5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന് തികഞ്ഞ വിജയ പ്രതീക്ഷ: രമേശ് ചെന്നിത്തല
തിരുവനന്തപുരം: 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തികഞ്ഞ വിജയ പ്രതീക്ഷയെന്ന് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല.
ഒരുക്കങ്ങള്‍ ഇന്ന് ചേരുന്ന പ്രവര്‍ത്തക സമിതി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ തകര്‍ച്ച സംഭവിക്കും. ഈ നിര്‍ബന്ധ ബുദ്ധിയോടെ പ്രവര്‍ത്തിക്കും. ഇൻഡ്യ മുന്നണിയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാൻ സമയമുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നാല് സംസ്ഥാനങ്ങളില്‍ മുൻ കാലത്തെ പോലെ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. നക്സല്‍ ബാധിത പ്രദേശങ്ങളുള്ള ഛത്തീസ്ഗഡില്‍ സുരക്ഷ കണക്കിലെടുത്ത് രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടക്കാനാണ് സാധ്യത.
അഞ്ച് സംസ്ഥാനങ്ങളിലെയും പോളിംഗ് തീയതികള്‍ വ്യത്യസ്തമായിരിക്കാം. എന്നാല്‍ വോട്ടെണ്ണല്‍ ഒരുമിച്ച് നടക്കും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി രാജസ്ഥാന്‍, മിസോറാം, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തി. 5 സംസ്ഥാനങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനോടകം തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.