ്യവും പരിഹരിക്കുവാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ ആവശ്യപ്പെട്ടു. 2021 ഏപ്രിൽ മുതൽ രാസവളങ്ങളുടെ ദൗർലഭ്യവും അമിതമായ വിലക്കയറ്റവും കാർഷിക മേഖലയിൽ ഉണ്ടാക്കിയ പ്രതിസന്ധി അതിരൂക്ഷമാണ്. കാർഷികവൃത്തിയെ ആശ്രയിച്ചു ജീവിക്കുന്നവർക്ക് ഉൽപാദന വർദ്ധനവിന് വേണ്ടി രാസവളങ്ങൾ കൃഷിയിടങ്ങളിൽ ഉപയോഗിച്ചേ മതിയാകൂ.

അതിൽ പ്രധാനമായും പൊട്ടാഷ്, യൂറിയ , മറ്റു കൂട്ട് വളങ്ങൾ എന്നിവ അത്യന്താപേക്ഷിതമാണ്. വിപണിയിൽ ഇവയ്ക്ക് അനുഭവപ്പെടുന്ന ദൗർലഭ്യം കർഷകരെ രൂക്ഷമായ പ്രതിസന്ധിയിലേക്ക് തള്ളി വിട്ടിരിക്കുകയാണ്. കൂടാതെ അനിയന്ത്രിതമായ തോതിൽ രാസവളങ്ങളുടെ വില വർധിപ്പിച്ചിരിക്കുകയാണ്. കേന്ദ്രസർക്കാരിനു കീഴിലുള്ള രാസവള മന്ത്രാലയമാണ്

വളങ്ങൾക്ക് സബ്സിഡി നൽകുന്നതും. വളങ്ങളുടെ വില നിയന്ത്രിക്കുന്നതും. കഴിഞ്ഞ സീസണിൽ ചാക്കൊന്നിന് 850 രൂപയുണ്ടായിരുന്ന മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന വളത്തിന് കർഷകർ ഇപ്പോൾ നൽകേണ്ടത് 1700 രൂപയാണ്.ഫാക്ടംഫോസിന് ചാക്കൊന്നിന്1050 ൽ നിന്നും 1490 രൂപയായി വർധിച്ചു അമോണിയം ചേർന്ന വളങ്ങൾക്ക് 1050 നിന്നും 1500 രൂപയ്ക്ക് വില ഉയർന്നു. . ജൈവ കർഷകർ കൂടുതലായി ഉപയോഗിക്കുന്ന എല്ലുപൊടി,വേപ്പിൻ പിണ്ണാക്ക് എന്നിവയുടെ വിലയും ക്രമാതീതമായി വർദ്ധിച്ചു. കർഷകർ ധാരാളമായി ഉപയോഗിക്കുന്ന 18- 9- 18 എന്ന മിശ്രിത വളത്തിന് 980 രൂപയിൽ നിന്നും 1260 രൂപയായി മാറി. 10-26-26 , യൂറിയ അടങ്ങിയ കൂട്ടു വളങ്ങളും വിപണിയിൽ ആവശ്യത്തിന് ലഭ്യമാകാത്ത സാഹചര്യമാണുള്ളത്. ഉൽപ്പാദന ചെലവിന് അനുസൃതമായ തോതിൽ ഉൽപന്നങ്ങൾക്ക് വില ലഭിക്കാത്തത് കർഷകർക്ക് വലിയ പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിൽ രാസവള ക്ഷാമവും അവയുടെ അന്യായമായ വിലവർധനയും കർഷകരെ വലിയൊരു പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുകയാണ്

സമയാസമയങ്ങളിൽ കൃത്യമായ ഇടവേളകളിൽ വിവിധയിനം വിളകൾക്ക് പ്രത്യേക അനുപാതത്തിൽ നൽകേണ്ട രാസവളങ്ങളുടെ ദൗർലഭ്യവും വിലവർധനയും ഈ സീസണിൽ കാര്യമായ വിളവ് ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കുകയാണ്. അടിയന്തരമായി കേരള സർക്കാരും കേരളത്തിലെ എംപി മാരും കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തി രാസവള ദൗർലഭ്യവും അവയുടെ വിലക്കയറ്റവും പരിഹരിക്കപ്പെടാൻ നടപടി സ്വീകരിക്കണമെന്ന് ജിമ്മി മറ്റത്തിപ്പാറ ആവശ്യപ്പെട്ടു.

Facebook Comments Box

By admin

Related Post