Sat. Apr 27th, 2024

പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലന്‍ ഷുഹൈബ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

By admin Nov 8, 2023 #police
Keralanewz.com

കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലന്‍ ഷുഹൈബിനെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത അളവില്‍ ഉറക്കഗുളിക കഴിച്ച നിലയില്‍ ഫ്‌ളാറ്റില്‍ കണ്ടെത്തുകയായിരുന്നു.അലന്‍ ഷുഹൈബിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

കൊച്ചി ഇടച്ചിറ എന്ന സ്ഥലത്തെ ഫ്‌ളാറ്റിലാണ് ഷുഹൈബിനെ അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അലന്‍ ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. തന്നെ കൊല്ലുന്നത് ഇവിടുത്തെ സിസ്റ്റമാണെന്ന് ആരോപിച്ച്‌ അലന്‍ സുഹൃത്തുക്കള്‍ക്ക് വാട്‌സാപ്പിലൂടെ കത്ത് അയച്ചിരുന്നതായി കണ്ടെത്തി. ഇത് ഉള്‍പ്പെടെ ഒട്ടേറെ ആരോപണങ്ങള്‍ ഉന്നയിച്ചുള്ള ദീര്‍ഘമായ കത്താണ് അയച്ചിരിക്കുന്നത്.

നിരോധിത പ്രവര്‍ത്തനം തടയല്‍ നിയമത്തിലെ (യുഎപിഎ) സിപിഎം നിലപാടു മാറ്റത്തിലൂടെയാണ് പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ് ചര്‍ച്ചയായത്. 2019 നവംബര്‍ ഒന്നിനാണ് സിപിഎം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്.

സിപിഎം ജില്ലാ ഘടകത്തിലെ ഒരു വിഭാഗം, വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായി രംഗത്തെത്തിയെങ്കിലും മുഖ്യമന്ത്രി തന്നെ തള്ളിപ്പറഞ്ഞതോടെ മറ്റു വഴിയില്ലാതായി. ഇരുവരെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. യുഎപിഎ ചുമത്തിയതിനാല്‍ കേസ് എന്‍ഐഎ ഏറ്റെടുത്തു. ഇതിനെതിരെ സര്‍ക്കാര്‍ കത്തു നല്‍കിയെങ്കിലും ഫലമുണ്ടായില്ല. 10 മാസത്തെ ജയില്‍വാസത്തിനു ശേഷം സെപ്റ്റംബര്‍ 9ന് അലനും താഹയ്ക്കും എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചു. ഇരുവര്‍ക്കുമെതിരെ അന്വേഷണ ഏജന്‍സികള്‍ ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം തള്ളിക്കൊണ്ടായിരുന്നു കോടതി ജാമ്യം നല്‍കിയത്. ഇരുവരും മാവോയിസ്റ്റ് ആശയങ്ങളില്‍ ആകര്‍ഷിക്കപ്പെട്ടിരിക്കാം എന്നല്ലാതെ മാവോയിസ്റ്റ് സംഘടനയുമായോ ഏതെങ്കിലും ഭീകരപ്രവര്‍ത്തനവുമായോ ബന്ധമുണ്ടെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നു വിധിയില്‍ വ്യക്തമാക്കിയിരുന്നു.

Facebook Comments Box

By admin

Related Post