Sun. Apr 28th, 2024

ഐ.സി.യു പീഡനക്കേസില്‍ അതിജീവിതയെ ഭീഷണിപ്പെടുത്തല്‍: ഗുരുതര സുരക്ഷാവീഴ്ചയെന്ന് ഡി.എം.ഇ

By admin Nov 21, 2023
Keralanewz.com

കോഴിക്കോട്: ഐ.സി.യു പീഡനക്കേസില്‍ അതിജീവിതയെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയ കേസില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായെന്ന് ഡി.എം.ഇ (ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജുക്കേഷൻ) റിപ്പോര്‍ട്ട്.

സെക്യൂരിറ്റി, സി.സി.ടി.വി സംവിധാനങ്ങളില്‍ ഗുരുതരവീഴ്ച സംഭവിച്ചിട്ടുണ്ട്. വാര്‍ഡിന്‍റെ ചുമതലയില്ലാത്ത ജീവനക്കാര്‍ വാര്‍ഡിലെത്തി പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്ന അവസ്ഥയുണ്ടായി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാൻ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം.

എല്ലാ വാര്‍ഡുകളും വ്യക്തമായി കാണുന്ന രീതിയില്‍ സി.സി.ടി.വി സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഡി.എം.ഇ മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് നല്‍കിയ ഉത്തരവില്‍ പറയുന്നു. സ്ത്രീകളായ രോഗികളെ റിക്കവറി റൂമില്‍ നിന്ന് മാറ്റുന്നതില്‍നിന്ന് പുരുഷജീവനക്കാരെ നിര്‍ബന്ധമായും ഒഴിവാക്കണം. ഇക്കാര്യങ്ങളില്‍ നടപടി സ്വീകരിച്ച്‌ ഉടൻ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കേസില്‍ മുഖ്യപ്രതിയായ അറ്റൻഡര്‍ എം.കെ. ശശീന്ദ്രനെതിരായ പരാതിയില്‍നിന്ന് പിന്മാറാൻ മെഡിക്കല്‍ കോളജിലെ അഞ്ചു വനിതാജീവനക്കാര്‍ ഭീഷണിപ്പെടുത്തെയെന്നായിരുന്നു പരാതി.

കേസില്‍ പ്രതികളുടെ സസ്പെൻഷൻ കഴിഞ്ഞ ദിവസം പിൻവലിച്ച്‌ കോട്ടം, തൃശൂര്‍ മെഡിക്കല്‍ കോളജുകളിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഗ്രേഡ് 2 അറ്റൻഡന്റ് വി.ഇ. ഷൈമ, ഗ്രേഡ് വണ്‍ അറ്റൻഡര്‍ വി. ഷലൂജ, നഴ്സിങ് അസിസ്റ്റന്റ് പ്രസീത മനോളി എന്നിവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും ഗ്രേഡ് വണ്‍ അറ്റൻഡര്‍മാരായ ഷൈനി ജോസ്, എം.കെ. ആസിയ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്കുമാണ് സ്ഥലംമാറ്റിയത്. കൂടാതെ ആസിയയുടെ ശമ്ബളവര്‍ധന ആറുമാസത്തേക്ക് തടഞ്ഞുവെക്കാനും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരുന്നു.

സസ്പെൻഷനിലായ പ്രതികളെ അന്വേഷണം പൂര്‍ത്തിയാവുന്നതിന് മുമ്ബ് സര്‍വിസില്‍ തിരിച്ചെടുത്ത മുൻ പ്രിൻസിപ്പലിന്‍റെ നടപടി ഏറെ വിവാദമായിരുന്നു. പിന്നീട് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് നേരിട്ട് ഇടപെട്ട് നടപടി പിൻവലിപ്പിക്കുകയും സംഭവത്തില്‍ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം നടത്തുകയുമായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തൈറോയ്ഡ് ശസ്ത്രക്രിയക്ക് വിധേയയായ യുവതിയെ സര്‍ജിക്കല്‍ ഐ.സി.യുവില്‍ വെച്ച്‌ അറ്റൻഡര്‍ ശശീന്ദ്രൻ പീഡിപ്പിച്ചെന്നാണ് കേസ്. ശശീന്ദ്രനെതിരായ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ ഭരണാനുകൂല സംഘടനാനേതാവായ പ്രതിയെ സംരക്ഷിക്കാൻ ശ്രമംനടന്നത് ശക്തമായ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

Facebook Comments Box

By admin

Related Post