Mon. May 13th, 2024

തെരുവുനായശല്യം അടിയന്തരവും ശാശ്വതവുമായ പരിഹാരം വേണം ; കേരള യൂത്ത് ഫ്രണ്ട് (എം)

By admin Sep 8, 2022 #news
Keralanewz.com

കോട്ടയം : രൂക്ഷമായ തെരുവുനായ ശല്യം പരിഹരിക്കുന്നതിന് ശാശ്വതമായ പരിഹാരം അടിയന്തരമായി ഉണ്ടാവണമെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.കേരളത്തിലെ പൊതുജനാരോഗ്യപ്രശ്‌നങ്ങളുടെ പട്ടികയിൽ എണ്ണപ്പെടേണ്ട പ്രധാനപ്പെട്ട വെല്ലുവിളികളിൽ ഒന്നാണ് തെരുവുനായ്ക്കളുടെ അനിയന്ത്രിതമായ പെരുപ്പം. ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന സുപ്രസിദ്ധി ‘തെരുവുനായ്ക്കളുടെ നാട്’ എന്ന കുപ്രസിദ്ധിയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ആശങ്കയുയർത്തുന്ന സാഹചര്യമാണ് നിലവിൽ കേരളം നേരിടുന്നത്

തെരുവുനായ്ക്കളുടെ ആക്രമണത്തെ കുറിച്ചുള്ള വാർത്തകൾ പത്രമാധ്യമങ്ങളുടെ താളുകളിൽ ഇടം പിടിക്കാത്ത ദിവസങ്ങൾ ചുരുക്കമാണ്. മൃഗസംരക്ഷണവകുപ്പ് നടത്തിയ പുതിയ സെൻസസ് കണക്കുകൾ പ്രകാരം രണ്ടരലക്ഷത്തിലധികമാണ് കേരളത്തിൽ തെരുവ് നായ്ക്കളുടെ ഏകദേശ എണ്ണം. തെരുവിൽ അലക്ഷ്യമായി വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങൾ കഴിച്ച് പെറ്റു പെരുകി നാൾക്കുനാൾ ഇവയുടെ എണ്ണം കൂടി വരുന്നു. രാവും പകലുമില്ലാതെ പലയിടങ്ങളിലും നായ്ക്കൾ വിഹരിക്കുന്നു. പല തെരുവുകളും രാത്രി പൂർണമായും നായ്ക്കൾ കീഴടക്കുന്നു. കാൽനടയാത്രക്കാരെ കടിച്ച് പരിക്കേൽപ്പിക്കുക മാത്രമല്ല വാഹനമോടിക്കുന്നവരുടെ കുറുകെ ചാടി വീണു തെരുവുനായ്ക്കൾ അപകടമുണ്ടാക്കുകയും ചെയ്യുന്നു

സ്കൂൾ കുട്ടികൾ ഭയപ്പാടോടെ യാത്ര ചെയ്യേണ്ട സാഹചര്യമാണ് നിലവിൽ ഉളളത്.തെരുവുനായ്ക്കളെ നിർമാർജനം ചെയ്യുന്നതിനായി സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന എ.ബി.സി പദ്ധതി എത്രമാത്രം ഫലം ചെയ്തു എന്ന് പരിശോധിക്കണം . തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനും അവ ഉയർത്തുന്ന ഭീഷണി ഇല്ലാതാക്കുന്നതിനും ശാശ്വതവും ഫലപ്രദവുമായ പദ്ധതി നടപ്പിലാക്കണമെന്ന് കേരള യൂത്ത് ഫ്രണ്ട് (എം)ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു

എൽബി അഗസ്റ്റ്യൻ
പ്രസിഡന്റ്
കേരള യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മിറ്റി
9072269079

Facebook Comments Box

By admin

Related Post