കന്നിമാസ പൂജ; ശബരിമല നട നാളെ തുറക്കും
പത്തനംതിട്ട :കന്നിമാസ പൂജകള്‍ക്കായി ശബരിമലയില്‍ നാളെ നടതുറക്കും. സെപ്റ്റംബര്‍ 17 വൈകുന്നേരും അഞ്ച് മണിക്കാണ് ക്ഷേത്ര നട തുറക്കുക.
മേല്‍ശാന്തി കെ ജയരാമന്‍ നമ്ബൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിയിക്കും. തുടര്‍ന്ന് ഗണപതി, നാഗര്‍ എന്നീ ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് മേല്‍ശാന്തി ദീപം തെളിയിക്കും. ഇതിന് ശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആഴിയില്‍ അഗ്നി പകരും. തുടര്‍ന്ന് കണ്ഠരര് മഹേഷ് മോഹനര് അയപ്പഭക്തര്‍ക്ക് വിഭൂതി പ്രസാദം നല്‍കും.
മാളികപ്പുറം മേല്‍ശാന്തി വി ഹരിഹരന്‍ നമ്ബൂതിരി മാളികപ്പുറം ക്ഷേത്ര നടതുറന്ന് ദീപങ്ങള്‍ തെളിയിക്കും. ഇതിന് ശേഷം മഞ്ഞള്‍പ്രസാദം ഭക്തര്‍ക്ക് നല്‍കും. സെപ്റ്റംബര്‍ 17-ന് ക്ഷേത്രത്തില്‍ പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല. 17-ന് രാത്രി അടയ്‌ക്കുന്ന തിരുനട കന്നി ഒന്നായ സെപ്റ്റംബര്‍ 18-ന് പുലര്‍ച്ചെ അഞ്ചിന് തുറക്കും. നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും.
5.30-ന് മഹാഗണപതി ഹോമവും ഇതിന് ശേഷം നെയ്യഭിഷേകവും നടക്കും. അഞ്ച് ദിവസത്തെ പൂജകള്‍ പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ 22-ന് രാത്രി പത്ത് മണിക്ക് നട അടക്കും.