International News

മൃതദേഹങ്ങള്‍ കടലിലൂടെ ഒഴുകുന്നു, ദുരന്ത ഭൂമിയായി ഡെര്‍ന  മരണം 11,000 കടന്നു

Keralanewz.com

നപ്പോളി: വടക്കെ ആഫ്രിക്കൻ രാജ്യമായ ലിബിയയില്‍ മിന്നല്‍ പ്രളയത്തില്‍ മുങ്ങിയ തുറമുഖ നഗരമായ ഡെര്‍നയില്‍ മരിച്ചവരുടെ എണ്ണം 11,300 ആയെന്ന് ലിബിയൻ റെഡ് ക്രെസന്റ് സംഘടന അറിയിച്ചു.
5,100 പേര്‍ മരിച്ചെന്നാണ് കഴിഞ്ഞ ദിവസം പ്രാദേശിക ഭരണകൂടം അറിയിച്ചത്.

എന്നാല്‍, കെട്ടിടാവശിഷ്ടങ്ങള്‍ക്കിടെയില്‍ നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്ന പശ്ചാത്തലത്തില്‍ മരണസംഖ്യ 20,000 ത്തോളം എത്തിയേക്കാമെന്ന് മേയര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 10,000ത്തോളം പേരെ കാണാനില്ല. നഗരത്തിന്റെ പല ഭാഗങ്ങളിലും മരിച്ചവരെ കൂട്ടക്കുഴിമാടങ്ങളിലാണ് സംസ്കരിക്കുന്നത്.

ഞായറാഴ്ച രാത്രി, ഡാനിയേല്‍ കൊടുങ്കാറ്റും ശക്തമായ പേമാരിയും സൃഷ്ടിച്ച വെള്ളപ്പൊക്കത്തിനിടെ നഗരത്തിലെ രണ്ട് ഡാമുകള്‍ തകര്‍ന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. ഡാമിലെ ജലം സുനാമി പോലെ നഗരത്തെ മൂടി.
നിരവധി പേര്‍ കടലിലേക്ക് ഒഴുകിപ്പോയിരുന്നു. മൃതദേഹങ്ങള്‍ ഡെര്‍നയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള കടല്‍ത്തീരങ്ങളില്‍ വരെ ഒഴുകിയെത്തിയതായി റിപ്പോര്‍ട്ടുണ്ട്. നിലവില്‍ പകര്‍ച്ചവ്യാധികളുടെ ഭീതിയിലാണ് ഡെര്‍നയക്കമുള്ള കിഴക്കൻ ലിബിയൻ നഗരങ്ങള്‍.

അധികൃതരുടെ ഭാഗത്ത് നിന്ന് കൃത്യമായ മുന്നറിയിപ്പ് നല്‍കാതിരുന്നതാണ് മരണസംഖ്യ ഉയരാൻ കാരണമെന്ന് വിമര്‍ശനമുണ്ട്. ഇതേ പറ്റി അന്വേഷണത്തിനൊരുങ്ങുകയാണ് അധികൃതര്‍.

Facebook Comments Box