Kerala News

വിജിലന്‍സിൻ്റെ മിന്നൽ പരിശോധന; കോട്ടയം ജില്ലയിലെ ജിയോളജി ഓഫിസില്‍ പൂഴ്ത്തി വച്ചിരുന്ന 315 ഫയലുകളും പിടിച്ചെടുത്തു

Keralanewz.com

കോട്ടയം: വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ കൈക്കൂലി ലഭിക്കാത്തതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി ജില്ലയിലെ ജിയോളജി ഓഫിസില്‍ പൂഴ്ത്തി വച്ചിരുന്ന 315 ഫയലുകളും പിടിച്ചെടുത്തു.

ജിയോളജി ഓഫീസര്‍ക്കു കൈക്കൂലിയായി നല്‍കുന്നതിനായി, കരാറുകാരന്‍ കൊണ്ടുവന്ന അയ്യായിരം രൂപയും പിടിച്ചെടുത്തു. ജിയോളജി ഓഫിസില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്നും, ഇടിനിലക്കാരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും വിജിലന്‍സ് എസ് പി വി ജി വിനോദ്കുമാറിനു പരാതിലഭിച്ചിരുന്നു.

ഇതേതുടര്‍ന്നു, വിജിലന്‍സ് സംഘം ചൊവ്വാഴ്ച രാവിലെ മുതല്‍ മിന്നല്‍ പരിശോധന നടത്തുകയായിരുന്നു. ഈ മിന്നല്‍ പരിശോധനയിലാണ് വന്‍ ക്രമക്കേടുകള്‍ കണ്ടെത്തിയത്. മണ്ണ് ഖനനത്തിന് അടക്കം പെര്‍മിറ്റ് അനുവദിക്കുന്നതില്‍ വലിയ ക്രമക്കേട് നടക്കുന്നതായി കണ്ടെത്തി.

പരാതികളും, അപേക്ഷകളും വച്ചു താമസിപ്പിക്കുന്നതായും, കൈക്കൂലി ലഭിച്ച ശേഷം മാത്രം ഈ പരാതികളില്‍ തീര്‍പ്പുണ്ടാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ നടത്തിയ പരിശോധനയില്‍ 315 ഓളം ഫയലുകള്‍ ഒരു വര്‍ഷത്തോളം വൈകിപ്പിച്ചതായി കണ്ടെത്തി. ഏഴു മാസം മുതല്‍ ഒരു വര്‍ഷം വരെ പല ഫയലുകളും മുക്കി വയ്ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജിയോളജിസ്റ്റിനെ കാണുന്നതിനായി നിരവധി ആളുകള്‍ ക്യൂ നില്‍ക്കുന്നുണ്ടായിരുന്നു.

ഇവരില്‍ ഒരാളുടെ പക്കല്‍ നിന്നും ഫയല്‍ നമ്പര്‍ രേഖപ്പെടുത്തിയ, കവറില്‍ നിന്നും അയ്യായിരം രൂപ പിടിച്ചെടുത്തു. ഈ തുക ജിയോളജിസ്റ്റിനു നല്‍കാന്‍ കൊണ്ടുവന്നതാണ് എന്നു കണ്ടെത്തിയ ശേഷം, ഈ തുക പിടിച്ചെടുത്തു.

ജിയോളജി ഓഫിസില്‍ ഏജന്റ് മുഖാന്തിരമാണ് ഇടപാടുകള്‍ നടക്കുന്നതെന്നു കണ്ടെത്തി. കൈക്കൂലി വാങ്ങുന്നതിനും, അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനും ഏജന്റ് തന്നെയാണ് മുന്‍കൈ എടുത്തിരുന്നത്. സാനിറ്റൈസര്‍ വാങ്ങാനെന്ന പേരില്‍ സമീപത്തെ ബേക്കറിയിലേയ്ക്കു പരാതിക്കാരെ പറഞ്ഞു വിടും. തുടര്‍ന്നു, 500 രൂപ ഇവിടെ നല്‍കുമ്പോള്‍ ഈ തുക വാങ്ങിവച്ച ശേഷം ചെറിയ പാക്കറ്റ് സാനിറ്റൈസര്‍ നല്‍കും.

വൈകിട്ട് ഏജന്റിന് 400 രൂപ കൈമാറുകയാണ് ചെയ്തിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

Facebook Comments Box