Mon. May 20th, 2024

എം.പി. ലാഡ്സ്: 2.02 കോടി രൂപയുടെ പദ്ധതികൾ പൂർത്തീകരിച്ചു ; ജോസ് കെ. മാണി എം.പി

By admin Oct 1, 2022 #news
Keralanewz.com

കോട്ടയം: എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ചുള്ള (എം.പി. ലാഡ്സ്) വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് നിർദ്ദേശിച്ച പദ്ധതികൾക്ക് ഭരണാനുമതി നൽകുന്നതടക്കമുള്ള ആദ്യഘട്ട നടപടികൾ 75 ദിവസത്തിനുള്ളിൽ പൂർത്തീകരിക്കണമെന്ന് ജോസ് കെ. മാണി എം.പി. നിർദ്ദേശിച്ചു. എം.പിയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ചുള്ള പദ്ധതികളുടെ നിർവഹണ പുരോഗതി വിലയിരുത്താനായി കളക്‌ട്രേറ്റിൽ നടന്ന ഉദ്യോഗസ്ഥതല യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു എം.പി

2018 മുതലുള്ള പദ്ധതികളുടെ അവലോകനമാണ് നടന്നത്. ഭരണാനുമതി നൽകിയ 5.16 കോടി രൂപയുടെ 119 പ്രവർത്തികളിൽ 2.02 കോടിയുടെ 59 പദ്ധതികൾ പൂർത്തീകരിച്ചു.പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ വിവിധ വകുപ്പുകളുടെ ഏകോപനം വേണം. എല്ലാ മേഖലകളെയും സ്പർശിക്കുന്ന വിധത്തിലാണ് എം.പി. ലാഡ്സ് പദ്ധതികൾ നടപ്പാക്കുന്നത്. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം, കുടിവെള്ള പദ്ധതി, വൈദ്യുതി ലൈൻ ദീർഘിപ്പിക്കൽ, പട്ടികജാതി, പട്ടിക വർഗ ക്ഷേമപദ്ധതികൾ എന്നിവ സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി

നിലവിലുള്ള അനുകൂലമായ കാലാവസ്ഥയിൽ റോഡുകളുടെ നിർമാണം പൂർത്തിയാക്കണമെന്ന് ബ്ലോക്കുതല ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. എം.പി. ലാഡ്സിൽ ഉൾപ്പെടുത്തി കൊഴുവനാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് അനുവദിച്ച ആംബുലൻസ് ഉടനടി സേവനത്തിനായി ലഭ്യമാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.ജില്ലാ കളക്ടർ ഡോ. പി. കെ. ജയശ്രീ, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ വി. എൽ. ബിന്ദു, നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു

Facebook Comments Box

By admin

Related Post