അനര്‍ഹരായ റേഷന്‍കാര്‍ഡ് ഉടമകളില്‍നിന്ന് കമ്ബോള വില ഈടാക്കും
തൃശൂര്‍: റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശംവെച്ചവരില്‍നിന്ന് കമ്ബോള വില ഈടാക്കുവാന്‍ പൊതുവിതരണ വകുപ്പിന്റെ ഉത്തരവ്.
2021 ജൂലൈ 18 മുതല്‍ 2022 മാര്‍ച്ച് 31വരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അനര്‍ഹമായി മുന്‍ഗണന കാര്‍ഡ് കൈവശംവെച്ച് സബ്സിഡിയോടെ ഭക്ഷ്യവസ്തുക്കള്‍ വാങ്ങിയവരാണ് പിഴ നല്‍കേണ്ടത്. ഈ കാലയളവിനുശേഷം കാര്‍ഡുകള്‍ സ്വമേധയാ തിരിച്ചേല്പിച്ചവരും പിഴ നല്‍കണം.
രണ്ടരലക്ഷം കാര്‍ഡുകളാണ് ഇതുവരെ പരിശോധനയിലൂടെയും മറ്റും കണ്ടെത്തി പൊതുവിഭാഗത്തിലേക്ക് മാറ്റിയത്. അശരണരായവര്‍ക്ക് നല്കുന്ന അന്ത്യോദയ കാര്‍ഡിന് (മഞ്ഞ) 30 കിലോ അരിയും നാലുകിലോ ഗോതമ്ബും ഒരു കിലോ ആട്ടയുമാണ് സൗജന്യമായി നല്‍കുന്നത്. മുന്‍ഗണന കാര്‍ഡിന് (പിങ്ക്) നാലുകിലോ അരിയും ഒരു കിലോ ഗോതമ്ബും രണ്ടുരൂപ നിരക്കില്‍ അംഗത്തിന് അനുസരിച്ചുമാണ് നല്‍കുന്നത്. കമ്ബോളവില അനുസരിച്ച് പിഴ ഈടാക്കുമ്ബോള്‍ അരിക്ക് കിലോക്ക് 40 രൂപയും ഗോതമ്ബിന് 29 രൂപയും ഈടാക്കുന്നതിനാണ് നിര്‍ദേശം.
രണ്ടരലക്ഷം കാര്‍ഡില്‍നിന്ന് കൃത്യമായി പിഴ ഈടാക്കിയാല്‍ കോടികള്‍ ഈ ഇനത്തില്‍ വകുപ്പിന് ലഭിക്കും. അതേസമയം, അനര്‍ഹമായി കാര്‍ഡ് കൈവശം വെച്ചവരില്‍ അധികവും ആരോഗ്യ, വിദ്യാഭ്യാസ, ക്ഷേമപെന്ഷന് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനാണ് ഉപയോഗിച്ചിരുന്നത്. അതുകൊണ്ടുതന്നെ റേഷന്‍ വസ്തുക്കള്‍ വാങ്ങാത്തവരാണ് അധികവും. എന്നാല്‍, തുടര്‍ച്ചയായ മൂന്നുമാസം റേഷന്‍ വാങ്ങാത്തവരെ പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന നിര്‍ദേശം ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചതിനാല് ഈ വിഷയത്തില്‍ എന്തുചെയ്യുമെന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. നേരത്തേ 2021 ജൂണ്‍ 30വരെ അനര്‍ഹര്‍ക്ക് സ്വമേധയാ കാര്‍ഡ് തിരിച്ചേല്പിക്കാന് അവസരം കൊടുത്തിരുന്നു. ജൂലൈ 18 മുതലാണ് ഇത്തരക്കാര്‍ക്ക് എതിരെ നടപടി എടുക്കാന്‍ തുടങ്ങിയത്. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സഹകരണ മേഖല ഉദ്യോഗസ്ഥരും പെന്‍ഷന്‍കാരും ആദായനികുതി അടക്കുന്നവര്‍ അടക്കം അനര്‍ഹമായി കാര്‍ഡുകള്‍ കൈവശം വെച്ചിരുന്നു. പിഴയൊടുക്കല്‍ കര്‍ശനമായി നടപ്പാക്കുകയാണെങ്കില്‍ ഗുണഭോകൃത പട്ടിക തീര്‍ത്തും ശുദ്ധീകരിക്കാനാവും